തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കിയ ഓണ്‍ലൈന്‍ സേവനമായ കെ സ്മാര്‍ട്ട് തകിടം മറിയുന്നു. മാസങ്ങളായിട്ടും അനങ്ങാപ്പാറ നയവുമായി അധികൃതര്‍. സേവനങ്ങള്‍ അതിവേഗം എത്തിക്കുന്നതിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലുടനീളം കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കെ സ്മാര്‍ട്ട് പദ്ധതി തുടങ്ങിയത്.
അതിവേഗത്തില്‍ പൊതുജന സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു തുടക്കമിട്ട കെ സ്മാര്‍ട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലെത്തിച്ചു. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷിച്ചാല്‍ സമയത്ത് കാര്യം നടക്കാത്തതോടൊപ്പം അപേക്ഷകള്‍ വ്യാപകമായി നിരസിക്കുകയും ചെയ്യുന്നു. അപേക്ഷിക്കുമ്പോള്‍ നല്കുന്ന പല വിവരങ്ങളും പെര്‍മിറ്റില്‍ ഉള്‍പ്പെടാതെ പോകുന്നു. കെട്ടിടത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിലും അപാകം. ഇതോടെ നികുതി ഒടുക്കാന്‍ സാധിക്കുന്നില്ല. കൂടാതെ മുമ്പ് അടച്ച നികുതിയുടെ വിവരങ്ങളും ലഭ്യമാകുന്നില്ല. കെട്ടിട നിര്‍മാണ പെര്‍മിറ്റിനായി ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തേക്കും എത്താറില്ല.
മറ്റ് ഉദേ്യാഗസ്ഥര്‍ക്കു മുന്നില്‍ ഫയല്‍ എത്തി അവിടെക്കിടക്കുന്നു. ഇതോടെ അത്യാവശ്യമായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പോലും തീരുമാനമാകാതെ ഫയലില്‍ ഉറങ്ങുന്നു. നേരിട്ടെത്തി പരാതിപ്പെട്ടിട്ടും തദ്ദേശ വകുപ്പുദ്യോഗസ്ഥര്‍ കൈ മലര്‍ത്തുന്ന അവസ്ഥയിലാണ്.
ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ മാത്രമാണ് കെ സ്മാര്‍ട്ട് കുറച്ചെങ്കിലും ഫലപ്രദം. എന്നാല്‍ സോണല്‍ ഓഫീസുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നല്കുന്ന അപേക്ഷ മറ്റൊരു സോണല്‍ ഓഫീസിലേക്കെത്തുന്നതിനാല് ജനന, മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കുന്നില്ല. സാങ്കേതിക തരംഗം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വലിയൊരു കുതിച്ചുചാട്ടമെന്നൊക്കെയാണ് കെ സ്മാര്‍ട്ട് അവതരിപ്പിച്ച് അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയിരുന്നില്ലെന്നും വ്യാപക ആക്ഷേപം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: