തൃശൂര്‍: കരുവന്നൂരിന് പിന്നാലെ കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിലും ഇഡി അന്വേഷണത്തിന് വഴി തെളിയുന്നു. കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തതോടെയാണ് ഇഡി നടപടിക്ക് സാധ്യതയേറിയത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് മുമ്പ് പരാതി നല്‍കിയെങ്കിലും ഇഡി നടപടിയെടുത്തിരുന്നില്ല. പോലീസ് എഫ്ഐആര്‍ ഇടാത്തതാണ് ഇഡിക്ക് കേസെടുക്കാന്‍ തടസ്സമായിരുന്നത്. എന്നാല്‍ ഈ മാസം രണ്ടിന് ക്രമക്കേട് നടന്ന കാലയളവിലെ ഭരണസമിതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒല്ലൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ കേസ് എടുക്കുന്നതിനുളള ഇഡിയുടെ തടസ്സം ഒഴിവായി. തട്ടിപ്പില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എസ്.കെ. ഗോപാലകൃഷ്ണന് ഇഡി കൊച്ചി യൂണിറ്റിന് പരാതി നല്കി. ഇതോടെ ക്രമക്കേടില്‍ ഇഡി അന്വേഷണത്തിനും കുറ്റകാര്‍ക്കെതിരെ സ്വത്ത് കണ്ട്കെട്ടല്‍ അടക്കമുളള നടപടികള്‍ക്കും സാധ്യതയേറി.
ബാങ്ക് ക്രമക്കേടില്‍ കേസ് എടുക്കാനുളള കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഒല്ലൂര്‍ പോലീസ് അന്വേഷണം തുടങ്ങിയത്. തൃശൂര്‍ ജെഎഫ്സിഎം മൂന്ന് മജിസ്ട്രേറ്റ് സാന്ദ്ര മേരി നെറ്റോയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 30.12.13 മുതല്‍ 24.12.19 വരെ കാലയളവില്‍ ഭരണസമിതിയിലുണ്ടായിരുന്ന 10 പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. പ്രസിഡന്റ് റിക്സണ് പ്രിന്‍സ്, വൈസ്പ്രസിഡന്റ് കെ.ആര്. രാമദാസ്, ഡയറക്ടര്‍മാരായ അമ്പിളി സതീശന്, ജിന്റോ ആന്റണി, ഷീജ ഡെയ്സണ്‍, ജോണ്‍ വാഴപ്പിള്ളി, കെ. ആര്. സെബി, സി. ആര്. ജയിംസ്, ആശ മനോഹരന്, ശോഭന ഗോപി, അന്തരിച്ച കെ.കെ.ബാലന് എന്നിവരാണ് കുറ്റകൃത്യം ചെയ്തവരായി കണ്ടെത്തിയത്. ഇതില്‍ അന്തരിച്ച ബാലന് ഒഴികെയുളള 10 ഭരണസമിതി അംഗങ്ങള്‍ക്കെതിരെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്പെഷ്യല്‍ സെയില്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. ഭരണസമിതി അംഗങ്ങള്‍ വ്യാജരേഖ ചമച്ചും മറ്റും 27 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇഡി അന്വേഷണം എത്തുമ്പോള്‍ നെഞ്ചിടിപ്പ് ഏറുന്നത് സിപിഎം നേതാക്കള്‍ക്ക്. ഇഡി അന്വേഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടിയാണ് കേസില്‍ ഇതുവരെ എഫ്ഐആര്‍ ഇടാതിരുന്നത്. കരുവന്നൂരില്‍ പോലീസ് ഇട്ട എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് എടുത്തത്. ഇഡി അന്വേഷണത്തെ തുടര്‍ന്നാണ് എ.സി. മൊയ്തീന് അടക്കമുളളവരിലേക്ക് അന്വേഷണം എത്തിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ നടപടി കടുപ്പിക്കാനൊരുങ്ങുകയാണ് ഇഡി. രാഷ്ട്രീയ നേതാക്കളുടെ ഉള്‍പ്പെടെയുളള സ്വത്തുക്കള്‍ കണ്ട് കെട്ടി നിക്ഷേപകര്‍ക്ക് നല്‍കാനുളള നീക്കത്തിലാണ് ഇഡി. ഇത് സംബന്ധിച്ചുളള നീക്കങ്ങള്‍ തുടങ്ങിയതായി പിഎംഎല്‍എ കോടതിയില്‍ ഇഡി അറിയിച്ചു.
കുട്ടനെല്ലൂരിലും ഇഡി ഇടപെടല്‍ ഉണ്ടായാല്‍ സമാനമായ നടപടികളുണ്ടാകുമെന്ന് സിപിഎം ഭയക്കുന്നു. കുട്ടനല്ലൂരില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് ജീവനക്കാരന് തന്നെ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്താന്‍ തയ്യാറിയില്ല. ഒടുവില്‍ പരാതിക്കാരന് കോടതിയില്‍ പോയാണ് അന്വേഷണത്തിന് അനുകൂലമായ ഉത്തരവ് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പരാതിക്കാരന് ഒല്ലൂര്‍ പോലീസില്‍ കേസ് നല്‍കിയത്. കേസ് എടുക്കാതായതോടയാണ് കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവ് വന്നിട്ടും എഫ്ഐആര്‍ ഇടാന്‍ ഒരു മാസത്തോളം വൈകിപ്പിച്ചു. ആരോപണവിധേയനായ സിപിഎം നേതാവിന്റെ സമര്‍ദമാണ് ഇതിന് കാരണമെന്ന് പരാതിക്കാരന് വ്യക്തമാക്കി. ഏപ്രില്‍ ഒമ്പതിനാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മെയ് രണ്ടിനും. സിപിഎം നേതാക്കള്‍ ഇടപെട്ട് ക്രമവിരുദ്ധമായി വായ്പകള്‍ നല്‍കിയാണ് സഹകരണ ബാങ്ക് പ്രതിസന്ധിയിലായത്. വായ്പ നല്‍കിയതിലൂടെ നേതാക്കള്‍ വലിയ തോതില്‍ പണം കമ്മീഷനായി കൈപ്പറ്റിയതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: