മുംബൈ: വോട്ടിംഗ് ശതമാനം നേരിയ തോതിലേ കുറഞ്ഞിട്ടുള്ളൂ എന്നും ഈ കുറവ് ഒരിയ്ക്കലും ബിജെപിയുടെ വിജയത്തെ ബാധിക്കില്ലെന്നും ആഗോള ധനകാര്യ സ്ഥാപനമായ നോമുറ ഉള്‍പ്പെടെയുള്ള ആഗോള ധനകാര്യ സ്ഥാപന വിദഗ്ധര്‍. വിവിധ രാജ്യങ്ങളില്‍ ഭരണം, ഭരണമാറ്റം, തെരഞ്ഞെടുപ്പ് ഇതെല്ലാം കൃത്യമായി വിലയിരുത്തുന്നവരാണ് ആഗോള ധനകാര്യ സ്ഥാപനങ്ങള്‍. കാരണം ഭരണമാറ്റമുണ്ടായാലുള്ള ധനനയങ്ങളിലെ മാറ്റം ഈ സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചേക്കുമെന്നതിനാലാണ് ഗവേഷണസ്വഭാവത്തോടെ ഇത്തരം സ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പുകളെ വിശകലനം ചെയ്യുന്നത്.
2019നേക്കാള്‍ വോട്ട് ശതമാനം 2024ല്‍ കുറഞ്ഞെന്നും അത് മോദി സര്‍ക്കാരിനെതിരായ ട്രെന്‍ഡ് ആണെന്നും പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിനെതിരെ ഓഹരി വിപണിയിലെ വിദഗ്ധര്‍ ആഞ്ഞടിക്കുന്നു.
അഭിപ്രായവോട്ടെടുപ്പ് സര്‍വ്വേയില്‍ പറഞ്ഞ 410 സീറ്റുകള്‍ നേടിയില്ലെങ്കിലും 2019ലെ 303 എന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടുമെന്ന് ആന്‍റിക് സ്റ്റോക് ബ്രോക്കിംഗ് പറയുന്നു. ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ബിജെപിയ്‌ക്കെതിരായ ട്രെന്‍ഡ് ആണ് എന്ന പ്രചാരണം വ്യാജമാണെന്നും ആഗോള ധനകാര്യ സ്ഥാപനമായ നോമുറ വിലയിരുത്തുന്നു. നാല് ഘട്ടം കഴിഞ്ഞപ്പോള്‍ 66.9 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം. ഇത് 2019ലെ 67.4 എന്ന വോട്ടിംഗ് ശതമാനത്തേക്കാള്‍ അല്‍പം മാത്രമേ കുറഞ്ഞിട്ടുള്ളൂവെന്നും നോമുറ പറയുന്നു. മുന്‍പ് വോട്ടിംഗ് ശതമാനം കുറഞ്ഞപ്പോള്‍ അധികാരത്തില്‍ ഇരുന്നവര്‍ മാറി എന്നര്‍ത്ഥമില്ല. പലപ്പോഴും വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടും അധികാരത്തിലിരിക്കുന്നവര്‍ തുടര്‍ഭരണം നേടിയിട്ടുണ്ടെന്നും നോമുറ വാദിക്കുന്നു.
“എന്തായാലും അഭിപ്രായ വോട്ടെടുപ്പിലെ നിഗമനം ശരിയാണ്. ബിജെപി അധികാരത്തില്‍ എത്തും. ബിജെപി കേവല ഭൂരിപക്ഷം നേടും. ഇത് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് തുടര്‍ച്ച കൊണ്ടുവരും. സ്ഥൂല സാമ്പത്തിക ഘടകങ്ങളായ ജിഡിപി, നാണ്യപ്പെരുപ്പം,വിനിമയനിരക്ക്, വ്യവസായ ഉല‍്പാദനം എന്നിവ മെച്ചപ്പെടും.” – നോമുറയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.
ബിജെപി 272 എന്ന മാജിക് നമ്പറില്‍ എത്തി ഭരണസ്ഥിരത ഉറപ്പാക്കലാണ് പ്രായോഗികമായ ആവശ്യമെന്ന് ആഗോള ധനകാര്യസ്ഥാപനമായ ഇന്‍വെസ്റ്റടെക് ബാങ്ക് പറയുന്നു. “303നേക്കാള്‍ കൂടുതല്‍ സീറ്റ് നേടിയാല്‍ ബിജെപി രാജ്യത്ത് കൂടുതല്‍ ആഴത്തില്‍ വേരുപടര്‍ത്തി എന്നാണര്‍ത്ഥം”. -ഇന്‍വെസ്റ്റടെക് ബാങ്ക് അഭിപ്രായപ്പെടുന്നു.
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒരു ശതമാനം വളര്‍ച്ച നേടിയ മെയ് മാസത്തില്‍ ഇതുവരെ അല്‍പം താഴേക്ക് വീണിരുന്നു. പക്ഷെ ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് സാമ്പത്തിക-നിക്ഷേപവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2004ല്‍ വോട്ടിംഗ് ശതമാനം കുറഞ്ഞപ്പോള്‍ ബിജെപി തോറ്റുപോയെന്ന പ്രചാരണമാണ് ഇന്ത്യാമുന്നണി അഴിച്ചുവിടുന്നത്. എന്നാല്‍ ഇപ്പോഴത്തെ വോട്ടിംഗ് ശതമാനവും ജയസാധ്യതയും തമ്മില്‍ ചേര്‍ത്ത് വെച്ച് നോക്കുമ്പോള്‍ ബിജെപിയുടെ വിജയസാധ്യതയാണ് തെളിയുന്നതെന്നും അതിനാല്‍ 2004 ആവര്‍ത്തിക്കില്ലെന്നും ആന്‍റിക് സ്റ്റോക്ക് ബ്രോക്കിംഗ് പറയുന്നു. അതുപോലെ തുല്യഎതിരാളികള്‍ തമ്മിലല്ല മത്സരം എന്നതും വോട്ടിംഗ് ശതമാനം കുറയ്‌ക്കാമെന്നും ആന്‍റിക് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനം പറയുന്നു. വാതുവെപ്പുകാരുടെ ഇടയിലും മോദി സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തില്‍ വരുമെന്ന പ്രവചനത്തിനാണ് മുന്‍തൂക്കം.
“2019ന് ശേഷം ആറ് കോടി പുതിയ വോട്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ 2 കോടി വോട്ടര്‍മാര്‍ 18ന് വയസ്സ് പൂര്‍ത്തിയാക്കിയ പുതിയ കൗമാരക്കാരാണ്. ഇവരുടെ വോട്ടുകള്‍ കൂടി കണക്കിലെടുത്താല്‍ ആകെ വോട്ടിംഗ് ശതമാനം കുറയുകയല്ല, കൂടുകയാണ് ചെയ്തത്. മൂന്ന് ഘട്ടത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം വോട്ടിംഗ് ശതമാനം വെറും 66 ശതമാനം മാത്രമാണെങ്കിലും 2019നേക്കാള്‍ കൂടുതലാണ് വോട്ട് ചെയ്തവര്‍. പുതുതായി 2.47 കോടി പേര്‍ വോട്ടു ചെയ്തു എന്നാണര്‍ത്ഥം. “- ഫ്രാന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള ധനകാര്യ സേവന ഭീമനായ സൊസൈറ്റ് ജനറലെ ഗ്രൂപ്പിലെ വിദഗ്ധന്‍ ബേണ്‍സ്റ്റീന്‍ പറയുന്നു.
“മാത്രമല്ല, വോട്ടിംഗ് ശതമാനം അഞ്ച് ശതമാനത്തില്‍ അധികം കുറഞ്ഞാല്‍ മാത്രമേ ഭയപ്പെടാനുള്ളൂ. വോട്ടിംഗ് ശതമാനം 2019നേക്കാള്‍ അഞ്ച് ശതമാനം കുറയുകയും ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമാവുകയും ചെയ്താല്‍ മാത്രമേ ഭരണമാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. എന്തായാലും ഈ രണ്ടുഘടകങ്ങളില്‍ രണ്ടും ഇപ്പോഴില്ല”. – ബേണ്‍സ്റ്റീന്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: