തൊടുപുഴ: സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമേകി മഴ ശക്തമാകുന്നു. തീരദേശ മേഖലകളിലൊഴികെ മഴ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. ഇന്ന് പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് പരക്കെ ഇടിയോട് കൂടി എത്തുന്ന മഴ ചിലയിടങ്ങളില്‍ കൂടുതല്‍ ശക്തമാകും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഉച്ചയ്ക്ക് ശേഷം മിക്ക ജില്ലകളിലും ആകാശം ഭാഗികമായി മേഘാവൃതമാണ്. എന്നാല്‍ മിക്കയിടങ്ങളിലും ഇടത്തരം, ചാറ്റല്‍ മഴയാണ് വ്യാപകമായി ലഭിക്കുന്നത്. ഇത് മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് ഏറെ നേരം നീളുന്ന ശക്തമായ മഴ.
മഴ ശക്തമായതോടെ വൈദ്യുതി ഉപയോഗവും കുറഞ്ഞു. കഴിഞ്ഞ വാരം വരെ 65 ശതമാനമായിരുന്ന മഴക്കുറവ് നിലവില്‍ 51 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത്തവണ കാലവര്‍ഷം 19ന് ആന്‍ഡമാന്‍ കടലില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരുമെന്നാണ് അറിയിപ്പ്.
സാധാരണയായി 22നാണ് ആന്‍ഡമാന്‍ ഉള്‍ക്കടലില്‍ മഴ എത്തുക. തെക്കന്‍ കര്‍ണാടകയില്‍ നിലവില്‍ അന്തരീക്ഷച്ചുഴി തുടരുകയാണ്. ഇവിടെ നിന്ന് വടക്ക്പടിഞ്ഞാറന്‍ മധ്യപ്രദേശിലേക്ക് ന്യൂനമര്‍ദ പാത്തിയും നിലവിലുണ്ട്. ഇതിനൊപ്പം കന്യാകുമാരി കടലില്‍ പുതിയ അന്തരീക്ഷച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇവ രണ്ടുമാണ് മഴ ശക്തമാകാന്‍ പ്രധാന കാരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: