നെയ്യാറ്റിന്‍കര: ശക്തമായ മഴയും കാറ്റും തെക്കന്‍ മേഖലകളില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി. ഇന്നലെ ഉച്ചയോടെ പെയ്തിറങ്ങിയ മഴയിലാണ് വ്യാപകമായ കൃഷിനാശവും മറ്റും ഉണ്ടായത്. മഞ്ചവിളാകം സ്കൂളില്‍ മരം വീണു. പരശുവയ്ക്കലില്‍ വ്യാപകമായി കൃഷിനാശവും ഉണ്ടായി. പലയിടത്തായി പതിനായിരത്തോളം വാഴകളാണ് ഒടിഞ്ഞു വീണത്.
കടുത്ത വേനലില്‍ കഷ്ടപ്പെട്ട് വെള്ളം ഒഴിച്ച് പരിപാലിച്ച് കൊണ്ടുവന്നിരുന്ന വാഴകളാണ് ഒടിഞ്ഞുവീണ് നശിച്ചത്. നാശം സംഭവിച്ച വാഴകളില്‍ ഭൂരിഭാഗവും കുലച്ച ഏത്തന് വാഴകളാണ്. നെയ്യാറ്റിന്‍കരയിലെ വിവിധ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ട്. മഞ്ചവിളാകം ഗവ. യുപിഎസ് സ്കൂള്‍ പരിസരത്ത് നിന്നിരുന്ന മരം ഒടിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സ്കൂളില്‍ കുടുംബശ്രീയുടെ പഞ്ചായത്ത് തല മീറ്റിംഗ് നടന്നിരുന്നു.
മീറ്റിങ്ങിന് പങ്കെടുത്തവരുടെ വാഹനത്തിലാണ് മരം ഒടിഞ്ഞുവീണത്. അതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചു. നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് ശിഖരങ്ങള്‍ മാറ്റി. അപകട ഭീഷണിയായ മരങ്ങള്‍ മാറ്റണമെന്നു ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറാകാത്തത് കാരണമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും വലിയൊരു ദുരന്തമാണ് ഒഴിവായതെന്നും നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് കൊല്ലയില്‍ പാങ്കോട്ടുകോണം ചെറിയ പുന്നക്കാവ് പ്രദേശത്ത് വന്‍കൃഷി നാശമുണ്ടായി. കാറ്റില്‍ റബര്‍ മരങ്ങള്‍ വ്യാപകമായി കടപുഴകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: