ഝാര്‍ഗ്രം(ബംഗാള്‍): നുഴഞ്ഞുകയറ്റക്കാരെ കുടിയിരുത്തി ബംഗാളിന്റെ തനിമ തകര്‍ക്കുകയാണ് മമത സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ജനങ്ങളും ബംഗാളിന്റെ തനിമയും അപകടത്തിലാണ്. മുഴുവന്‍ രാജ്യവും ബംഗാളിനെ ഓര്‍ത്ത് ആശങ്കയിലാണ്. എല്ലാ ദിവസവും ഇവിടെ അക്രമങ്ങള്‍ നടക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുന്നു. കലാപങ്ങള്‍ നിത്യസംഭവമാകുന്നു. ഗോത്രവര്‍ഗജനതയുടെ സ്വത്വത്തെ തകര്‍ക്കുന്ന തൃണമൂല്‍ സര്‍ക്കാര്‍ സ്വന്തം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. ഝാര്‍ഗ്രമില്‍ എന്‍ഡിഎ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തൃണമൂലുകാര്‍ നുഴഞ്ഞുകയറ്റക്കാരെ വിളിച്ചുകയറ്റുകയാണ്. അവര്‍ ഇവിടെ വന്ന് ദളിതരുടെയും ഗോത്രവര്‍ഗ ജനതയുടെയും ഭൂമി കൈയേറുന്നു. ബംഗാള്‍ അതിര്‍ത്തിയില്‍ ജനസംഖ്യ കുറഞ്ഞിരിക്കുന്നു. കോണ്‍ഗ്രസും തൃണമൂലും നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഐഡി കാര്‍ഡുകള്‍ നല്‍കാനുള്ള ഓട്ടത്തിലാണ്, മോദി പറഞ്ഞു.
കോണ്‍ഗ്രസ് മുങ്ങിയ കപ്പലാണ്, തൃണമൂല്‍ ഓട്ട വീണ കപ്പലും. ബംഗാളിലെ ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യില്ല. അതിന് അവര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ബിജെപിയെ അസഭ്യം പറയുകയുമാണ്, മോദി ചൂണ്ടിക്കാട്ടി.
അഴിമതിയാണ് തൃണമൂല്‍ സര്‍ക്കാരിന്റെ മുഖമുദ്ര. പണം തരൂ, പണി തരാം എന്നാണ് ഈ സര്‍ക്കാര്‍ യുവാക്കളുടെ തൊഴിലിന്റെ കാര്യത്തിലെടുത്ത നിലപാട്. അവര്‍ സര്‍ക്കാര്‍ ജോലികള്‍ ലേലം ചെയ്ത് വില്‍ക്കുകയാണ്.
കോണ്‍ഗ്രസ് പൂര്‍ണമായും വര്‍ഗീയ പാര്‍ട്ടിയാണ്. പത്ത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഷെഹ്സാദ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ കണ്ടു. മുസ്ലീങ്ങള്‍ക്ക് സംവരണം നല്കുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ വര്‍ഗീയതയാണ് പറയുന്നത്. അവര്‍ ഭരണഘടനയ്ക്കെതിരാണ് പറയുന്നത്. അവര്‍ ജാതി വാദികളാണ്. അവര്‍ കുടുംബാധിപത്യത്തിന് വേണ്ടി നില്‍ക്കുന്നവരാണ്. ഇവരാണ് മോദിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് തെരയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: