ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പ്ലേ ഓഫിലേക്ക് ഒരേയൊരു ടീമിന് കൂടിയാണ് ഇനി അവസരമുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ആണ് ആ അവസരത്തിനോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നത്. ഋതുരാജ് ഗെയ്ക്ക്വാദ് നയിക്കുന്ന ടീമിന് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു(ആര്‍സിബി)വിനെ തോല്‍പ്പിക്കാനായാല്‍ ഒന്നും നോക്കാനില്ല. മറിച്ച് സംഭവിച്ചാലും സാധ്യതയുണ്ട്. ആര്‍സിബിയോട് വലിയ റണ്‍റേറ്റില്‍ തോല്‍ക്കാതിരുന്നാല്‍ മതിയാകും.
ബെംഗളൂരുവിന്റെ സാധ്യത കൂടി പരിശോധിക്കുകയാണെങ്കില്‍ 12 പോയിന്റുമായി നിലവില്‍ പട്ടികയിലെ ആറാം സ്ഥാനക്കാരാണവര്‍. ചെന്നൈ 14 പോയിന്റുമായി നാലാമതും. ആര്‍സിബിക്ക് പ്ലേഓഫില്‍ കടന്നുകൂടാന്‍ വലിയ അദ്ധ്വാനം തന്നെ വേണ്ടിവരും. ആദ്യം ബാറ്റ് ചെയ്താല്‍ 200 റണ്‍സെടുക്കുകയാണെങ്കില്‍ എതിരാളികളെ 18 റണ്‍സിന് തോല്‍പ്പിക്കാനായാല്‍ ആര്‍സിബിക്ക് സാധ്യതയുണ്ട്. ഇനി രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈ 200 റണ്‍സെടുത്താല്‍ 18.1 ഓവറില്‍ ചെയ്സ് ചെയ്യേണ്ടിവരും.
വൈകീട്ട് ഏഴരയ്ക്ക് ആര്‍സിബിയുടെ ഹോം ഗ്രൗണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫിനാവശ്യമായ റണ്റേറ്റോടുകൂടി ജയിക്കുന്നത് വലിയ വെല്ലുവിളിയാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബെംഗളൂരുവിന് ചിലപ്പോള്‍ സാധിക്കുന്ന തരത്തിലാണ് സ്ഥിതിഗതികള്‍. സീസണില്‍ ആദ്യത്തെ ഏഴ് മത്സരങ്ങളില്‍ ഒരു ജയവുമായി ഉഴറിയ ടീം അവസാനത്തെ അഞ്ച് മത്സരം തുടര്‍ച്ചയായി വിജയിച്ചു നില്‍ക്കുകയാണ്. സ്വന്തം തട്ടകത്തിലാണ് ഇന്നത്തെ കളി. ചെന്നൈയ്ക്ക് പഴയ വീര്യം പുറത്തെടുക്കാന്‍ സീസണില്‍ സാധിച്ചിട്ടില്ല. ഫാഫ് ഡുപ്ലെസിക്ക് കീഴിലുള്ള ആര്‍സിബിക്കൊപ്പം ടീമിന്റെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി മികച്ച ഫോമിലേക്കെത്തിയിട്ടുള്ളതും ശ്രദ്ധേയമാണ്. ലീഗില്‍ ഉടനീളം താരം മികച്ച കളിയാണ് കാഴ്ച്ചവച്ച് വരുന്നത്. കഴിഞ്ഞ ഏതാനും മത്സരങ്ങളിലൂടെ പ്രഹരശേഷി കുറവാണെന്ന ആക്ഷേപം താരം തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഒപ്പം 661 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് അണിഞ്ഞിരിക്കുന്നത് കോഹ്ലിയാണ്. ചെന്നൈയെ മികച്ച റണ്റേറ്റോടുകൂടി തോല്‍പ്പിക്കുകയെന്നത് ആര്‍സിബിയെ സംബന്ധിച്ച് ഇന്ന് ഒരു ബാലികേറാമലയല്ല.
ചെന്നൈ നായകന് ഋതുരാജ് ഗെയ്ക്ക്വാദ് കോഹ്ലിക്ക് തൊട്ടുതാഴെ രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ്. ഇതുവരെ 583 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വെറുമൊരു ജയം. അല്ലെങ്കില്‍ നിസ്സാരപ്പെട്ടൊരു തോല്‍വി ആര്‍സിബിയെ അപേക്ഷിച്ച് എളുപ്പത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാവുന്ന നിലയിലാണ് നിലവില്‍ നാലാം സ്ഥാനത്തുള്ള ചെന്നൈയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: