കോട്ടയം: ആയിരത്തിനുമേല്‍ കടന്ന കൊക്കോ കുരുവിന്റെ വില പൊടുന്നനെ 620 ലേക്ക് താഴ്ന്നത് കര്‍ഷകരെ നിരാശയിലാഴ്ത്തി. കൊക്കോ ക്ഷാമം മൂലം ചോക്ലേറ്റ് വിപണി തന്നെ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് കൊക്കോയുടെ വില അനുദിനം വര്‍ദ്ധിച്ചത്. എന്നാല്‍ അതേപോലെതന്നെ വില ഇപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പച്ച കൊക്കോ കുരുവിന് 340 വരെ ഉയര്‍ന്നത് ഇപ്പോള്‍ 200ലേക്ക് താഴ്ന്നു.
കൊക്കോ ഡിമാന്‍ഡ് ഉയര്‍ന്നുവെങ്കിലും ഇടുക്കിയിലെയും മറ്റും കര്‍ഷകരുടെ കയ്യില്‍ കാര്യമായി സ്റ്റോക്ക് ഉണ്ടായിരുന്നില്ല. ചരക്ക് അതതു സമയത്ത് വിറ്റഴിക്കുന്ന സ്വഭാവമാണ് ഈ മേഖലയിലെ കര്‍ഷകര്‍ക്ക് വിനയായത്. എങ്കിലും ഇവര്‍ വില ഉയര്‍ച്ചയെ പ്രതീക്ഷയോടെയാണ് കണ്ടത് . കൂടുതല്‍ പേര് കൃഷിയിലേക്ക് തിരിയാനുള്ള പ്രേരണയായി മാറുകയും ചെയ്തു. എന്നാല്‍ ഈ പ്രതീക്ഷ അധികകാലം നീണ്ടുനിന്നില്ല. മഴക്കാലമായതോടെ റബറിന്റെ ഇടവിളയായി കൊക്കോ നടുന്നതിനെക്കുറിച്ച് കര്‍ഷകര്‍ ആലോചിക്കുകയായിരുന്നു. എന്നാലിപ്പോള്‍ വിലയിലെ അനിശ്ചിതത്വം കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
കയറ്റുമതിയിലെ ഏറ്റക്കുറിച്ചിലുകളാണ് വിലയെ ബാധിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊക്കോക്ഷാമം മൂലം കയറ്റുമതിക്ക് ആവശ്യമായ ലോഡ് ലഭ്യമായിരുന്നില്ല. അതിനാല്‍ വില ഉയര്‍ന്നു. എന്നാല്‍ ആവശ്യമായ ലോഡ് ലഭിച്ചതോടെ വില താഴുകയുമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ഏതായാലും പുതുതായി കൊക്കോ കൃഷിയിലേക്ക് തിരിയാന്‍ കാത്തിരുന്നവര്‍ തത്കാലം ആ വഴിക്കില്ലെന്ന നിലപാടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: