ഭുവനേശ്വര്‍: ഫെഡറേഷന് കപ്പ് അത്ലറ്റിക്സിന്റെ 27-ാം പതിപ്പിന് ഇന്ന് തുടക്കം. ഓഡീഷയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. ഇത്തവണത്തെ ഫെഡറേഷന് കപ്പിലെ പ്രധാന ആകര്‍ഷണം ഒളിംപിക്സിലെയും ലോക ചാമ്പ്യന്‍ഷിപ്പിലെയും സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര മത്സരിക്കുന്നതാണ്. കഴിഞ്ഞ ദിവസം ദോഹ ഡയമണ്ട് ലീഗില്‍ മത്സരം പൂര്‍ത്തിയാക്കിയ താരത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഇവിടെയാണ്.
ഇന്ന് തുടങ്ങുന്ന ഫെഡറേഷന് കപ്പ് 15നാണ് അവസാനിക്കുക. അവസാന ദിവസമായിരിക്കും നീരജ് ഉള്‍പ്പെടെയുള്ളവരുടെ ജാവലിന്‍ ത്രോ. നീരജിനൊപ്പം ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് വേണ്ടി മത്സരിച്ച കിഷോര്‍ കുമാര്‍ ജെനയും മത്സരിക്കാനിറങ്ങും. ജെന ഡയമണ്ട് ലീഗില്‍ മത്സരിച്ചെങ്കിലും ഒമ്പതാം സ്ഥാനത്തേ ഫിനിഷ് ചെയ്തുള്ളൂ. ഇരുവരെയും കൂടാതെ ഡി.പി. മനുവും ജാവലിനുമായി ഭുവനേശ്വറില്‍ ഇറങ്ങും.
ഫെഡറേഷന് കപ്പിലെ മറ്റൊരു പ്രധാന ആകര്‍ഷണം ലോങ് ജംപ് താരം ജെസ്വിന് ആള്ഡ്രിന് ആണ്. മുരളി ശ്രീശങ്കര്‍ പരിക്കിന്റെ പിടിയിലായി വിശ്രമത്തില്‍ കഴിയുന്ന സ്ഥിതിക്ക് ജെസ്വിന് ആണ് ലോങ് ജംപിലെ പ്രധാന താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: