മുസഫറാബാദ്: പിഒകെയില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുന്നത് മൗലികാവകാശ നിഷേധത്തിനെതിരെയാണെന്ന് പ്രതിഷേധക്കാര്‍.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്ന പാക് ഭരണകൂടത്തിന്റെ വ്യാഖ്യാനം തെറ്റാണ്. ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ജീവിതത്തെ സംബന്ധിച്ച് ആശങ്കയുണ്ട്. ഭരണകൂടം അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. മൂന്ന് പേരുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിയതിന് ശേഷമാണ് പാകിസ്ഥാന് സര്‍ക്കാര്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. കഴിവുകെട്ട സര്‍ക്കാരാണ് പാകിസ്ഥാന്റേത്. പ്രക്ഷോഭം താത്കാലികമായി മാത്രമാണ് നിലച്ചിട്ടുള്ളത്. എന്നാല്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്ന് സര്‍ക്കാര്‍ മറക്കരുത്, പിഒകെ പ്രക്ഷോഭകാരികളിലൊരാളായ രാജാ അമീന് പറഞ്ഞു.
ഭക്ഷ്യ ധാന്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. എന്നാല്‍ പാക് അധിനിവേശ കശ്മീരിന്റെ പ്രധാനമന്ത്രിയെന്ന് പറയുന്ന ചൗധരി അന്‍വര്‍ ഉള് ഹഖ് വിഷയം കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണ്… അന്‍വര്‍ പൊതുജനങ്ങളെ കബളിപ്പിച്ചുവെന്ന് രാജ ആരോപിച്ചു. അയാള്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടും ഒടുവില്‍ നിരസിച്ചു. എല്ലാ കുഴപ്പങ്ങള്‍ക്കും അന്‍വര്‍ ഉത്തരവാദിയാണ്. രാജ അമീന് പറഞ്ഞു. പിഒകെയിലെ ജനങ്ങളെ അടിച്ചമര്‍ത്താനുള്ള കാലങ്ങളായുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ് പ്രക്ഷോഭം. ഭരണത്തില്‍ അവര്‍ ഞങ്ങളെ ഉള്‍പ്പെടുത്തിയില്ല. ചെറുപ്പക്കാരെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി സൈന്യത്തിലും ഭീകര സംഘടനകളിലും ചേര്‍ത്തു. ജനങ്ങള്‍ക്ക് അടിസ്ഥാന വിഭവങ്ങള്‍ നിഷേധിച്ചു. ഇത്തരം ക്രൂരതകള്‍ക്കെതിരായ ജനങ്ങളുടെ രോഷമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് എത്തിയത്.
മുസാഫറാബാദില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിക്കാന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിര്‍ബന്ധിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: