ടെഹ്റാന്: ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യമന്ത്രി ഹുസൈന് അമിര് അബ്ദുള്ളാഹിയന്റെയും മരണത്തിന് കാരണമായ അപകടത്തിലെ ഹെലിക്കോപ്റ്റര് കാലഹരണപ്പെട്ടതെന്ന് റിപ്പോര്ട്ട്. ബെല് 212 ഹെലികോപ്റ്ററിന്റെ സുരക്ഷാവീഴ്ചകള് മുന്പു തന്നെ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഫ്ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ കണക്കുകളനുസരിച്ച് എട്ടു മാസം മുന്പും ഒരു ബെല് ഹെലികോപ്റ്റര് അപകടത്തില്പ്പെട്ടിരുന്നു. ഇബ്രാഹിം റെയ്സിയും ഹുസൈന് അമിര് അബ്ദുള്ളാഹിയനും കൂടാതെ ഏഴ് പേര് കൂടി ഹെലിക്കോപ്റ്ററിലുണ്ടായിരുന്നു.
ഇറാന് സൈന്യത്തിന്റെ പക്കലുള്ള ഹെലിക്കോപ്റ്ററുകളില് പലതും കാലഹരണപ്പെട്ടവയാണ്. ഇവയുടെ അറ്റകുറ്റപ്പണികള് നടത്താനും പുതിയത് വാങ്ങാനും ഇറാന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതുകൊണ്ടാണ് സുരക്ഷാപ്രശ്നങ്ങളുള്ള ബെല് 212 തുടര്ന്നും ഉപയോഗിച്ചതെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്.
ബെല് 212 ഹെലിക്കോപ്റ്ററുകള്ക്ക് കൂടുതല് ഭാരം വഹിക്കാനുള്ള ശേഷിയും ഡബിള് എഞ്ചിന് സൗകര്യങ്ങളുമുണ്ട്. എന്നാല് പലപ്പോഴും ഇതിന്റെ രണ്ടാമത്തെ എഞ്ചിന് തകരാറിലാകും. കഴിഞ്ഞ സപ്തംബറില് ബെല് 212 യുഎഇ തീരത്ത് തകര്ന്നുവീണിരുന്നു. അന്ന് ആളപായമുണ്ടായിരുന്നില്ല. 2018ലും സമാനസംഭവമുണ്ടായി. നാലുപേര് മരിച്ചതായി ഫ്ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. 1978 ജൂണ് മൂന്നിന് അബുദാബിയിലുണ്ടായ ബെല് 212 ഹെലിക്കോപ്റ്റര് അപകടത്തില് 15 പേരാണ് മരിച്ചത്.
ഞായറാഴ്ച ബെല് 212 അപകടത്തില്പ്പെടുന്നതിന് മണിക്കൂറുകള് മുമ്പുള്ള വീഡിയോ ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ട്. ഹെലിക്കോപ്റ്ററിന്റെ ജനലിലൂടെ പുറം കാഴ്ചകള് ആസ്വദിച്ചിരിക്കുന്ന റെയ്സിയെ ദൃശ്യങ്ങളില് കാണാം. ഒപ്പം വിദേശകാര്യമന്ത്രിയും മറ്റ് സംഘാംഗങ്ങളുമുണ്ട്. റെയ്സിക്ക് എതിര്വശത്തായാണ് ഹുസൈന് അമീര് അബ്ദുള്ളഹിയനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: