ന്യൂദല്‍ഹി: സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണ നഗ്നരായിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്.
ടി.പി. ചന്ദ്രശേഖരന് കേസും സോളാര്‍ കേസും അട്ടിമറിച്ചത് ഇരുപാര്‍ട്ടി നേതാക്കളും തമ്മിലുള്ള രഹസ്യധാരണയുടെയും രാഷ്ട്രീയ അന്തര്‍ധാരയുടെയും ഭാഗമായാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ബിജെപി ആരോപണം ഉന്നയിച്ചിരുന്നതാണ്. ഇപ്പോഴത് പൂര്‍ണമായി വെളിച്ചത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ. കൃഷ്ണദാസ്.
ടി.പി. ചന്ദ്രശേഖരന് കേസും സോളാര്‍ കേസും അട്ടിമറിക്കപ്പെട്ടതിന്റെ പിന്നിലുള്ള രഹസ്യധാരണകള്‍ ഇനിയെങ്കിലും പുറത്തുപറയാന്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മൗനം വെടിഞ്ഞ് ജനങ്ങളോട് സത്യം തുറന്നു പറയണം. കേരളത്തിലെ പ്രമാദമായ രണ്ട് കേസുകളാണ് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ അട്ടിമറിക്കപ്പെട്ടത്.
നാളിതുവരെ കേരളത്തില്‍ തുടര്‍ന്നുവന്ന രഹസ്യധാരണയും രാഷ്ട്രീയ അന്തര്‍ധാരയുമാണ് മറനീക്കി തെളിവുസഹിതം പുറത്തുവന്നത്. ബിജെപി ശക്തിപ്രാപിച്ചതോടെയാണ് ഈ അണിയറ നാടകങ്ങള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ടി.പി. കേസ് നിഷ്പക്ഷമായി സത്യസന്ധമായി അന്വേഷിച്ചിരുന്നെങ്കില്‍ ഇന്ന് സിപിഎമ്മിന്റെ തലപ്പത്തുള്ള പല നേതാക്കളും അഴികള്ക്കുള്ളിലാകുമായിരുന്നു. സിപിഎം പ്രതിസന്ധിയിലായപ്പോള്‍ കോണ്‍ഗ്രസ് അവര്‍ക്ക് താങ്ങും തണലുമാകുകയായിരുന്നു. സ്വന്തം പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് ഒറ്റുകൊടുത്തത്. ടി.പി. കേസ് അന്വേഷണം എത്തേണ്ടവരിലേക്ക് എത്തിയിരുന്നെങ്കില്‍ കേരളത്തില്‍ പിന്നീട് കൊലപാതകരാഷ്ട്രീയം ആവര്‍ത്തിക്കില്ലായിരുന്നു. വിലപ്പെട്ട പല ജീവനും നഷ്ടപ്പെടില്ലായിരുന്നു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ സിപിഎം സമരം നടത്തുന്നതിനിടെയാണ് രഹസ്യ ചര്‍ച്ച നടന്നതും സമരം പിന്‍വലിച്ചതും. സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം താങ്ങും തണലുമായി മാറുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് സംസ്ഥാനത്തെ നാശത്തിലേക്ക് നയിക്കുന്നത്.
അഴിമതിയും തീവെട്ടിക്കൊള്ളയും മറച്ചുവെക്കാനാണ് ഇന്‍ഡി സഖ്യം രൂപീകരിച്ചത്. അതിന്റെ തുടക്കം കേരളത്തില്‍ നിന്നായിരുന്നു. വോട്ടെടുപ്പിന് മുമ്പാണ് ഈ രഹസ്യചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നതെങ്കില്‍ ഇരുപാ
ര്‍ട്ടികള്‍ക്കും വലിയ ആഘാതം നേരിടേണ്ടിവരുമായിരുന്നുവെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: