മുസാഫറാബാദ്: പാക്കധിനിവേശ കശ്മീരില്‍ ജനങ്ങളും പാക് സൈന്യവും തമ്മിലെ സംഘര്‍ഷം രൂക്ഷം. പ്രക്ഷോഭകര്‍ക്കു നേരേ പാക് സൈന്യം നടത്തിയ വെടിവയ്‌പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ലാത്തിച്ചാര്‍ജ്ജ് നടത്തിയും കണ്ണീര്‍വാതകം പ്രയോഗിച്ചും അര്‍ധസൈനിക വിഭാഗമായ പാകിസ്ഥാനി റേഞ്ചേഴ്‌സ് നടത്തിയ നരനായാട്ടില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.
അതിഭീമമായ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, പട്ടിണി എന്നിവയാല്‍ ജനം കടുത്ത ദുരിതത്തിലായപ്പോള്‍ നികുതികള്‍ കുത്തനെ കൂട്ടിയതാണ് അവരെ തെരുവിലിറക്കിയത്. വെള്ളിയാഴ്ച പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ പട്ടാള വെടിവയ്‌പില്‍ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു.
സുരക്ഷാസേനയുടെ വാഹനങ്ങള്‍ പ്രക്ഷോഭകര്‍ തകര്‍ത്തു. തലസ്ഥാനമായ മുസാഫറാബാദിലാണ് വന്‍സംഘര്‍ഷം. പാക് ഭരണകൂടത്തില്‍ നിന്നു മോചിപ്പിച്ച് ഭാരതത്തില്‍ ചേരണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.











