തൃശ്ശൂര്‍: ഭാരതത്തിലെ ഏറ്റവും വലിയ ഹിന്ദു സമുദായമായിട്ടും വിശ്വകര്‍മ്മ സമുദായം കടുത്ത പ്രതിസന്ധികള്‍ നേരിടുകയാണെന്നും ഇതിനു പരിഹാരമായി സമുദായ നവോത്ഥാനത്തിനു വേണ്ടി സംഘടിച്ചു മുന്നേറണമെന്നും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ്മ നവോത്ഥാന്‍ ഫൗണ്ടേഷന്‍ (വിഎന്‍എഫ്) ആവശ്യപ്പെട്ടു.
വിശ്വകര്‍മ്മജര്‍ ചെയ്തിരുന്ന പാരമ്പരൃ തൊഴില്‍ മേഖലകളില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ വന്നതും വര്‍ധിച്ച തോതിലുള്ള യന്ത്രവല്‍കരണവും കാരണം ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് സംസ്ഥാന പ്രസിഡന്റ് മുരളീ ദാസ് സാഗര്‍ പറഞ്ഞു. ഇതിനു പരിഹാരം കാണാതെ ഭരണകൂടങ്ങള്‍ നിസംഗതയും അവഗണനയുമാണ് കാണിച്ചിട്ടുള്ളതെന്നും ഇതിനു പരിഹാരമായി സംഘടിച്ചു മുന്നേറുകയാണു വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഎന്‍എഫിന്റെ തൃശ്ശൂര്‍ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അജിതന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിഎന്‍എഫ് സംസ്ഥാന ട്രഷറര്‍ വി.യു. മോഹനന്‍ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. വി.എന്‍. എഫ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംസ്ഥാന സെക്രട്ടറി കെ. സജി മുഖ്യപ്രഭാഷണം നടത്തി. പി.കെ. സുരേന്ദ്രന്‍, സത്യന്‍ പടിഞ്ഞാറൂട്ട്, സജി കൊട്ടിയൂര്‍, ഡോ. ടി.വി. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ. സുരേന്ദ്രന്‍ കൃതജ്ഞത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: