പത്തനംതിട്ട: പവന് 55,000 രൂപയും കടന്ന് കേരളത്തിലെ സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍. 50 രൂപ വര്‍ധിച്ച് ഗ്രാമിന് 6,890 രൂപ ആയതോടെ 22 കാരറ്റ് സ്വര്‍ണം ഒരു പവന്റെ വില 55,120 രൂപയായി. ഈ വര്‍ഷം മാര്‍ച്ചിലാണ് സ്വര്‍ണ വില പവന് 50,000 രൂപ കടന്നത്. രണ്ടു മാസത്തെ ഇടവേളയിലാണ് വില 55,000 കടന്നു കുതിക്കുന്നത്. ഇതിനു മുമ്പ് കേരളത്തില്‍ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് മെയ് 18ന് ആയിരുന്നു. പവന് 54,720 രൂപ എന്ന ഉയര്‍ന്ന വിലയാണ് മൂന്നു ദിവസംകൊണ്ട് തകര്‍ന്നത്.
24 കാരറ്റ് തനിത്തങ്കം ഒരു ഗ്രാമിന് 7,516 രൂപയും നൂറു ഗ്രാമിന്റെ തങ്കക്കട്ടിക്ക് 7,51,600 രൂപയും ആയിരുന്നു ഇന്നലത്തെ വില. തൊട്ടു മുന്‍ദിവസത്തേക്കാള്‍ ഗ്രാമിന് 54 രൂപയുടെ വര്‍ധന. അതേസമയം യുവതലമുറയ്ക്ക് പ്രിയം ഏറെയുള്ള 18 കാരറ്റ് സ്വര്‍ണത്തിനും ഇന്നലെ ഗ്രാമിന് 40 രൂപ കൂടി. 5,740 രൂപയാണ് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നലത്തെ വില. ഒരു പവന് 45,920 രൂപ.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുതിക്കുകയാണ്. ഔണ്‍സിന്(28.45 ഗ്രാം) 2,444.55 ഡോളര്‍ ആണ് ഇന്നലത്തെ വില. ഇതും സര്‍വകാല റിക്കാര്‍ഡാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ സമ്പന്നരായ ആളുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വന്‍തോതില്‍ തങ്കക്കട്ടികള്‍ വാങ്ങുന്നതും അന്താരാഷ്ട്രതലത്തില്‍ വില ഉയര്‍ത്തുന്ന ഘടകമാണ്.
ഹെലിക്കോപ്റ്റര്‍ ദുരന്തത്തില്‍ ഇറാന് പ്രസിഡന്റ് മരണമടഞ്ഞ സാഹചര്യത്തില്‍ ഇസ്രായേല്‍-ഇറാന്-പാലസ്തീന് സംഘര്‍ഷം കനക്കുമെന്ന രീതിയില്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ചര്‍ച്ചകളും റഷ്യ- ഉക്രൈന് സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതും ഭാരതത്തിലും ചൈനയിലും സ്വര്‍ണത്തിന്റെ ആഭ്യന്തര ഉപഭോഗം കൂടുന്നതും എല്ലാം വില പുതിയ ഉയരങ്ങളിലെത്താന്‍ കാരണമായിട്ടുണ്ട്.
ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് വെള്ളി വിലയും ഇന്നലെ സര്‍വകാല റിക്കാര്‍ഡില്‍ എത്തി. ഗ്രാമിന് 97 രൂപയാണ് ഇന്നലെ വെള്ളി വില. ഒരു കിലോ വെള്ളി ഇറക്കുമതി ചെയ്യാന്‍ ഇപ്പോള്‍ ഒരു ലക്ഷം രൂപയില്‍ അധികം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: