തൊടുപുഴ: സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം താത്കാലികമായി പിന്‍വലിച്ചു. പരക്കെ വേനല്‍മഴ ശക്തമായതോടെയാണ് താപനില മുന്നറിയിപ്പ് മഴ മുന്നറിയിപ്പിലേക്ക് മാറിയത്.
ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയെത്തും. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്. ഇന്നലെ ഒട്ടുമിക്ക ജില്ലകളിലും മഴ എത്തി. ഉച്ചക്ക് ശേഷം ആകാശം മേഘാവൃതമായിരുന്നു. ഇതോടെയാണ് താപനില ഗണ്യമായി കുറഞ്ഞത്. പകല്‍ സമയത്തെ കൂടിയ താപനില 30 മുതല്‍ 32 ഡിഗ്രിയിലേക്ക് കുറഞ്ഞിട്ടുണ്ട്. ഹൈറേഞ്ച് മേഖലയില്‍ 24 ഡിഗ്രിയില്‍ താഴെയാണിത്. രാത്രി സമയങ്ങളില്‍ ശരാശരി താപനില 25 ഡിഗ്രിയില്‍ താഴെ എത്തി.
ജനുവരിയില്‍ തണുപ്പ് കുറഞ്ഞതോടെ സംസ്ഥാനത്ത് താപനില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഫെബ്രുവരി പാതിയോടെ ഇത് അസഹ്യമായി തുടങ്ങിയിരുന്നു. ഫെബ്രു. 21 മുതല്‍ ആണ് സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് വരുന്നത്. പിന്നീട് ചരിത്രത്തില്‍ തന്നെ ആദ്യമായി ഏപ്രില്‍ അവസാനം ഉഷ്ണതരംഗ മുന്നറിയിപ്പ് വരികയും പാലക്കാട് ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതല്‍ കന്യാകുമാരി കടല്‍ വരെ ന്യൂനമര്‍ദപാത്തിയും ഇതിനൊപ്പം തെക്ക്കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദപാത്തിയും തുടരുകയാണ്. ഇതാണ് സംസ്ഥാനത്തടക്കം മഴ ശക്തമാകാന്‍ കാരണം. വേനല്‍മഴയില്‍ ഇതുവരെ 57 ശതമാനം കുറവാണുള്ളത്. കോട്ടയത്ത് ഇതുവരെ ശരാശരി മഴ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത് കോഴിക്കോട് ജില്ലയിലാണ്. നാലര മാസങ്ങള്‍ക്ക് ശേഷമാണ് വടക്കന്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ കഴിഞ്ഞദിവസം മഴ എത്തിയത്.
മഴ വ്യാപകമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ ശരാശരി 10 ദശലക്ഷം യൂണിറ്റിന്റെ കുറവ് ഇതുവരെ വന്നിട്ടുണ്ട്. മഴയ്ക്കൊപ്പമെത്തുന്ന കാറ്റില്‍ വൈദ്യുതി വിതരണത്തിലുണ്ടാകുന്ന തടസവും ഇതിന് മറ്റൊരു കാരണമാണ്. 98.8319 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്.
മാര്‍ച്ച് 13 മുതലാണ് വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടക്കുന്നത്. പിന്നീട് അവധി ദിവസങ്ങളിലൊഴികെ ഇത് കാര്യമായി കുറഞ്ഞിരുന്നില്ല. ഏതാണ്ട് രണ്ട് മാസത്തോട് അടുക്കുമ്പോഴാണ് വൈദ്യുതി ഉപഭോഗം 10 കോടിക്ക് താഴെ വീണ്ടും എത്തുന്നത്. ഞായറാഴ്ചകളില്‍ പോലും 10.2 കോടി ആയിരുന്നു ഉപഭോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: