ആലപ്പുഴ: കായംകുളത്ത് റോഡില്‍ വീണ്ടും അഭ്യാസപ്രകടനം. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ വിന്‍ഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ശക്തമായ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടകരമായ യാത്ര നടത്തിയത്. ഇതില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു, കായംകുളം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വാഹനം പിടിച്ചെടുത്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
കായംകുളം അടൂര്‍ റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ കാട്ടി വാഹനം ഓടിച്ചവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ഐഡിറ്റിആര്‍ (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്) കീഴില്‍ എട്ടു ദിവസത്തെ ട്രെയിനിങിനു വിട്ടു മാതൃകാപരമായി ശിക്ഷിച്ചു.
അഭ്യാസപ്രകടനം നടത്തിയവരില്‍ ഒരാള്‍ 18 വയസില്‍ താഴെയുള്ളതും, ബാക്കിയുള്ളവര്‍ 20 വയസില്‍ താഴെയുമാണ്. 18 വയസ് പൂര്‍ത്തിയാകാത്ത ആളെ ഐഡിറ്റിആര്‍ ട്രെയിനിങില്‍ നിന്നും ഒഴിവാക്കി വിട്ടയയച്ചു. മറ്റുള്ളവര്‍ ഇവിടെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ സിവില്‍ സ്റ്റേഷന് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനം വിട്ടു നല്‍കുകയുള്ളു. വാഹനം ഓടിച്ച മര്ഫിന് അബ്ദുള്‍ റഹിമിന്റെ ലൈസന്‍സ് സസ്പെഡ് ചെയ്യും. റോഡ് സുരക്ഷയെക്കുറുച്ചും, വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റിയും, കാല്‍നടയാത്രക്കാരോടും മറ്റും കാണിക്കേണ്ട അനുകമ്പ കരുതല്‍ എന്നിവയടക്കം പ്രതിപക്ഷ ബഹുമാനത്തോടെ നിരത്തുകളില്‍ പെരുമാറുന്നതിനും വാഹനം ഓടിക്കുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ അറിവും ഈ ട്രെയിനിങ്ങിലൂടെ ഇവര്‍ക്ക് ലഭ്യമാകുമെന്ന് ആര്‍ടിഒ അറിയിച്ചു.
കഴിഞ്ഞയാഴ്ചയും സമാനമായ രീതിയില്‍ കെപി റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് തല പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയിരുന്നു. ഇവരെ ശിക്ഷാ നടപടിയുടെ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്നദ്ധ സേവനത്തിനായി ആലപ്പുഴ ആര്‍ടിഒ നിയോഗിച്ചിരുന്നു. കൂടാതെ വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: