കോട്ടയം: ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുപോകുമെന്ന പ്രതീതി ജനിപ്പിച്ച് രാജ്യസഭാ സീറ്റിനുവേണ്ടിയുള്ള അവരുടെ സമ്മര്‍ദ്ദത്തിനു കരുത്തുപകരുന്നതായി വീക്ഷണത്തിലെ മുഖപ്രസംഗമെന്ന് കോണ്‍ഗ്രസില്‍ ആക്ഷേപമുയര്‍ന്നു. പ്രത്യക്ഷത്തില്‍ ജോസ് കെ മാണിയെ വിമര്‍ശിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന മുഖപ്രസംഗം ഫലത്തില്‍ കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന് അനുകൂലമായെന്നാണ് വിലയിരുത്തല്‍. പഴയ ചങ്ങാതിയായ ജോസ് കെ. മാണിയുമായുള്ള ചിലരുടെ ധാരണയുടെ പുറത്തുള്ള ചൂണ്ടയിടലാണിതെന്നാണ് വ്യാഖ്യാനം. സിപിഐയുടെ വിലപേശല്‍ മറികടന്ന് കേരള കോണ്‍ഗ്രസിന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലഭിക്കുക പ്രയാസമാണ്. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നുമുള്ള പ്രതീതി ജനിപ്പിക്കുകയായിരുന്നു മുഖപ്രസംഗത്തിന്റെ ലക്്ഷ്യം. സ്വാഭാവികമായും ഇത് ഇടതുപക്ഷത്ത് ചര്‍ച്ചയാവുകയും കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തെ നിലനിര്‍ത്താന്‍ സി.പി.എം വിട്ടുവീഴ്ചയ്ക്കു തയ്യാറാവുകയും ചെയ്യാം. രാജ്യസഭാ സീറ്റിനായി കേരള കോണ്‍ഗ്രസിന് വിലപേശാനുള്ള കളമൊരുക്കുകയായിരുന്നു വീക്ഷണം ചെയ്തത്. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ തങ്ങള്‍ യുഡിഎഫിലേക്ക് തിരികെ പോകുമെന്ന് സിപിഎമ്മിനോട് നേരിട്ട് പറയാന്‍ ഭയന്നു നില്ക്കുന്ന ജോസ് കെ മാണിക്ക് വേണ്ടി വീക്ഷണം ശബ്ദമുയര്‍ത്തുകയായിരുന്നു.
വീക്ഷണം മുഖപ്രസംഗം പാര്‍ട്ടിയുടെ അറിവോടെ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറയുന്നുണ്ട്. മാണി വിഭാഗത്തെ സ്വാഗതം ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സതീശന് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ നിലപാട് അല്ലെങ്കില്‍ പിന്നെന്തിന് അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചുവരൂ എന്ന് പാര്‍ട്ടി പത്രം ആഹ്വാനം ചെയ്തു എന്നുള്ളത് പ്രസക്തമാണ്.
എല്‍ഡിഎഫിന് മുന്നില്‍ പരോക്ഷമായി ജോസ് കെ മാണിക്ക് വേണ്ടി വിലപേശല്‍ നടത്തുന്നതിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് വിജയത്തോടടുത്തു നില്ക്കുന്ന ജോസഫ് വിഭാഗത്തെ വരുതിയില്‍ നിറുത്താനും വീക്ഷണം ലക്ഷ്യമിട്ടിരുന്നുവെന്നു വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: