മുംബൈ: വ്യാഴാഴ്ചയിലേതു പോലെ വെള്ളിയാഴ്ചയും നേട്ടം കൊയ്ത് ഓഹരി വിപണി നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചു. നിഫ്റ്റിയുടെ 22200 എന്ന പോയിന്‍റ് നിലയും സെന്‍സക്സിന്റെ 73000 എന്ന പോയിന്‍റ് നിലയും നിലനിര്‍ത്തിയതിലൂടെ വിപണി ഈ ആഴ്ചയിലെ ആദ്യ ദിവസങ്ങളിലെ തകര്‍ച്ചാഭീതിയില്‍ നിന്നും കരകയറി ആത്മവിശ്വാസത്തിലേക്ക് തിരിച്ചെത്തുകയാണ്.
യുഎസ്, യൂറോപ്പ് വിപണികള്‍ തളര്‍ന്നിട്ടും ഇന്ത്യ ഉയര്‍ന്നു
യുഎസിലും യൂറോപ്പിലും വിപണികള്‍ക്ക് തിരിച്ചടി കിട്ടിയ ദിവസമായിട്ട് കൂടി ഇന്ത്യയിലെ ആഭ്യന്തരസാഹചര്യങ്ങള്‍ മാത്രം കണക്കിലെടുത്താണ് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. മെറ്റല്‍, ഓയില്‍ ആന്‍റ് ഗ്യാസ്, റിയാല്‍റ്റി, ഓട്ടോ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപിച്ചതോട് ഇവ ഉയര്‍ന്നു. എന്നാല്‍ ഐടി, ഫാര്‍മ, ഹെല്‍ത് കെയര്‍ മേഖലയിലെ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി 62 പോയിന്‍റ് ഉയര്‍ന്ന് 22466 പോയിന്‍റില്‍ എത്തി. സെന്‍സെക്സ് ആകട്ടെ 253 പോയിന്‍റ് കയറി 73917 പോയിന്‍റില്‍ എത്തി. 22320 എന്ന നിലയേക്കാള്‍ മുകളില്‍ നിന്നാല്‍ സെന്‍സെക്സ് അടുത്ത തിങ്കളാഴ്ച ചിലപ്പോള്‍ 22,600 വരെ ഉയര്‍ന്നേക്കാമെന്ന പ്രതീക്ഷയാണ് ടെക്നിക്കല്‍ അനലിസ്റ്റുകള്‍ മുന്നോട്ട് വെയ്‌ക്കുന്നത്. ഇനി നിഫ്റ്റി 22,800ല്‍ സ്പര്‍ശിക്കുകയാണെങ്കില്‍ വിപണിയെ കീഴോട്ട് വീഴ്‌ത്തുന്ന കാന്‍ഡിലുകളാണ് കാത്തിരിക്കുന്നത് എന്നതിാല്‍ നിഫ്റ്റി ഈ നിലയില്‍ എത്തിയാല്‍ ലാഭമെടുക്കണമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു. എന്തായാലും ഭീതിയുടെ സൂചികയായ വിക്സ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വലിയ കോട്ടം തട്ടാതെ നിന്ന ദിവസമായിരുന്നു വെള്ളിയാഴ്ച.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ തിരിച്ചുവരവ്
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് വിപണി കയറുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വെള്ളിയാഴ്ചത്തെ തിരിച്ചുവരവ് വിപണിയില്‍ ആത്മവിശ്വാസമുണ്ടാക്കുന്ന ഘടകമായിരുന്നു. റിസര്‍വ്വ് ബാങ്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്‍തോതില്‍ തകര്‍ച്ച നേരിടുകയായിരുന്നു ഈ ഓഹരി. 1608 കോടി രൂപയുടെ കൊടക് മഹീന്ദ്ര ബാങ്ക് ഓഹരികളാണ് വിപണിയില്‍ വെള്ളിയാഴ്ച മാത്രം കൈമാറ്റം ചെയ്യപ്പെട്ടത്. ഇതോടെ 1.36 ശതമാനം കയറി (ഏകദേശം 22 രൂപ) ഓഹരി വില 1694 രൂപയില്‍ എത്തി.
വിപണിയില്‍ നഷ്ടം നേരിട്ടവര്‍
സിപ്ലയും ബജാജ് ഓട്ടോയും കഴിഞ്ഞ കുറെ ദിവസങ്ങളായി ഉയര്‍ന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുത്ത ദിവസമായിരുന്നു വെള്ളിയാഴ്ച. ബജാജ് ഓട്ടോ 91 രൂപ കുറഞ്ഞ് 8780 രൂപയില്‍ എത്തിയപ്പോള്‍ സിപ്ല 22 രൂപ കുറഞ്ഞ് 1399 രൂപയില്‍ അവസാനിച്ചു. അതേ സമയം സോഫ്റ്റ് വെയര്‍ കമ്പനിയായ ടിസിഎസ് 99 രൂപയോളം ഇടിഞ്ഞ് 3834 രൂപയില്‍ എത്തി. ടിസിഎസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു പുള്‍ബാക് റാലിയിലായിരുന്നു. താഴ്ന്നിരുന്ന ഓഹരി തുടര്‍ച്ചയായി കയറി. ഇതോടെ നിക്ഷേപകര്‍ ലാഭമെടുക്കാനായി വന്‍തോതില്‍ വിറ്റഴിച്ചതിനാലാണ് വെള്ളിയാഴ്ച 99 രൂപ ഇടിഞ്ഞത്.
നേട്ടം കൊയ്തവര്‍
മികച്ച നാലാം സാമ്പത്തിക പാദഫലം പുറത്തുവന്ന ശേഷം മഹീന്ദ്ര ആന്‍റ് മഹീന്ദ്ര മുകളിലേക്കുള്ള കുതിപ്പിലാണ്. വെള്ളിയാഴ്ചയും 142 രൂപയോളം കയറി (6ശതമനം) ഓഹരിവില 2514 രൂപയില്‍ എത്തി. ഗ്രാസിം (2.15 ശതമാനം), ജെഎസ് ഡബ്ല്യു സ്റ്റീല്‍ (2.37 ശതമാനം), അള്‍ട്രാടെക് സിമന്‍റ് (1.87 ശതമാനം), ബിപിസിഎല്‍ (1.54 ശതമാനം) എന്നിങ്ങനെ നേട്ടമുണ്ടാക്കി.
റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ മുന്നേറുന്നു
നാലാം സാമ്പത്തിക പാദഫലത്തില്‍ റെക്കോഡ് അറ്റാദായം നേടിയതിനാല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ ഉയരുകയാണ്. ഒരു ദശകത്തോളമായി കാര്യമായ ഉയര്‍ച്ചയില്ലാതെ കിടന്ന റിയല്‍ എസ്റ്റേറ്റ് ഓഹരികളാണ് കഴിഞ്ഞ ഒരു വര്‍ഷമായി കത്തിക്കയറുന്നത്. നിഫ്റ്റിയുടെ റിയാല്‍റ്റി സൂചിക ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി. ഇനി ഈ വര്‍ഷം ജനവരി മുതല്‍ മെയ് വരെയുള്ള കാലമെടുത്താല്‍ അത് 22 ശതമാനം വളര്‍ച്ച നേടി. റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ഡിമാന്‍റ് കൂടിയതോടെ ഈ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് കൂടുതല്‍ തിളങ്ങുന്നത്. ഡിഎല്‍എഫിനെപ്പോലുള്ള കമ്പനികള്‍ പുതിയ കൂറ്റന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ മുകളിലേക്ക് തന്നെ. പ്രിസ്റ്റീജ് (2ശതമാനം), ബ്രിഗേഡ് എന്‍റര്‍പ്രൈസസ് (8 ശതമാനം), ശോഭ ഡെവലപേഴ്സ് (8 ശതമാനം), ഡിഎല്‍എഫ് (0.8 ശതമാനം) ഒബറോയ് റിയാല്‍റ്റി (1.76 ശതമാനം) എന്നിങ്ങനെ വെള്ളിയാഴ്ചയും കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: