ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. തെരഞ്ഞെടുപ്പിനുശേഷം വേണ്ടിവന്നാല്‍ ഇന്‍ഡി മുന്നണിയെ തങ്ങള്‍ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ വാഗ്ദാനമാണ് പോരിന് ഇടയാക്കിയത്.
ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരിലാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവും ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി കടുത്ത മമത, തൃണമൂല്‍ വിരോധിയാണ്. മമതയുടെ വാഗ്ദാനത്തിനെതിരെ അധീര്‍ രംഗത്തു വന്നിരുന്നു. തൃണമൂലിന് വോട്ടു ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ടു ചെയ്യുന്നതാണ് നല്ലതെന്നും നേരത്തെ അധീര്‍ പറഞ്ഞിരുന്നു.
അധീറിന്റെ തൃണമൂല്‍, മമത വിരുദ്ധ നിലപാടിനെ ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കടന്നാക്രമിച്ചു. ഇതോടെ പാര്‍ട്ടിയില്‍ മമതയുടെ പേരില്‍ വലിയ പ്രതിസന്ധി തന്നെ ഉടലെടുത്തിരിക്കുകയാണ്.
തൃണമൂലിനെ ഇന്‍ഡി മുന്നണിയില്‍ ഉള്‍പ്പെടുത്തണമോ എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്, അധീറല്ലെന്ന് ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയല്ല. മമത മുന്നണിയുടെ ഭാഗമാണ്, സഖ്യം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അധീര്‍ ആരുമല്ല. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് വിരുദ്ധമായി നിലകൊണ്ടാല്‍ ആരായാലും പാര്‍ട്ടിക്ക് പുറത്താകും. ഇന്‍ഡി മുന്നണി അധികാരത്തില്‍ വന്നാല്‍ മമതയെ സര്‍ക്കാരില്‍ ചേര്‍ക്കും. ഖാര്‍ഗെ പറഞ്ഞു.
മമതയോട് ഹൈക്കമാന്‍ഡ് സമീപനം മൃദുവാണ്. ഇത് കോണ്‍ഗ്രസിന്റെ ബംഗാള്‍ നേതൃത്വത്തില്‍ അതൃപ്തിയാണ് ഉണ്ടാക്കുന്നത്. അധീര്‍ ആണെങ്കില്‍ മമതയോട് നേരിട്ട് പൊരുതുകയാണ്. തെരഞ്ഞെടുപ്പിനു മുന്‍പു മുതല്ക്കേ മമതയും അധീറും തമ്മില്‍ ശക്തമായ എതിര്‍പ്പിലാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിക്കുന്നുമില്ല. മമതയോടുള്ള എതിര്‍പ്പ് അധീര്‍ പല കുറിയായി പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഹൈക്കമാന്‍ഡിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിക്കുന്നത്. സോണിയയും രാഹുലും അധീറിന്റെ നിലപാടില്‍ രോഷം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ ഖാര്‍ഗെയുടെ താക്കീതെന്നാണ് വിലയിരുത്തല്‍.
ബംഗാളിലെ പല കോണ്‍ഗ്രസ് നേതാക്കളും ഹൈക്കമാന്‍ഡിന്റെ മമത അനുകൂല നിലപാടില്‍ അതൃപ്തരാണ്. പലരും ഇത് പരസ്യമായി പറയുന്നില്ലെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: