പ്രയാഗ്രാജ്: പിഒകെ വീണ്ടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്ത് അമിത് ഷാ. പവിത്ര ഭൂമിയായ പ്രയാഗ്രാജില് എന്‍ഡിഎ റാലിയിലാണ് പ്രഖ്യാപനം. പാകിസ്ഥാന് കൈയടക്കിയ കശ്മീര്‍ എന്നും ഭാരതത്തിന്റെ ഭാഗമാണെന്നും അത് വീണ്ടെടുക്കുമെന്നും പവിത്ര പ്രയാഗയെ സാക്ഷിനിര്‍ത്തി പ്രഖ്യാപിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
രാഹുല്‍ ബാബ, ഞാനിത് പറയുന്നത് ത്രിവേണീസംഗമ ഭൂമിയെ സാക്ഷി നിര്‍ത്തിയാണ്. പിഒകെ നമ്മുടേതാണ്. നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 എഴുപത് കൊല്ലം കാത്തുസൂക്ഷിച്ചു. എന്നാല്‍ ജനങ്ങള്‍ മോദിയെ അധികാരത്തിലേറ്റിയത് അത് എടുത്തുകളയാനാണ്. ആ വകുപ്പ് നീക്കിയാല്‍ കശ്മീര്‍ രക്തത്തില്‍ കുളിക്കുമെന്ന് നിങ്ങള്‍ പറഞ്ഞു. രാഹുല്‍ ബാബ, 370 എടുത്തുകളഞ്ഞിട്ട് അഞ്ച് വര്‍ഷമാകുന്നു. രക്തത്തില്‍ കുളിക്കുന്നതും കുളിപ്പിക്കുന്നതുമൊക്കെ വിട്, ഒരു കല്ലെടുത്ത് എറിയാന്‍ ചങ്കുറപ്പുള്ള ഒരാളെയും ഞങ്ങള്‍ കണ്ടില്ല, അമിത് ഷാ പറഞ്ഞു.
ഹുലും സോണിയയും അഖിലേഷും ഡിംപിള്‍ യാദവുമൊന്നും അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തില്ല. അവരെ ക്ഷേത്രട്രസ്റ്റ് ഔദ്യോഗികമായി ക്ഷണിച്ചു. എന്നിട്ടും അവര്‍ ബാലകരാമനെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. വോട്ട് ബാങ്കിനെ ഭയന്നാണ് അവര്‍ പ്രാണപ്രതിഷ്ഠയ്ക്ക് പോകാതിരുന്നതെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഒന്നിനെയും ഭയക്കുന്നില്ല. മോദിജി അയോദ്ധ്യയിലെ രാമക്ഷേത്രം മാത്രമല്ല നിര്‍മ്മിച്ചത്. കാശി വിശ്വനാഥന്റെ ദേവാലയാങ്കണവും അദ്ദേഹം വിപുലീകരിച്ചു. സോമനാഥം സ്വര്‍ണം കൊണ്ട് അലങ്കരിച്ചു.
കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും എഴുപത് വര്‍ഷം ശ്രീരാമക്ഷേത്രത്തിന് തടസം നിന്നു. എസ്പി സര്‍ക്കാര്‍ കര്‍സേവകര്‍ക്കെതിരെ വെടിയുതിര്‍ത്തു. ജനങ്ങള്‍ മോദിജിയെ രണ്ടാംവട്ടവും പ്രധാനമന്ത്രിയാക്കി. നമ്മള് കോടതിയില്‍ ജയിച്ചു. രാമക്ഷേത്രത്തിന് ഭൂമി പൂജ നടത്തി, ബാലകരാമന് പ്രാണപ്രതിഷ്ഠ നടത്തി. കുംഭമേളയുടെ പവിത്ര നഗരിയായ പ്രയാഗ്രാജില് നരേന്ദ്ര മോദി നിഷാദ് രാജ് പാര്‍ക്ക് നിര്‍മ്മിച്ചു. ഭരദ്വാജമഹര്‍ഷിയുടെ ആശ്രമം നവീകരിച്ചു, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: