ജനാധിപത്യത്തിന്റെ ഉത്സവം നാലുഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. വോട്ടെടുപ്പ് നടക്കേണ്ട 543 ലോക്‌സഭ മണ്ഡലങ്ങളില്‍ 379 മണ്ഡലങ്ങളില്‍ ഇതിനകം ജനവിധി നിര്‍ണയിച്ചു കഴിഞ്ഞു. ശേഷിക്കുന്നത് 164 മണ്ഡലങ്ങള്‍ മാത്രം. മെയ് 20ന് അഞ്ചാംഘട്ടത്തില്‍ 49, 25ന് ആറാംഘട്ടത്തില്‍ 58, ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നതോടെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. നാലുഘട്ടങ്ങളിലായി 45.10 കോടി വോട്ടര്‍മാര്‍ ഇതിനകം വോട്ടവകാശം വിനിയോഗിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.
വോട്ടെടുപ്പിന്റെ ആദ്യ നാലുഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ഭാരതം ആരുഭരിക്കുമെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായെന്ന നിലപാടിലാണ് രാഷ്‌ട്രീയ നിരീക്ഷകര്‍. 400ല്‍ അധികം സീറ്റുകള്‍ നേടി തുടര്‍ച്ചയായ മൂന്നാംതവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ എത്തുക എന്ന ലക്ഷ്യം വെച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനം. ആ ലക്ഷ്യം ബിജെപിക്ക് പ്രാപ്യമാകുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ ഇതുവരെയുള്ള വിലയിരുത്തല്‍. ദക്ഷിണഭാരത സംസ്ഥാനങ്ങളിലടക്കം എന്‍ഡിഎ സഖ്യം ഇതുവരെയില്ലാത്ത മുന്നേറ്റം നടത്തുമെന്നും ബിജെപി വിലയിരുത്തുന്നു. തങ്ങള്‍ ലക്ഷ്യംവെച്ചതില്‍ 270 സീറ്റുകള്‍ ഇതിനകം തന്നെ നേടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ അമിത്ഷാ കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയും ചെയ്തു. അമിത്ഷായുടെ പ്രസ്താവന ശരിവെക്കുന്ന നിഗമനങ്ങളാണ് പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകര്‍ക്കുമുള്ളത്.
ബിജെപിയുടെയും സഖ്യകക്ഷികളുടെയും ശക്തികേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന, ദല്‍ഹി, ഝാര്‍ഖണ്ഡ്, ബീഹാര്‍, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇനി പ്രധാനമായും വോട്ടെടുപ്പ് നടക്കാനുള്ള കൂടുതല്‍ മണ്ഡലങ്ങളുള്ളത്. ഇവിടങ്ങളില്‍ ഒന്നും ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും കാര്യമായ വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിനോ ഇന്‍ഡി മുന്നണിയിലെ മറ്റുകക്ഷികള്‍ക്കോ സാധിക്കില്ല. വര്‍ഷങ്ങളായി ഇതില്‍ പല മണ്ഡലങ്ങളിലും ബിജെപിയെയോ സഖ്യകക്ഷികളെയോ മാത്രമാണ് വിജയിപ്പിച്ചിട്ടുള്ളതും. മൂന്ന് ഘട്ടത്തിലും തെരഞ്ഞെടുപ്പ് നടക്കാനുള്ള പശ്ചിമബംഗാളില്‍ ഇന്‍ഡി സഖ്യം തമ്മിലടിക്കുകയാണ്.
2014 മുതല്‍ 2024 വരെ നീളുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങളുടെ ട്രാക്ക് റെക്കോര്‍ഡ് ഉയര്‍ത്തിക്കാണിച്ചാണ് ബിജെപിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ മുന്നണി ജനങ്ങളോട് പറയുന്നത് വികസനത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ചാണ്. കഴിഞ്ഞ കാലങ്ങളിലെ കോണ്‍ഗ്രസ് ഭരണവും ബിജെപി ഭരണവും തമ്മിലുള്ള വ്യത്യാസവും ഉയര്‍ത്തിക്കാണിക്കുന്നു. നേതാവ് ആരെന്നുപോലും പറയാന്‍ കഴിയാത്ത രൂപത്തിലാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്‍ഡി സഖ്യത്തിന്റെ അവസ്ഥ. ഇന്ന് രാഹുലാണെങ്കില്‍ നാളെ അരവിന്ദ് കേജ്‌രിവാളോ, മമതാ ബാനര്‍ജിയോ അഖിലേഷ് യാദവോ ആണ് നേതാവ്. കൃത്യമായ നിലപാടില്ലാതെ, നയങ്ങളില്ലാതെ മുന്നോട്ടുപോവുകയാണ് സഖ്യം. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ ചിലര്‍ നടത്തിയ ശ്രമത്തെ സുപ്രീംകോടതി തന്നെ തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങളെ ചോദ്യം ചെയ്യാനും ചില ഇന്‍ഡി കക്ഷികളും നേതാക്കളും രംഗത്തെത്തിയിരുന്നു.
ദല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഇ ഡി അറസ്റ്റിനെവെച്ച് മുതലെടുക്കാനായിരുന്നു ഇന്‍ഡി സഖ്യത്തിന്റെ ശ്രമം. എന്നാല്‍ ദല്‍ഹിയില്‍ പോലും അത് വിലപ്പോവില്ലെന്ന സത്യം നേതാക്കള്‍ തിരിച്ചറിഞ്ഞു. ദല്‍ഹിയിലുള്‍പ്പെടെ കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പ്രമുഖരായ നേതാക്കളും അണികളും പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ ഉപദേശകനുമായ സാംപിത്രോദയുടെ പരാമര്‍ശങ്ങള്‍ വലിയതോതിലാണ് പാര്‍ട്ടിക്കും സഖ്യത്തിനും ദോഷം ചെയ്തത്. സാംപിത്രോദ ചുമതലയില്‍ നിന്ന് രാജിവെച്ചെങ്കിലും അദ്ദേഹം നടത്തിയ പ്രസ്താവനയുണ്ടാക്കിയ ഓളങ്ങള്‍ അടുത്തൊന്നും കെട്ടടങ്ങില്ല.
അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ കേജ്‌രിവാളിനെ മുന്‍നിര്‍ത്തി വോട്ടുപിടിക്കാനുള്ള ശ്രമവും പാളി. ജയിലില്‍ നിന്നിറങ്ങിയ കേജ്‌രിവാളാകട്ടെ സ്വന്തം നിലയില്‍ പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്താന്‍ തുടങ്ങിയതോടെ സഖ്യനേതാക്കള്‍ എന്തുചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലായി. ഇതിനിടെയാണ് ആപ്പിന്റെ രാജ്യസഭാ എംപിയും മുന്‍ ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മലിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വെച്ച് അക്രമിക്കപ്പെടുന്നത്. അക്രമത്തില്‍ ഇന്‍ഡി സഖ്യനേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വാതി മലിവാളിനെ അക്രമിച്ച പേഴ്‌സണല്‍ സെക്രട്ടറി ബിഭാവ് കുമാറിനെ കേജ്‌രിവാളാകട്ടെ യാത്രയിലുടനീളം കൂടെ കൂട്ടുന്നുമുണ്ട്. എന്നാല്‍ ബിജെപിയാകട്ടെ ഈ വിഷയം കാര്യമായി ചര്‍ച്ചചെയ്യുന്നു. ആപ്പിന്റെയും കേജ്‌രിവാളിന്റെയും സ്ത്രീവിരുദ്ധതയാണ് ഇവിടെ ബിജെപി ചര്‍ച്ചയാക്കുന്നത്. ഇതെല്ലാം മെയ് 25ന് ദല്‍ഹിയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പ്രതിഫലിക്കും.
ജൂണ്‍ നാലിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഇന്‍ഡി സഖ്യനേതാക്കളും ഉറപ്പിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ അരവിന്ദ് കേജ്‌രിവാള്‍ നടത്തിയ പ്രസ്താവനയും ഇതിന് തെളിവാണ്. 2047ല്‍ വികസിത ഭാരതത്തിനായി 24മണിക്കൂറും എല്ലാദിവസവും പ്രവര്‍ത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുന്നത്. കാശിയുടെ ദത്തുപുത്രന്‍ ഗംഗാ മാതാവിനെ പ്രണമിച്ച് കാല ഭൈരവനെ വണങ്ങി അടുത്ത ജൈത്രയാത്രക്കായി ഒരുങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: