ഇന്‍ഡിസഖ്യം ജയിച്ചാല്‍ താന്‍ തീഹാര്‍ ജയിലിലേക്ക് മടങ്ങിപ്പോകേണ്ടി വരില്ലെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്കിയ പരാതി തള്ളി സുപ്രീംകോടതി. കെജ്രിവാളിന്റെ ഈ പ്രസംഗം രാജ്യത്തെ നീതിന്യായസംവിധാനത്തിനെതിരായ ആഘാതമാണെന്ന ഇഡിയുടെ വാദം പക്ഷെ സുപ്രീംകോടതി മുഖവിലയ്ക്കെടുത്തില്ല.
അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ വേണ്ടി ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം നല്കിയ സുപ്രീംകോടതി വിധിയെ പരോക്ഷമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പല നിയമവിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഭിഷേക് മനു സിംഘ് വി, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ് തുടങ്ങിയവരുടെ പേരെടുത്ത് പറയാതെ തന്നെ ഒരു സംഘം സുപ്രീംകോടതിയില്‍ തങ്ങളുടെ അജണ്ടയ്ക്ക് അനുകൂലമായി അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി വിധി വാങ്ങിയെടുക്കുന്നു എന്ന പരാതിയുമായി 600 മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
ഇന്ത്യാ മുന്നണി വിജയിച്ചാല്‍ തീഹാര്‍ ജയിലില്‍ നിന്നും ജൂണ്‍ അഞ്ചിന് മടങ്ങിവരുമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയെയും ഇഡി സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. “ആളുകള്‍ ആം ആദ്മിക്ക് വോട്ട് ചെയ്താല്‍ താന്‍ ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങില്ലെന്ന് അരവിന്ദ് കെജ്രിവാള് പ്രസംഗിച്ചിരുന്നു. എങ്ങിനെയാണ് ഇത് അരവിന്ദ് കെജ്രിവാളിന് പറയാനാവുക?”- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചോദിച്ചു.
“വിധിയെ വിമര്‍ശിക്കുന്നത് സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അതിലേക്ക് പോകുന്നില്ല. ജൂണ്‍ രണ്ടിന് കെജ്രിവാള് കീഴടങ്ങണമെന്ന ഞങ്ങളുടെ വിധി കൃത്യമാണ്. ഇത് ഉന്നത കോടതിയുടെ വിധിയാണ്. ഇത് നടപ്പാകും. ഇതില്‍ ആര്‍ക്കും ഇളവ് കൊടുക്കാറില്ല.”- കെജ്രിവാളിന് നേരത്തെ ഇക്കാല ജാമ്യം അനുവദിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
ദല്‍ഹി മദ്യനയ അഴിമതിക്കേസിലാണ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സുപ്രീംകോടതി തെരഞ്ഞെുപ്പില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ജൂണ്‍ 1 വരെ ജാമ്യം കൊടുക്കുകയായിരുന്നു. ജൂണ്‍ രണ്ടിന് വീണ്ടും കെജ്രിവാള് തീഹാര്‍ ജയിലില്‍ കീഴടങ്ങണം. ദല്‍ഹിയിലും ഹരിയാനയിലും കെജ്രിവാള് വൈകാരികത ഉണര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുകയാണ്. ഇതില്‍ നുണയും ചേര്‍ക്കുന്നു. പ്രമേഹ രോഗിയായ തനിക്ക് തീഹാര്‍ ജയിലില്‍ ഇന്‍സുലില്‍ നല്‍കുന്നില്ലെന്ന് വരെ പ്രസംഗിക്കുകയാണ് കെജ്രിവാള്.
‘ജൂണ്‍ രണ്ടിന് ഞാന്‍ തീഹാര്‍ ജയിലില്‍ പോകും. നിങ്ങള്‍ ഇന്ത്യാ മുന്നണിക്ക് വോട്ട് ചെയ്താല്‍ ജൂണ്‍ അഞ്ചിന് ഞാന്‍ മടങ്ങി വരും’ എന്ന് വരെ പ്രസംഗിക്കാന്‍ മടിയില്ല കെജ്രിവാളിന്. ഈ പ്രസംഗമാണ് സുപ്രീംകോടതിയില്‍ വ്യാഴാഴ്ച സോളിസിറ്റര്‍ ജനറല്‍ എടുത്തിട്ടത്. കോടതി ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ട് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: