കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഭവത്തില്‍ തൃണമൂലുകാര്‍ ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയില്ലെന്നും കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും വരുത്തിത്തീര്‍ക്കാനുള്ള മമതാ സര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി.
സന്ദേശ്ഖാലിയിലെ സ്ത്രീകളെക്കൊണ്ട് വ്യാജ മാനഭംഗകേസ് നല്‍കിയെന്നാരോപിച്ചായിരുന്നു ബിജെപി മഹിളാമോര്‍ച്ച നേതാവ് പിയലി ദാസ് എന്ന മമ്പി ദാസിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാല്‍ കല്‍ക്കട്ട ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നല്‍കുകയും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബിജെപി നേതാവിന് വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും എഫ്ഐആറിലെ ജാമ്യമില്ലാ വകുപ്പ് സ്റ്റേയും ചെയ്തു.
ബാക്കിയുള്ള കേസുകളില്‍ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടരുമെന്നും എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ പോലീസിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകില്ലെന്നും ജസ്റ്റിസ് ജോയ് സെന്‍ഗുപ്ത പറഞ്ഞു. ഈ കേസിന്റെ അടുത്ത വാദം ജൂണ്‍ 19ന് നടക്കും.
ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനങ്ങളാണ് പോലീസിനെതിരെയുണ്ടായത്. മമ്പി ദാസിനെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മമ്പി ദാസിന്റെ വീട്ടില്‍ പതിച്ച നോട്ടീസില്‍ ജാമ്യമില്ലാ വകുപ്പ് ഇല്ലെന്ന് ബിജെപി നേതാവിന്റെ അഭിഭാഷകന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച കീഴടങ്ങുമ്പോള്‍ ജാമ്യമില്ലാ വകുപ്പ് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് ഡയറി പോലും പോലീസ് കീഴ്ക്കോടതിയില്‍ ഹാജരാക്കിയില്ലെന്ന് മമ്പി ദാസിന്റെ അഭിഭാഷകന് പറഞ്ഞു.
കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് പോലീസിന് സാധിച്ചില്ല. സന്ദേശ്ഖാലി പ്രക്ഷോഭത്തിന്റെ മുന്‍നിര പോരാളികളിലൊരാളായ മമ്പിയെ മനഃപൂര്‍വം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഹസിര്ഹട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ രേഖ പത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: