കൊച്ചി: അവയവദാനത്തിനായി ഇറാനിലേക്ക് ആളുകളെ കടത്തുന്ന കേസിൽ അറസ്റ്റിലായ സാബിത്ത് നാസറില്‍ നിന്നും വൃക്കയും മറ്റും എടുത്തുമാറ്റപ്പെട്ട 20 പേരുടെ കൂടി വിവരങ്ങള്‍ കിട്ടിയതായി അറിയുന്നു.ചോദ്യം ചെയ്യലില്‍ ഇയാള്‍ ഈ പേര് വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് അറിയുന്നത്.
മനുഷ്യക്കടത്തിന് ഇരയായവരിൽ ഒരാൾ പാലക്കാട് സ്വദേശിയായ മലയാളിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അവയവക്കടത്തിന് ഇരയായ ഉത്തരേന്ത്യൻ സ്വദേശികളായ 20 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയതായി അറിയുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ കാരണം അവയവദാതാവ് ആകാൻ സ്വയം ഇറങ്ങി പുറപ്പെട്ടയാളാണ് താനെന്നാണ് സാബിത്ത് നാസര്‍ പറയുന്നത്. ഈ മേഖലയില്‍ നല്ല പണം ലഭിക്കുമെന്ന് മനസ്സിലാക്കിയ സാബിര്‍ ഒടുവിൽ ഈ മാഫിയ സംഘത്തിലെ കണ്ണിയായി. 2019ലാണ് സ്വന്തം വൃക്ക നൽകി പണം കൈപ്പറ്റിയതെന്ന് സാബിര്‍ പറയുന്നു. എന്നാൽ അവയവങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരെ ബന്ധപ്പെടുത്തി നൽകിയാൽ നല്ല പോലെ പണം ഉണ്ടാക്കാമെന്ന് മനസ്സിലാക്കിയ സാബിത്ത് നാസര്‍ ഏജന്‍റായി മാറി.
2019ൽ തൃശൂർ വലപ്പാട് എടമുട്ടത്ത് പത്ത് ദിവസം സാബിത്ത് നാസർ താമസിച്ചിട്ടുണ്ട്. പിന്നീട് അയാള്‍ വലപ്പാട് എടമുട്ടം തന്റെ നാട്ടിലെ മേൽവിലാസമാക്കി മാറ്റി. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തിൽ വന്നും പോയുമിരുന്നു.
കൂടുതൽ സമയവും ഇറാനിൽ താമസമാക്കി. അവിടെ ഫരീദിഖാൻ ആശുപത്രിയിൽ വൃക്ക മാറ്റി വയ്‌ക്കൽ നടപടികൾക്കായി 20 ദാതാക്കളെ വരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്തുവെന്നാണ് സാബിത്ത് പൊലീസിനോട് വെളിപ്പെടുത്തിയത്. മലയാളികളിൽ അല്ല അവയവം മാറ്റിവയ്‌ക്കൽ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനക്കാരെയാണെന്നും ഇയാളുടെ കുറ്റസമ്മത മൊഴി. എന്നാൽ വിശദമായ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.
ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം വാഗ്ദാനം നൽകി ചൂഷണം ചെയ്ത് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് കടത്തി ഇയാൾ അവയവകടത്ത് നടത്തിയത്. നാമമാത്രമായ തുക ദാതാവിന് നൽകി സ്വീകർത്താവിൽ നിന്ന് പല ഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയസംഘങ്ങൾ ലാഭം കൊയ്യുന്നത്. പണം വാങ്ങി അവയവം നല്‍കുന്നത് നിയമപരമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരില്‍ നിന്നും വൃക്ക കരസ്ഥമാക്കിയതെന്നും ഇതേക്കുറിച്ച് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്സേന പറയുന്നു.
പത്ത് ദിവസം മാത്രം താമസിച്ച വലപ്പാട് എടമുട്ടത്തെ മേൽവിലാസം വഴി ഇയാൾ എങ്ങനെ പാസ് പോർട്ട് നേടി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കും. കാരണം കേസില്‍ രാജ്യാന്തര ബന്ധം കൂടി ഉള്ളതിനാലാണിത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: