പുരാതന പുണ്യനഗരമായ പുരിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച് പതിനായിരങ്ങളാണ് മോദിയെ വരവേല്‍ക്കാന്‍ പുരിയുടെ തെരുവില്‍ എത്തിയത്. സാക്ഷാല്‍ ജഗന്നാഥന്റെ രഥോത്സവത്തിനെത്തിച്ചേരുന്ന ജനാവലിയുടെ ആവേശമായിരുന്നു ജനനായകനെ വരവേല്‍ക്കാന്‍ നഗരത്തില്‍ ദൃശ്യമായത്. പുരിയിലെ റോഡ്ഷോയില്‍ ലഭിച്ച ആവേശകരമായ വരവേല്പിന് മോദി എക്‌സിലൂടെ നന്ദി പറഞ്ഞു.
കൊടുംചൂടിനെ വകവയ്‌ക്കാതെ റാലിയില്‍ അണിനിരന്ന പുരിയുടെ ജനാവലി വലിയ ആവേശമാണ് നല്കുന്നതെന്ന് മോദി പറഞ്ഞു. ‘നന്ദി, പുരി. ഈശ്വരസാന്നിധ്യമുള്ള, ഈ സാംസ്‌കാരിക നഗരിയെ ഞാന്‍ നന്ദിയോടെ വണങ്ങുന്നു. ഈ അനുഗ്രഹങ്ങള്‍ മറക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ഇതെന്നെ പ്രേരിപ്പിക്കുന്നു, മോദി കുറിച്ചു. പുരിയിലെ പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു.
ഗുജറാത്തില്‍ സോമനാഥന്റെ മണ്ണില്‍ നിന്ന് പുരിയില്‍ ജഗന്നാഥന്റെ മണ്ണിലെത്തിയത് ജനങ്ങളുടെ അനുഗ്രഹം തേടിയാണെന്ന് മോദി ധെന്‍കനലില്‍ ചേര്‍ന്ന മഹാറാലിയിലെ പ്രസംഗത്തില്‍ പറഞ്ഞപ്പോഴും ജനങ്ങള്‍ ഭാരത് മാതാ കി ജയ് വിളികളോടെ അതേറ്റെടുത്തു.
പുരിയില്‍, ധെന്‍കനലില്‍, കട്ടക്കില്‍…. പകലിന്റെ ആദ്യപകുതിയില്‍ത്തന്നെ ഒഡീഷ മോദിച്ചൂടില്‍ തിളച്ചു. എല്ലാവരിലും എല്ലായിടത്തും മോദി എന്ന ആരവം മാത്രം….
നാനൂറിലേറെ സീറ്റുമായി മൂന്നാമതും മോദി സര്‍ക്കാര്‍ എന്നത് മാത്രമല്ല, ഒഡീഷയുടെ ചരിത്രത്തിലാദ്യമായി ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്നതും ഒഡിയ ജനതയുടെ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധെന്‍കനലില്‍ റാലിയെ അഭിവാദ്യം ചെയ്ത് പറഞ്ഞു. എല്ലാ വീടുകളിലും ഈ മന്ത്രമുയരണം. 25 വര്‍ഷം നിങ്ങള്‍ ബിജെഡിക്ക് നല്കി. അവര്‍ ഇക്കാലം കൊണ്ട് തിരിച്ചെന്ത് നല്കിയെന്ന് ചിന്തിക്കണം, ധെന്‍കനലില്‍ പുരി ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംബിത് പാത്രയ്‌ക്ക് വോട്ട് തേടി മോദി പറഞ്ഞു.
ജനങ്ങളുടെ ഭൂമിയും മണ്ണും ഖനി മാഫിയയ്‌ക്ക് തീറെഴുതിയവരാണ് ഒഡീഷയിലെ ബിജുജനതാദള്‍ സര്‍ക്കാരെന്ന് മോദി കട്ടക്കിലെ റാലിയില്‍ കുറ്റപ്പെടുത്തി. മണ്ണ് മാഫിയയും ഭൂമി മാഫിയയും കല്‍ക്കരി മാഫിയയും ഖനി മാഫിയയുമാണ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിയുടെ മുന്നേറ്റം കണ്ട് ഭയന്ന് ഒഡിയ മാധ്യമങ്ങള്‍ സംസ്ഥാനത്ത് തൂക്ക് നിയമസഭയുണ്ടാകുമെന്ന് പ്രവചിച്ചു തുടങ്ങിയിരിക്കുന്നു. നേരത്തെ ബിജെപിയെ അവഗണിച്ചവരാണ് ഇപ്പോള്‍ ഇത്തരത്തില്‍ മാറിയിരിക്കുന്നത്. ഇതാദ്യമായി ഒഡീഷയ്‌ക്ക് ബിജെപി മുഖ്യമന്ത്രിയെ ലഭിക്കാന്‍ പോകുന്നു എന്നതാണ് വാസ്തവം, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: