തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾ തീവ്രവാദികളെ മതേതരവാദികളായി കാണുന്നത് ദുഃഖകരമാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ബിജെപി ഒരു തീവ്രവാദിക്കും മതം നൽകാറില്ലെന്നും, തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു അണ്ണാമലൈ.
കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു പരത്തുന്നത് ബിജെപി ഒരു മതത്തെ ആക്രമിക്കുന്നുവെന്നാണ്. 99.999 ശതമാനം മതവിശ്വാസികളും നല്ലവരാണ്. അതിൽ ഒന്നോ രണ്ടോ ശതമാനം ആളുകളാണ് അവരുടെ വിശ്വാസത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്. ഇത് തുറന്ന് പറയാനുള്ള ആർജ്ജവം പോലും പ്രതിപക്ഷത്തിനില്ല.
ISIS പ്രേരിതമായ കോയമ്പത്തൂർ സ്ഫോടനത്തെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോയമ്പത്തൂരിലെ ജമാഅത്തെ സംഘടനകൾ വരെ സംഭവത്തെ അപലപിച്ചിട്ടും തമിഴ്നാട് മുഖ്യമന്ത്രി അതിന് തയ്യാറായില്ല. ദൗർഭാഗ്യവശാൽ ദക്ഷിണേന്ത്യൻ രാഷ്‌ട്രീയത്തിൽ ന്യൂനപക്ഷ പ്രീണനം വലിയൊരു അസംബന്ധമായി മാറി.
ഹമാസിന്റെ കാര്യത്തിലും ഇത് തന്നെയാണ് ഭാരതത്തിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തീവ്രവാദ സംഘടനയെ നമുക്ക് തീവ്രവാദ സംഘടനയെന്ന് മാത്രമേ പറയാൻ സാധിക്കൂ. ഒരിക്കലും ഒരു തീവ്രവാദ സംഘടനയ്‌ക്ക് മുസ്ലീങ്ങളുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കാനാവില്ല. പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ആളുകളെ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം അവരെ തടവിൽ പാർപ്പിക്കുകയും ചെയ്യുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഹമാസ് ഭീകരരെ അനൂകൂലിച്ച് റാലി നടന്ന സംഭവവും അണ്ണാമലൈ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികൾ ഇസ്രയേലിനെതിരെ വലിയ റാലികൾ സംഘടിപ്പിച്ചു. ആളുകളെ നിഷ്കരുണം കൊന്നു തള്ളുന്ന വേരുറച്ച ഒരു തീവ്രവാദ സംഘടനയാണ് ഹമാസ്. ഇത് തുറന്ന് പറഞ്ഞാൽ അതും, അവർ രാഷ്‌ട്രീയ ലാഭത്തിനു പറയുന്നതായി ചിത്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു നിർത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: