ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരമാണ് ഛേത്രി. ഛേത്രിക്ക് മുന്നിലുള്ളത് ലോക സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. 150 അന്താരാഷ്‌ട്ര കളികളില്‍ നിന്ന് 94 ഗോളുകളാണ് അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഛേത്രി നേടിയത്. ഒന്‍പതു മിനിറ്റ് 51 സെക്കന്‍ഡ് വീഡിയോയിലാണ് സുനില്‍ ഛേത്രി വിരമിക്കല്‍ അറിയിച്ചത്.
ദിവസങ്ങളല്ല, ആഴ്‌ച്ചകളോളം ശേഷിക്കുന്നുണ്ട് സുനില്‍ ഛേത്രി എന്ന ഭാരത കാല്‍പന്തിലെ ഒറ്റയാന് വിരമിക്കാന്‍. പക്ഷെ മത്സരം ഒന്നേയുള്ളൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭാരത ഫുട്‌ബോളിനെ ഒറ്റയ്‌ക്ക് ചുമലില്‍ വഹിച്ചുകൊണ്ടാണ് സുനില്‍ ഛേത്രി ഇന്നും ഒരു 19കാരന്റെ ചടുലതയോടെ കളം നിറയുന്നത്. വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോളാണ് മാധ്യമങ്ങള്‍ പോലും പ്രായം 39 ആയിരിക്കുന്നുവെന്ന് എഴുതാന്‍ മിനക്കെടുന്നത്. കായികലോകത്ത് ഇതിഹാസങ്ങള്‍ പലരും വന്നിട്ടുണ്ട് പോയിട്ടുണ്ട്. പക്ഷെ 30ഉം 35ഉം കഴിയുമ്പോള്‍ തുടങ്ങും ഇനി മതി, നിര്‍ത്തിക്കൂടെ, സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തണം- എന്നെല്ലാമുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും ചര്‍ച്ചകളും കൊണ്ട് നിറയും. പക്ഷെ ഇവിടെ എല്ലാം വ്യത്യസ്തം, ഇനിയും ഛേത്രിക്ക് തുടര്‍ന്നുകൂടെ എന്ന് ചോദിക്കാനാണ് ചര്‍ച്ചക്കാരില്‍ ചിലരെങ്കിലും മിനക്കെടുന്നത്. അതിന് രണ്ടുണ്ട് കാര്യം- ഒന്ന് ഇപ്പോഴും പ്രായം തളര്‍ത്താത്ത ഛേത്രിയുടെ പതര്‍ച്ചയില്ലാത്ത കായിക ക്ഷമത. മറ്റൊന്ന് ഛേത്രി പോയാല്‍ ഭാരതത്തിന് പിന്നെ ആര് ?
ആര്…? അത് വെറുമൊരു ചോദ്യം മാത്രമല്ല ഭാരതത്തിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരില്‍ നെഞ്ചിടിപ്പേറ്റുന്ന ആശങ്കയാണ്. ഭാരത ഫുട്‌ബോളിനെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ സജീവമാക്കിനിലനിര്‍ത്തുന്ന ഘടകത്തിന്റെ പേരാണ് സുനില്‍ ഛേത്രി. അത് ഇല്ലാതാകുന്നതോടെ ഏറെ പണിപ്പെടേണ്ടിവരും എന്ന് ഉറപ്പാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. ഇപ്പോഴത്തെ പരിശീലകന്‍ കഴിഞ്ഞ ചില മത്സരങ്ങളില്‍ ഛേത്രിയെ കൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ ഭാരതത്തെ ഇറക്കിവിട്ടപ്പോള്‍ അതിന്റെ പൊള്ളല്‍ നല്ലപോലെ കണ്ടറിഞ്ഞതു തന്നെ ഉദാഹരണം. ഏതായാലും കുവൈറ്റിനെതിരെ ആറിന് നടക്കുന്ന മത്സരം ജയിച്ച് ലോകകപ്പ് യോഗ്യതയുടെ ആദ്യ ഘട്ടം താണ്ടാന്‍ സുനില്‍ ഛേത്രിയുടെ മാസ്മരിക സാന്നിധ്യം കൊണ്ട് സാധ്യമാകുമോയെന്നാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയും ഇനയുള്ള ദിനങ്ങള്‍ കാത്തിരിക്കുന്നത്.
ആദ്യകളിയില്‍ ആദ്യഗോള്‍ പാകിസ്ഥാനെതിരെ
ഹോക്കിയിലും ക്രിക്കറ്റിലും ഭാരതത്തിന്റെ ചിരവൈരികളായ പാകിസ്ഥാനെതിരെ ഗോള്‍ നേടിക്കൊണ്ടാണ് സുനില്‍ ഛേത്രി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഗോള്‍ വേട്ട തുടങ്ങിയത്. 2005ല്‍ പാകിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു ഇതിഹാസതാരത്തിന്റെ അരങ്ങേറ്റം. ജൂണ്‍ 12ന് ഖ്വേറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന ആ മത്സരത്തില്‍ ആദ്യ ഗോള്‍ പുതമുഖമായി ഇറങ്ങിയ ഛേത്രിയുടെ ബൂട്ടുകളില്‍ നിന്നാണ് പിറന്നത്. മത്സരത്തിന്റെ 65-ാം മിനിറ്റില്‍ നേടിയ ഈ ഗോളില്‍ ഭാരതം ലീഡ് ചെയ്‌തെങ്കിലും പിന്നീട് ഒരു ഗോള്‍ വഴങ്ങി മത്സരം സമനിലയിലായി.
ഈ മത്സരത്തിന് മുമ്പേ ഭാരത കുപ്പായത്തില്‍ ഛേത്രി ഇറങ്ങിയ മത്സരം 2004 മാര്‍ച്ച് 30ന് പാകിസ്ഥാനെതിരെ നടന്ന അണ്ടര്‍23 ദക്ഷിണേഷ്യന്‍ ഗെയിംസിലാണ്. അന്ന് പാകിസ്ഥാനെ ഭാരതം പരാജയപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ അക്കൊല്ലം ഏപ്രില്‍ മൂന്നിന് ഭൂട്ടാനെതിരെ അവരുടെ നാട്ടില്‍ ഇറങ്ങിയ ഭാരതത്തിന്റെ അണ്ടര്‍ 23 ടീമിലും ബുംറ ഉണ്ടായിരുന്നു. മത്സരം 4-1ന് ജയിച്ച ഭാരതത്തിന് വേണ്ടി ഛേത്രി ഇരട്ടഗോളോടെയാണ് തിളങ്ങിയത്.
അവസാന കളി കുവൈറ്റിനെതിരെ
വരുന്ന ജൂണ്‍ ആറിന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് ഇന്ത്യന്‍ ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രിയുടെ അവസാന അന്താരാഷ്‌ട്ര മത്സരം. കുവൈറ്റാണ് എതിരാളികള്‍. ഫിഫ ലോകകപ്പ് 2026ലേക്കുള്ള യോഗ്യതാ മത്സരത്തിന്റെ ആദ്യ റൗണ്ട് പോരാട്ടത്തിലെ രണ്ടാം റൗണ്ട് മത്സരമാണിത്. കുവൈറ്റിനെതിരെ അവരുടെ നാട്ടില്‍ കടന്ന ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഭാരതം ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു. ഏഷ്യന്‍ വന്‍കരയില്‍ നിന്നുള്ള പ്രഥമ യോഗ്യതാ റൗണ്ട് ഘട്ടത്തില്‍ ഗ്രൂപ്പ് എയിലാണ് ഭാരതം ഉള്‍പ്പെട്ടത്. നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: