വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, സ്റ്റീല്‍, സോളാര്‍ സെല്ലുകള്‍, അലുമിനിയം എന്നിവയ്‌ക്കാണ് കനത്ത ഇറക്കുമതി തീരുവ ചുമത്തിയത്. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബൈഡന്‍ തീരുമാനം അറിയിച്ചത്.
‘അമേരിക്കയിലെ ജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഏത് തരത്തിലുള്ള കാറും വാങ്ങുന്നത് തുടരാം. എന്നാല്‍ ഈ കാറുകളുടെ വിപണിയെ അന്യായമായി നിയന്ത്രിക്കാന്‍ ഞങ്ങള്‍ ഒരിക്കലും ചൈനയെ അനുവദിക്കില്ല. എനിക്ക് ചൈനയുമായി ന്യായമായ മത്സരമാണ് വേണ്ടത്, സംഘര്‍ഷമല്ല’.ബൈഡന്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം താരിഫ്, അര്‍ധ ചാലകങ്ങള്‍ക്ക് 50 ശതമാനം താരിഫ്, ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്ക് 25 ശതമാനം വീതം താരിഫ് എന്നിങ്ങനെയാണ് വർദ്ധിപ്പിച്ചത്.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈന നയത്തിനെതിരെയും ബൈഡന്‍ ആഞ്ഞടിച്ചു. അമേരിക്കന്‍ കയറ്റുമതിയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നുവെന്നും പക്ഷേ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. അതേസമയം, നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുമ്പോള്‍ അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് ഇത് ആക്കം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.
നേരത്തെ ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയില്‍ നിരോധിക്കണമെന്ന ആവശ്യം യുഎസ് സെനറ്ററായ ഷെറോഡ് ബ്രൗണ്‍ ജോ ബൈഡന് മുന്നില്‍ ഉന്നയിച്ചിരുന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ അമേരിക്കയിലെ വാഹന വ്യവസായ മേഖലയ്‌ക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് സെനറ്ററായ ഷെറോഡ് ബ്രൗണ്‍ പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടിരുന്നത്.
ചൈനീസ് കമ്പനികള്‍ക്ക് പുറമെ, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്ന ചൈനീസ് അനുബന്ധ കമ്പനികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈന വിരുദ്ധത തെളിയിക്കുന്നതിനുള്ള ഡെമോക്രാറ്റുകളുടെ നീക്കമായും ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: