വര്‍ക്കല: വിനോദ സഞ്ചാര പ്രാധാന്യമുള്ള നിരവധി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് വര്‍ക്കലയിലെ ടൂറിസം മേഖല. വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ തലത്തില്‍ ഈ രംഗത്ത് ചെലവഴിക്കുന്നത്. ഇത്തരത്തില്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ കീഴില്‍, മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാദേശിക ടൂറിസം വികസനത്തിനായി ഒന്നേകാല്‍ കോടിയിലധികം രൂപ ചെലവഴിച്ചാണ് വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അരിവാളം ടൂറിസം പദ്ധതി നടപ്പിലാക്കിയത്.
ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ലക്ഷ്യം വച്ച് 2016 മാര്‍ച്ചില്‍ യാഥാര്‍ഥ്യമായ പദ്ധതി ഇന്ന് പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അന്നത്തെ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വിശാലമായ അരിവാളം ബീച്ച് പാര്‍ക്കില്‍ വാരാന്ത്യദിനങ്ങളില്‍ നിരവധി ആഭ്യന്തര വിനോദസഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികള്‍ക്ക് ആവശ്യമായ വിശ്രമകേന്ദ്രങ്ങള്‍, ടോയ്‌ലെറ്റ് സംവിധാനങ്ങള്‍, കുടിവെള്ളം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പാര്‍ക്ക് ഇന്ന് വികൃതമായ ടൂറിസത്തിന്റെ മുഖമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
കുടിവെള്ള സംവിധാനങ്ങളും ടോയ്‌ലെറ്റുകളും തകര്‍ക്കപ്പെട്ട നിലയിലുള്ള ഇവിടത്തെ വിശ്രമകേന്ദ്രങ്ങള്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി കഴിഞ്ഞു. വൈദ്യുതീകരണ വയറുകള്‍ മോഷ്ടിക്കപ്പെട്ട അവസ്ഥയിലും മീറ്ററുകള്‍ തുരുമ്പെടുത്തു നശിച്ച നിലയിലുമാണ്. ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തെരുവുനായയുടെ ജീര്‍ണിച്ച അവശിഷ്ടങ്ങള്‍ മനംമടുപ്പിക്കുന്ന കാഴ്ചകളായി മാറി. കടല്‍ത്തീരത്തും പാര്‍ക്കിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്. ഇതെല്ലാം തന്നെ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. സമീപത്തെ പൈന്‍ മരങ്ങളും നൂറോളം തെങ്ങുകളും ടൂറിസം വികസനത്തിനായി നശിപ്പിക്കപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ ഒരു സെക്യൂരിറ്റിയെ പാര്‍ക്കിന്റെ സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് പിന്‍വലിക്കപ്പെട്ടു. ഒന്നാം പാലം മുതല്‍ ചിലക്കൂര്‍ വരെ ഇരുന്നൂറോളം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നിടത്ത് അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍ ഇരുളടഞ്ഞ പ്രദേശമായി ഇവിടം മാറി. ഒട്ടേറെ ലൈറ്റുകള്‍ ജലപാതാ വികസനവുമായി ബന്ധപ്പെട്ട് നടന്ന നവീകരണപ്രവര്‍ത്തനങ്ങളില്‍ നശിപ്പിക്കപ്പെട്ടു. ടൂറിസം വികസനത്തിനായി ഇവിടം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പരമ്പരാഗത മത്സ്യബന്ധനം ഉപജീവനമാര്‍ഗമായിരുന്ന നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നതും വസ്തുതയാണ്.
പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പ്രധാന പ്രശ്‌നമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. റാത്തിക്കല്‍ വലിയ പള്ളിക്ക് സമീപമുള്ള റോഡ് കഴിഞ്ഞ മഴക്കാലത്ത് പൂര്‍ണമായും തകര്‍ന്നിരുന്നതിനാല്‍ ഇതുവഴി നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നു പോകാന്‍ കഴിയുന്നത്. വാഹനപാര്‍ക്കിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ റോഡ് വികസനം സാധ്യമാകേണ്ടതുണ്ട്. വര്‍ക്കല വെട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വികസന സ്വപ്‌നങ്ങളില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുന്ന പദ്ധതിയാണ് അന്യാധീനപ്പെട്ട നിലയില്‍ ഇന്നുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: