ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ.ആര്.വി.അശോകന്റെ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചില്ല.
പതഞ്ജലി ആയുര്‍വേദിനെതിരെ ഐഎംഎ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടന്ന വാദത്തിനിടെ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ അംഗങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുപ്രീംകോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഡോ.അശോകന് ഇതിന് മറുപടിയെന്നവണ്ണം, ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ കോടതിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് പതഞ്ജലി ആയുര്‍വേദ് നല്കിയ അപേക്ഷയില്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരായി ഡോ.അശോകന് മാപ്പു പറഞ്ഞത്.
പതഞ്ജലി സ്ഥാപകര്‍ ചെയ്ത അതേ കുറ്റം തന്നെയാണ് ഐഎംഎ പ്രസിഡന്റും ചെയ്തിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ദൗര്‍ഭാഗ്യകരമാണെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു.
പതഞ്ജലിയുടെ പെരുമാറ്റം പോലെ തന്നെ ഡോ. അശോകന്റെ പെരുമാറ്റവും പരിഗണിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് കോഹ്ലി അഭിപ്രായപ്പെട്ടു. കോടതിക്ക് നല്കിയ ഉറപ്പ് ലംഘിച്ചതിന് പതഞ്ജലിയും അതിന്റെ സ്ഥാപകരും നല്കിയ മാപ്പപേക്ഷ തള്ളിക്കളഞ്ഞത് കോടതി ഓര്‍മ്മിപ്പിച്ചു. .
അശോകന് കോടതിയില്‍ വരുന്നതിന് മുമ്പ് പരസ്യമായി മാപ്പ് പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി മാപ്പ് പറഞ്ഞത് സത്യസന്ധമായല്ലെന്ന് ചൂണ്ടിക്കാട്ടി. ഡോ. അശോകന് ആദരണീയനായ ഡോക്ടറാണെന്ന് അഭിഭാഷകന് പട്വാലയ ചൂണ്ടിക്കാട്ടിയപ്പോള്‍, പ്രൊഫഷണല്‍ മികവിനെ ചോദ്യം ചെയ്യുന്നില്ലെന്നും കോടതിയലക്ഷ്യത്തിനുകാരണമായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ മാത്രമാണ് ആശങ്കയെന്നും ജസ്റ്റിസ് കോഹ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: