പാലക്കാട്ടേക്കുള്ള യാത്രയുടെ ലക്ഷ്യങ്ങളിലൊന്ന് മമ്മിയൂരിലെ ‘നാലപ്പാട്ട്’ വീടായിരുന്നു. അവിടെ മലയാള സാഹിത്യത്തിന്റെ മഹാഗോപുരമായ നാലപ്പാട്ട് നാരായണമേനോന്റെ ഭാഗിനേയിയുടെ മകളും, മലയാള കവിതയുടെ അമ്മമുഖമായ ബാലാമണിയമ്മയുടെ സഹോദരീ പുത്രിയും, കഥയുടെ രാജകുമാരിയായിരുന്ന മാധവിക്കുട്ടിയുടെ ഇളയമ്മയുടെ മകളുമായ സുവര്‍ണ നാലപ്പാട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്തെ മൂന്നു പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിനുശേഷം അറിവിന്റെ പാരാവാരം നുകര്‍ന്ന് ഈ ജ്ഞാന തപസ്വിനി താമസിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഗുരുവായൂരപ്പന്റെ തട്ടകത്തില്‍ നിന്ന് വിളിപ്പാടകലെയുള്ള മമ്മിയൂരാണ്.
കാണാന്‍ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ‘നന്ദനം എബോര്‍ഡ്’ എന്നു പേരുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയില്‍ നിന്നും തുറക്കുന്ന സ്വീകരണ മുറിയിലേക്ക് പ്രൊഫ. പി.ജി. ഹരിദാസിനും തപസ്യയുടെ മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയും ഇപ്പോഴത്തെ സെക്രട്ടറിയുമായ സി.രജിത് കുമാറിനുമൊപ്പം കയറിച്ചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ കാത്തിരിക്കുകയായിരുന്നു ഡോ. സുവര്‍ണ്ണ. മുറിനിറയെ പുസ്തകങ്ങള്‍. നൂറുകണക്കിന് പേജുകളുള്ള തടിച്ച പുസ്തകങ്ങളുടെ ഉള്ളടക്കം ബൈന്‍ഡ് ചെയ്ത് വച്ചിരിക്കുന്നു. എല്ലാം വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലെ ആധികാരികമായ വിവരങ്ങള്‍, വിനിമയങ്ങള്‍. അവയില്‍ ചിലത് മറിച്ചുനോക്കി. മലയാളത്തില്‍ ഇങ്ങനെയും ഒരു എഴുത്തുകാരിയോ! ആരും അതിശയിച്ചു പോകും.
തപസ്യ കലാസാഹിത്യവേദിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും, ഇപ്പോള്‍ വര്‍ക്കിങ് പ്രസിഡന്റുമായ ഹരിദാസ് സാറാണ് സംഭാഷണത്തിന് തുടക്കം കുറിച്ചത്. കമ്പ്യൂട്ടറില്‍ എഴുതിക്കൊണ്ടിരുന്ന ഏതോ പുസ്തകത്തെക്കുറിച്ചുള്ള ചിന്തയില്‍നിന്ന് വിടുതല്‍ നേടി ഡോ.സുവര്‍ണ അതില്‍ പങ്കുചേര്‍ന്നു. പ്രതിഭകളുടെ വിഹാരരംഗമായ നാലപ്പാട്ട് തറവാടിനെക്കുറിച്ച്, ഗാന്ധിയനായിരുന്ന സ്വന്തം അച്ഛനെക്കുറിച്ച്, നാലപ്പാട്ട് നാരായണമേനോനെക്കുറിച്ച്, തന്റെ പുസ്തകങ്ങളെക്കുറിച്ചും പഠനങ്ങളെക്കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചും, തപസ്യയുമായുള്ള പതിറ്റാണ്ടുകളുടെ ആത്മബന്ധത്തെക്കുറിച്ച്…
കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായിരുന്ന കെ.ജി.കരുണാകര മേനോന്റെയും അമ്മിണിയമ്മയുടെയും മകളായി 1946 ല്‍ നാലപ്പാട്ട് തറവാട്ടിലാണ് സുവര്‍ണ ജനിച്ചത്. ആര്‍ഷജ്ഞാനം എഴുതിയ നാലപ്പാടനിലൂടെ തത്വചിന്തയിലേക്കും സഹോദരിയായ കൊച്ചുഅമ്മയിലൂടെ ഭക്തിയിലേക്കും വന്ന സുവര്‍ണ്ണയ്‌ക്ക് സാമൂഹ്യസേവനത്തിന്റെ പാതതെളിച്ചത് മാതാപിതാക്കളാണ്. വലിയ രാഷ്‌ട്രീയ നേതാവായിരുന്ന അച്ഛന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മക്കളെയും ഒപ്പംകൂട്ടുമായിരുന്നു. ജനജീവിതം അടുത്തറിയാന്‍ വേണ്ടിയായിരുന്നു ഇത്. മക്കള്‍ ദന്തഗോപുരവാസികളാവരുതെന്ന് ആ അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു.
ആദ്യ കവിതയും ലേഖനവും
നാലപ്പാട്ടെ ആദ്യകവി അമ്മാളുമാണ്. നാലപ്പാട്ട് നാരായണമേനോന്റെ അമ്മയായ മാധവിയമ്മയുടെ അനുജത്തി. ഈ കുട്ടിച്ചെറിയമ്മയുടെ കൃഷ്ണ കവിതകള്‍ കേട്ടാണ് സുവര്‍ണ്ണ കവിതയില്‍ പിച്ചവച്ചത്. ഭക്തമീരയെപ്പോലെ അവിവാഹിതയായി കഴിഞ്ഞ അമ്മാളു ആരാധിച്ചിരുന്ന കൃഷ്ണന്റെ ഒരു ഫോട്ടോ ‘ഇനി ഇത് നിന്റെ കയ്യിലാണ് ഇരിക്കേണ്ടത്’ എന്നു പറഞ്ഞ് അമ്മ മരിക്കുന്നതിനു മുന്‍പ് സുവര്‍ണ്ണയെ ഏല്‍പ്പിച്ചു. ഈ അമ്മാളുവിന്റെ പുനര്‍ജന്മമാണ് സുവര്‍ണയെന്ന് അമ്മമ്മയും അമ്മയും വിശ്വസിച്ചു. അമ്മാളുവിന്റെ പെട്ടിയില്‍ ഉണ്ടായിരുന്നത് ”കൃഷ്ണാ, നിനക്കു തരാനായി എന്റെ കയ്യില്‍ പരിശുദ്ധമായ ഈ ശരീരവും ആത്മാവും അല്ലാതെ മറ്റൊന്നുമില്ല” എന്ന് ആരംഭിക്കുന്ന വരികള്‍ കുറിച്ച കുറെ മഞ്ഞക്കടലാസു കെട്ടുകളായിരുന്നുവെന്ന് സുവര്‍ണ്ണ ഓര്‍ക്കുന്നു. മാധവിക്കുട്ടി ഉള്‍പ്പെടെ നാലപ്പാട്ട് സ്ത്രീകളുടെ കൃഷ്ണ പ്രണയം പ്രസിദ്ധമാണല്ലോ.
ബാലാമണി അമ്മയാണ് സുവര്‍ണയെ കവിതയിലേക്ക് കൈപിടിച്ചു നടത്തിയത്. ”നാലപ്പാട്ട് കുടുംബത്തില്‍ ബാലാമണിയമ്മയുടെ പാരമ്പര്യം നിലനിര്‍ത്താന്‍ കഴിവുള്ള ഒരു സ്ത്രീയെ കേരളം കണ്ടെത്തും എന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് സുവര്‍ണ്ണയുടെ ‘സാന്ദ്രാനന്ദം’ എന്ന കാവ്യസമാഹാരത്തെക്കുറിച്ച് എഴുതിയ കത്തില്‍ ഡോ.സുകുമാര്‍ അഴീക്കോട് പറയുന്നത്.
നാലപ്പാട്ട് നാരായണമേനോന്‍ മരിച്ച ദിവസമാണ് ‘മാതൃഭൂമി’ ബാലപംക്തിയില്‍ സുവര്‍ണയുടെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. അതും എട്ടാമത്തെ വയസ്സില്‍. ഇതേ പംക്തിയില്‍ പിന്നീട് ആദ്യ ലേഖനവും പ്രസിദ്ധീകരിച്ചു. എം.ടി. വാസുദേവന്‍ നായരുടെ ആദ്യനോവലായ ‘പാതിരാവും പകല്‍വെളിച്ചവും’ വിമര്‍ശനവിധേയമാക്കുന്നതായിരുന്നു ഇത്. എം.ടി വലിയ സാഹിത്യനായകനാവുമെന്ന് ഈ ലേഖനത്തില്‍ പറയുന്നത് പിന്നീട് യാഥാര്‍ത്ഥ്യമായി. പതിനാല് വയസ്സുള്ള കുട്ടിയുടേതായിരുന്നു ഈ പ്രവചനം! പ്രതിഭയുടെ തിളക്കം ഇതില്‍നിന്ന് വ്യക്തമാണല്ലോ. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണത്തില്‍ അനുശോചിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിലാണ് വലുതായതിനുശേഷമുള്ള സുവര്‍ണയുടെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. ‘അനാദി’ എന്ന ആത്മീയ മാസികയില്‍ അദൈ്വത ദര്‍ശനത്തെക്കുറിച്ചുള്ള ലേഖനവും പ്രസിദ്ധീകരിച്ചു. എട്ട് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കാലത്ത് എഴുതിയ കവിതകളുടെ സമാഹാരമായ ‘താമരപ്പൂക്കള്‍’ ആണ് ആദ്യ പുസ്തകം. തത്വചിന്തയോടുള്ള ആഭിമുഖ്യമാണ് ഈ കവിതകളെ വ്യത്യസ്തമാക്കിയത്.
വൈദ്യശാസ്ത്രത്തിനും വഴികാട്ടി
രാമരാജ മെമ്മോറിയല്‍ പ്രൈമറി സ്‌കൂളിലെയും പുന്നയൂര്‍ക്കുളത്തെ വന്നേരി ഹൈസ്‌കൂളിലെയും പഠനം പൂര്‍ത്തിയാക്കിയ സുവര്‍ണ്ണ കേരളസര്‍വകലാശാലയ്‌ക്കു കീഴിലെ ഗുരുവായൂര്‍ ലിറ്റില്‍ ഫഌവര്‍ വനിതാ കോളജില്‍നിന്ന് ബിഎസ്‌സി ബിരുദം നേടിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു ചേര്‍ന്നു. പതോളജിയില്‍ എംഡി ബിരുദം കരസ്ഥമാക്കി. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ അധ്യാപികയായി മുപ്പത്തിരണ്ട് വര്‍ഷം പ്രവര്‍ത്തിച്ച് വിരമിച്ചശേഷം എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പതോളജി മേധാവിയായും പ്രവര്‍ത്തിച്ചു.
ആരോഗ്യപരിപാലനത്തില്‍ മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പാഠ്യപദ്ധതി അവതരിപ്പിക്കാന്‍ ഡോ.സുവര്‍ണയ്‌ക്ക് കഴിഞ്ഞു. സംഗീത ചികിത്സയിലൂടെ കുടുംബങ്ങളുടെ ആരോഗ്യപരിപാലനം ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി ചേര്‍ന്ന് ഈ പരിപാടി വിജയകരമായി നടപ്പാക്കുകയും ചെയ്തു. എഴുപത്തിരണ്ട് മേളകര്‍ത്താ രാഗങ്ങളെ ആയുര്‍വേദം, സാഹിത്യം, പ്രാചീന ഭാരതീയ ജ്യോതിശാസ്ത്രം എന്നിവയുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു ഇത്.
മെഡിക്കല്‍ സര്‍വകലാശാല എന്ന ആശയവും സുവര്‍ണ നാലപ്പാട്ട് അവതരിപ്പിക്കുകയുണ്ടായി. കോഴിക്കോട് സര്‍വകലാശാലയുടെ ജോണ്‍ മത്തായി സെന്റര്‍ ഫോര്‍ മ്യൂസിക് ആന്‍ഡ് ഡ്രാമയില്‍ സംഗീതത്തില്‍ എംഎ ബിരുദമുള്ളവര്‍ക്കായി സംഗീത ചികിത്സയില്‍ പരിശീലനംനല്‍കി. ഇങ്ങനെയൊന്ന് കേരളത്തിലാദ്യമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയുവിലും ഡയലാസിസ് യൂണിറ്റിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ പ്രായോഗിക ഗവേഷണ പരിശീലനം നല്‍കി. എംജി സര്‍വകലാശാലയില്‍ സംഗീത ചികിത്സയ്‌ക്കുവേണ്ടി ഒരു ചെയര്‍ സ്ഥാപിക്കാനും, ഇതുസംബന്ധിച്ച പ്രഭാഷണ പരമ്പര സംഘടിപ്പിക്കാനുമുള്ള നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്തു. കേരള സര്‍വകലാശാലയിലെ മ്യൂസിക് തെറാപ്പി പരിശീലന പരിപാടിയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു.
ഭക്ഷണത്തിലൂടെയും പോഷകാഹാരത്തിലൂടെയും പ്രതിരോധ ശക്തി വളര്‍ത്തിവേണം ആരോഗ്യപരിപാലനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനെന്ന അഭിപ്രായമാണ് സുവര്‍ണയ്‌ക്കുള്ളത്. പോഷാകാഹാരത്തിന്റെ കുറവുമൂലമാണ് കുട്ടികളില്‍ ലുക്കീമിയയും വിളര്‍ച്ചയുമൊക്കെ ഉണ്ടാകുന്നതെന്ന് ചികിത്സാനുഭവത്തില്‍നിന്ന് സുവര്‍ണ മനസ്സിലാക്കിയിരുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്കും അവയിലെ ആഡംബര ചികിത്സകള്‍ക്കും വേണ്ടി പണം ചെലവഴിക്കുന്നതിനു പകരം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്ന് ചിന്തിച്ചു. ആരോഗ്യ ഗ്രാമങ്ങള്‍ ഏറ്റെടുത്ത് ഓരോ കുടുംബത്തിന്റെയും ഭക്ഷ്യ സ്വയംപര്യാപ്തത മെച്ചപ്പെടുത്തി ഈ രംഗത്ത് രാഷ്‌ട്രം നേരിടുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന ബോധ്യത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സുവര്‍ണ്ണ നേതൃത്വം നല്‍കി.
ഭരണനിപുണയും വൈദ്യശാസ്ത്ര അധ്യാപികയും ഗവേഷകയും എന്നതുകൂടാതെ സാഹിത്യം, തത്വചിന്ത, ദര്‍ശനം, സംഗീത ചികിത്സ, ചരിത്രം, സാമൂഹ്യശാസ്ത്രങ്ങള്‍, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ, ആത്മീയത എന്നിങ്ങനെ വിവിധ മേഖലകളില്‍ മൗലികമായ സംഭാവനകള്‍ നല്‍കാന്‍ ഡോ. സുവര്‍ണ്ണ നാലപ്പാട്ടിന് കഴിഞ്ഞിട്ടുണ്ട്. നല്ലൊരു പ്രഭാഷകയായ അവര്‍ സംഗീത ചികിത്സ, ആയുര്‍വേദം, ജ്യോതിശാസ്ത്രം, ഭാരതത്തിന്റെ വൈദ്യശാസ്ത്ര പാരമ്പര്യം എന്നീ വിഷയങ്ങളില്‍ നിരവധി സര്‍വകലാശാലകളിലും കോളജുകളിലും കനപ്പെട്ട പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭാരതത്തിലെ പ്രാചീന സര്‍വകലാശാലകളെക്കുറിച്ച് സമഗ്രമായി പഠിച്ച് അവയുടെ കാലഗണന, ഘടന, അനുബന്ധ ശാഖകള്‍, പ്രവര്‍ത്തനരീതി, പഠന സാമഗ്രികള്‍ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുകയുണ്ടായി.
തൃപ്രയാര്‍ ശ്രീരാമക്ഷേത്ര ഭിത്തിയിലെ അലക്‌സാണ്ടറുടെ പ്രതിമ, ചേര്‍പ്പ് പെരുവനം ക്ഷേത്രത്തിലെ പുരുവുമൊക്കെ ചരിത്ര ഗവേഷണത്തില്‍ സുവര്‍ണയുടെ കണ്ടുപിടുത്തങ്ങളാണ്. പെരുവനത്തിന് ‘പുരുവനം’ എന്നും പേരുണ്ടല്ലോ. മൂഷക വംശവുമായുള്ള ബന്ധമാണ് പുരുവിനെ പെരുവനത്തെത്തിച്ചത്. പെരുവനം ക്ഷേത്രത്തിലെ ‘തൊടുകുളം’ പുരു നിര്‍മ്മിച്ചതാണത്രേ. ഉത്തരഭാരതത്തില്‍ നിന്ന് കൊണ്ടുവന്ന് പുരു പ്രതിഷ്ഠിച്ചതാണ് മഠത്തിലപ്പന്‍ എന്ന ശിവവിഗ്രഹമെന്നും കരുതപ്പെടുന്നു. പുരുവിന് (പോറസ്) അലക്‌സാണ്ടറുമായുള്ള ബന്ധം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണല്ലോ. ഗവേഷണങ്ങളെല്ലാം ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാനുള്ള റി-സേര്‍ച്ച് ആണെന്ന് വിശ്വസിക്കുന്ന ചരിത്രകാരിയാണ് സുവര്‍ണ. ലോകസമാധാനത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും മൂല്യാധിഷ്ഠിത ജീവിതം ആവശ്യമാണ്. സര്‍വ ചരാചരങ്ങളിലും ഏകത ദര്‍ശിക്കുന്ന അദൈ്വതചിന്തയാണ് ഇതിന് അടിസ്ഥാനമാവേണ്ടതെന്ന് സുവര്‍ണ്ണ കരുതുന്നു.
ആത്മാന്വേഷണത്തിന്റെ അക്ഷരസുകൃതം
വേദോപനിഷത്തിന്റെ കാലത്ത് യാജ്ഞവല്‍ക്യനോട് സംവദിക്കുന്നയാളാണല്ലോ മൈത്രേയി. സുവര്‍ണ്ണ നാലപ്പാട്ടിലും ഒരു മൈത്രേയി സത്ത ഉള്ളതായി പ്രശസ്ത നിരൂപകന്‍ ആഷാമേനോന്‍ നിരീക്ഷിക്കുന്നു. എങ്കില്‍പ്പോലും ആത്മാന്വേഷണങ്ങളില്‍ സ്ത്രീക്ക് അര്‍ഹമായ ഭൂമിക നല്‍കപ്പെട്ടിരുന്നോ എന്നും സംശയിക്കുന്നുണ്ട്. സ്ത്രീ രചിച്ച ഏതെങ്കിലും ഒരു ദര്‍ശന കൃതി നമുക്ക് ലഭ്യമല്ലല്ലോ. ഇവിടെയാണ് സുവര്‍ണ്ണ നാലപ്പാടിന്റെ ചിന്തകളെയും രചനകളെയും നാം വിലമതിക്കേണ്ടത്.
സാധാരണഗതിയില്‍ ഒരു സ്ത്രീയില്‍നിന്ന് പ്രതീക്ഷിക്കാനാവാത്ത വൈജ്ഞാനിക സംഭാവനയാണ് സുവര്‍ണ്ണ നാലപ്പാട്ട് നമുക്ക് നല്‍കിയിട്ടുള്ളത്. കല, സാഹിത്യം, സംസ്‌കാരം, ആത്മീയത, ശാസ്ത്രം എന്നീ മേഖലകളില്‍ 200 ലേറെ പുസ്തകങ്ങള്‍. സംസ്‌കൃതത്തില്‍ അപാര ജ്ഞാനമുള്ള അവര്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും അനായാസമായി എഴുതാന്‍ കഴിയും. എഴുപത്തിയേഴാം വയസ്സിലും ഈ എഴുത്ത് അഭംഗുരം തുടരുകയാണ്. ഓര്‍മ്മകള്‍ക്ക് തെല്ലുപോലും മങ്ങലില്ല. ധിഷണ ഊര്‍ജ്ജസ്വലമാണ്. തീര്‍ച്ചയായും ഇത് ഒരു അനുഗ്രഹമായിരിക്കുമല്ലോ.
ഭഗവദ്ഗീതയും ഉപനിഷത്തുക്കളും ബ്രഹ്മസൂത്രവും അടങ്ങുന്ന പ്രസ്ഥാനത്രയത്തിന് ഭാഷ്യം എഴുതിയ വനിത എന്ന ബഹുമതി മറ്റാര്‍ക്കെങ്കിലും അവകാശപ്പെടാനാവുമെന്ന് തോന്നുന്നില്ല. 12 ഉപനിഷത്തുകളെക്കുറിച്ചുള്ള സപ്ത സിന്ധു, ഭഗവദ്ഗീതയുടെ വ്യാഖ്യാനമായ സൗവര്‍ണ്ണം, ബ്രഹ്മസൂത്രത്തിന്റെ ഭാഷ്യമായ ബ്രഹ്മസിന്ധു. താമരപ്പൂക്കള്‍, സാന്ദ്രാനന്ദം, മധുരലയം (കവിതകള്‍), അമൃതജ്യോതി (മതപഠനം), കാലഘട്ടത്തിന്റെ ഓര്‍മ്മ, മുദ്ര, നാലപ്പാടന്റെ ചക്രവാള ചെമ്പുരുളി, (സാഹിത്യ നിരൂപണം), ഇന്നത്തെ അമ്മ (ബാലസാഹിത്യം), പത്മസിന്ധു (തത്വചിന്ത), ഇന്ത്യയെ കണ്ടെത്തല്‍ പഞ്ചസിദ്ധാന്തികയിലൂടെ (ജ്യോതിശാസ്ത്രം), പുഴയുടെ കഥ (നോവല്‍), പാഥേയം (ആത്മകഥ), നാദലയ സിന്ധു, രാഗചികിത്സ-വിദ്യാഭ്യാസത്തിലും ഭരണത്തിലും മാനേജ്‌മെന്റിലും (മ്യൂസിക് തെറാപ്പി), സുദര്‍ശനം (ഗണിതം) തുടങ്ങിയവയാണ് സുവര്‍ണ്ണ നാലപ്പാട്ടിന്റെ പ്രമുഖ കൃതികള്‍. വിവിധ വിഷയങ്ങളെക്കുറിച്ച് പുസ്തക രൂപത്തിലാക്കാവുന്ന പ്രബന്ധങ്ങള്‍ നിരവധിയാണ്. ഇവയൊക്കെ ചേരുമ്പോള്‍ വിജ്ഞാനത്തിന്റെ അതിവിശാലമായ ഒരു ഭൂഖണ്ഡം തന്നെ ഈ എഴുത്തുകാരി സൃഷ്ടിച്ചിട്ടുള്ളതായി കാണാം.
സുവര്‍ണ്ണ നാലപ്പാട്ടിന്റെ എഴുത്തു ജീവിതത്തെക്കുറിച്ച് ആഷാ മേനോന്‍ പറയുന്നത് നോക്കുക: ”അന്വേഷണമാണ് സുവര്‍ണ്ണ നാലപ്പാട്ടിന്റെയും സര്‍ഗശക്തിയുടെ രഹസ്യം എന്നുപറയാം. ഓരോ രചനയും ഓരോ പുതിയ അന്വേഷണമാണ്. ഒരു ചിത്രകാരന്റെ സൂക്ഷ്മ ദൃഷ്ടിയോടെ, ഒരു ശില്‍പ്പിയുടെ ഏകാഗ്രമായ നിര്‍മ്മാണ കൗശലത്തോടെ, ഒരു കവിയുടെ വികാരത്തോടെ, ഒരു ഗുരുവിന്റെ ആത്മസമര്‍പ്പണത്തോടെയാണ് ഈ നാലപ്പാട്ടുകാരി തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നത്. ശ്രീവിദ്യ പ്രസ്ഥാനത്രയം മാത്രം മതി ആ ബുദ്ധിയും നൈപുണ്യവും മനസ്സിലാക്കാന്‍. ലളിതാസഹസ്രനാമത്തിലെ ഓരോ വാക്കുകള്‍ക്കും വ്യാഖ്യാനം നല്‍കിയിരിക്കുന്നു. അതോ തീര്‍ത്തും ലളിതമായിട്ടുതന്നെ.”
തന്റെ എഴുത്തിനെക്കുറിച്ച് സുവര്‍ണ്ണ നാലപ്പാട്ടിന് പറയാനുള്ളതും ഇതിനൊപ്പം ചേര്‍ക്കാം: ”നാലപ്പാട്ടെ പുസ്തക ശേഖരങ്ങളാണ് എഴുത്തിലേക്ക് എന്നെ ഉപനയിച്ചത്. ജിജ്ഞാസയാലാണ് പഠിച്ചതും അറിഞ്ഞതും. അറിഞ്ഞ കാര്യങ്ങള്‍ ലോകത്തോട് സംവദിക്കണമെന്നും ആഗ്രഹിച്ചു. അതിനുള്ള വഴിയാണ് പുസ്തകങ്ങള്‍. സ്ത്രീകള്‍ക്ക് പൊതുവെ എഴുത്തിലും മറ്റും താല്‍പ്പര്യമില്ല. സ്ത്രീകളുടെ ഭാഷ കരുത്തുള്ളതാവണം. അതിന് പുസ്തകങ്ങളിലേക്ക് കടക്കണം. സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താത്ത ചിന്തകൊണ്ട് കാര്യമില്ല. നാലപ്പാട്ട് ആഷജ്ഞാന പരമ്പരയാണ് എന്റെ സ്വത്ത്. നാലപ്പാട്ട് നാരായണമേനോന്റെ വഴിയില്‍ സഞ്ചരിച്ചു എന്നത് മാത്രമാണ് എന്റെ നേട്ടം.”
എന്നും എപ്പോഴും ഭാരതപക്ഷത്ത്
അച്ഛന്‍ കോണ്‍ഗ്രസുകാരനായിരുന്നുവെങ്കിലും സുവര്‍ണ്ണ നാലപ്പാട്ടിന് രാഷ്‌ട്രീയമില്ല, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കക്ഷി രാഷ്‌ട്രീയമില്ല. ഇതുപക്ഷേ ഭാരതീയ പക്ഷത്ത് നിലയുറപ്പിക്കാന്‍ തടസ്സമായില്ല. കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് പ്രതിഭാ വിലാസം കൊണ്ടും സ്വപ്രയത്‌നം കൊണ്ടും അടയാളപ്പെടുത്തിയ രണ്ടുപേരെക്കുറിച്ച് സുവര്‍ണ്ണയ്‌ക്ക് ആദരവോടെ ഓര്‍ക്കാനുണ്ട്. ‘ക്ഷേത്ര ചൈതന്യ രഹസ്യം’ എഴുതി കേരളീയ സമൂഹത്തെ വലിയൊരു മാറ്റത്തിന് പാകപ്പെടുത്തിയ പി. മാധവ്ജിയും, സാംസ്‌കാരിക രംഗത്ത് വിചാര വിപ്ലവത്തിന് നേതൃത്വം നല്‍കിയ പി. പരമേശ്വര്‍ജിയും. ഇരുവരെയും കുറിച്ചുള്ള ഓര്‍മ്മകള്‍ സുവര്‍ണ്ണയുടെ മനസ്സില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നു.
”പുന്നയൂര്‍ക്കുളത്തെ ടി.പി. വിനോദിനിയമ്മയിലൂടെയാണ് ഞാന്‍ മാധവ്ജിയെ പരിചയപ്പെടുന്നത്. കോഴിക്കോട് താമസിക്കുമ്പോള്‍ മാധവ്ജി എന്റെ വീട്ടില്‍ വരിക പതിവാണ്. അമ്മാവന്‍ നാലാപ്പാട്ട് നാരായണമേനോന്റെ വിപുലമായ ഗ്രന്ഥശേഖരം പരിശോധിക്കുക എന്നത് ഈ വരവിന്റെ ഉദ്ദേശ്യങ്ങളില്‍ ഒന്നായിരുന്നു. പില്‍ക്കാലത്ത് ‘ക്ഷേത്ര ചൈതന്യ രഹസ്യം’ എഴുതാന്‍ ഈ ഗ്രന്ഥങ്ങളുടെ വായനയും മാധവ്ജിയെ സഹായിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. നാലപ്പാടന്റെ ഡയറിക്കുറിപ്പുകളും അന്ന് മാധവ്ജി പരിശോധിക്കുകയുണ്ടായി.”
പരമേശ്വര്‍ജിയുമായി പരിചയപ്പെടുന്നതും ഇതുപോലെ തന്നെയായിരുന്നു. ”ഞങ്ങളുടെ ചെറിയ വീട്ടില്‍ ഒരു ദിവസം പരമേശ്വര്‍ജി അപ്രതീക്ഷിതമായി കയറിവന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ മകന് പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. അവിടവിടെയായി കിടക്കുന്ന പുസ്തകങ്ങളില്‍ ‘വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം’ പരമേശ്വര്‍ജിയുടെ ശ്രദ്ധയില്‍പ്പെട്ടു. മഹര്‍ഷി അരവിന്ദന്റെ സാഹിത്യത്തെക്കുറിച്ച് സംസാരിച്ചു. മഹര്‍ഷി അരവിന്ദന്റെ കവിത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ ഇതും ഒരു കാരണമാണ്. നാലപ്പാടന്റെ ഗ്രന്ഥശേഖരത്തില്‍ അരവിന്ദ കവിതകളുടെ പഴകിപ്പൊടിഞ്ഞ ഒരു പുസ്തകം ഉണ്ടായിരുന്നു. അതാണ് പരിഭാഷപ്പെടുത്തിയത്. ‘അരവിന്ദ ഹൃദയം’ എന്നു പേരുള്ള ഈ കാവ്യസമാഹാരത്തിന് അവതാരിക എഴുതിയത് ബാലാമണിയമ്മയാണ്. ”നവയുഗത്തിലെ ഈ ഋഷിസൂര്യന്റെ വിശിഷ്ട കൃതികളെ ഇംഗ്ലീഷ് അറിയാത്ത കേരളീയര്‍ക്കും ആസ്വദിക്കാറാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ പരിഭാഷ” എന്ന് ബാലാമണി അമ്മ സാക്ഷ്യപ്പെടുത്തുന്നു.
പില്‍ക്കാലത്ത് ഭാരതീയ വിചാരകേന്ദ്രത്തിന്റെ വേദികളില്‍ നിരവധി പ്രബന്ധങ്ങള്‍ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. സുവര്‍ണ്ണ നാലപ്പാട്ട് സപ്തതി ആഘോഷിക്കുമ്പോള്‍ പരമേശ്വര്‍ജി ആശംസകള്‍ നേരുകയുണ്ടായി. ”നാലപ്പാട്ട് തറവാട്ടിന്റെ വൈജ്ഞാനിക പൈതൃകം തിളക്കത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മഹത്തായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ആളാണ് സുവര്‍ണ നാലപ്പാട്ട്. തത്വചിന്ത, ദര്‍ശനം, ചരിത്രം എന്നീ മേഖലകളില്‍ അന്യാദൃശമായ ഗവേഷണ തല്‍പരതയാണ് സുവര്‍ണ്ണ നാലപ്പാട്ട് പ്രകടിപ്പിക്കുന്നത്. പ്രസ്ഥാനത്രയത്തിന് ഭാഷ്യം എഴുതിയ ആദ്യ വനിതയായ സുവര്‍ണ്ണയുടെ ഗ്രന്ഥങ്ങള്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഈടുവയ്‌പ്പുകളാണ്.”
കാലത്തിന്റെ നിയോഗം, തപസ്യയുടെ തലപ്പത്ത്
മാധവ്ജിയും പരമേശ്വര്‍ജിയുമായുള്ള ബന്ധങ്ങള്‍ സുവര്‍ണ്ണ നാലപ്പാട്ടിനെ തപസ്യയിലേക്ക് എത്തിക്കുന്നതില്‍ ഒരു പങ്കുവഹിച്ചിട്ടുണ്ട്. അവിടെ മഹാകവി അക്കിത്തം ഉണ്ടായിരുന്നു. ദീര്‍ഘകാലം തപസ്യയുടെ അധ്യക്ഷനായിരുന്ന അക്കിത്തം ഈ എഴുത്തുകാരിയെ പുകഴ്‌ത്തുന്നതിന് ഒരു പിശുക്കും കാണിച്ചിട്ടില്ല. ”സുവര്‍ണ്ണ നാലപ്പാട്ടിനെ സംബന്ധിച്ചാണെങ്കില്‍ നാലപ്പാടന്റെ അത്ര തന്നെ പ്രബലമാണ് അവരുടെ ശാസ്ത്ര സാമഗ്ര്യ പരിചയം. ജീവിതത്തിന്റെ ആദ്യപകുതി മുഴുവനും ഈ ഡോക്ടര്‍ ചെലവഴിച്ചത് ചികിത്സാ ലോകത്തിലാണ്. മനുഷ്യന്റെ ശാരീരിക ദുഃഖങ്ങളില്‍ നിന്ന് അവനെ മോചിപ്പിക്കാന്‍ കഴിയുക എന്നതില്‍ കവിഞ്ഞ് എന്താണ് ഒരു പുണ്യമുള്ളത്? സാന്ദ്രാനന്ദ ഹേതുക്കളായ ശ്രീകൃഷ്ണ കവിതകളുടെ യമുനാ കല്ലോലങ്ങളില്‍പ്പെട്ട് മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന കാവ്യഹൃദയത്തിന്റെ നിഷ്‌കളങ്കത ഈ കവിതയില്‍ ഉടനീളം കണ്ടു. പൂന്താനവും മേല്‍പ്പുത്തൂരും രണ്ടല്ലാതായിത്തീരുന്ന അവസ്ഥയാണ് ഈ കവിതയില്‍ ഞാന്‍ അനുഭവിച്ചത്. പലപ്പോഴും രാധതന്നെയായി മാറിയ ഒരു ആത്മാവിന്റെ ആനന്ദ നൊമ്പരം എന്നതിനെ വിശേഷിപ്പിക്കാന്‍ തോന്നി.” സുവര്‍ണ്ണ നാലപ്പാടിന്റെ സാന്ദ്രാനന്ദം എന്ന കൃഷ്ണ കവിതയെക്കുറിച്ചാണ് അക്കിത്തം ഇങ്ങനെ ഉള്ളില്‍തൊട്ട് പറയുന്നത്.
പില്‍ക്കാലത്ത് തപസ്യയുടെ അധ്യക്ഷപദവിയിലെത്തിയ മാടമ്പ് കുഞ്ഞുകുട്ടനും സുവര്‍ണ്ണ നാലപ്പാട്ടുമായി ആത്മീയ ബന്ധം സ്ഥാപിക്കുകയുണ്ടായി. താന്ത്രിക സാധനയെക്കുറിച്ചാണ് മാടമ്പിന് അറിയേണ്ടിയിരുന്നത്. ”സംശയം വീണ്ടും വര്‍ദ്ധിക്കുന്നു. ലോറന്‍സ് ബ്ലെയറുടെ പുസ്തകത്തിന്റെ പേര് എന്താണെന്നും എവിടെ കിട്ടും എന്നും അറിയിച്ചാല്‍ നന്ന്. പതഞ്ജലിയുടെ യോഗസൂത്രം ആധുനിക വൈദ്യശാസ്ത്ര ദൃഷ്ട്യാ ആരെങ്കിലും വ്യാഖ്യാനിച്ചിട്ടുള്ളതായി അറിയാമെങ്കില്‍ അറിയിക്കുമല്ലോ” എന്ന് സുവര്‍ണയ്‌ക്കെഴുതിയ ഒരു കത്തില്‍ മാടമ്പ് ചോദിക്കുന്നു. അക്കിത്തത്തിന്റെയും മാടമ്പിന്റെയും പിന്‍ഗാമിയായി തപസ്യയുടെ അധ്യക്ഷപദവിയില്‍ സുവര്‍ണ്ണ നാലപ്പാട്ട് എത്തിയിരിക്കുന്നു. കാലത്തിന്റെ നിയോഗം ഇതിനു പിന്നില്‍ ഉണ്ടാവാതിരിക്കില്ല.
നിരവധി അംഗീകാരങ്ങളും ബഹുമതികളും സുവര്‍ണ്ണ നാലപ്പാട്ടിനെ തേടിയെത്തിയിട്ടുള്ളത് സ്വാഭാവികം. അര്‍ഹതയുടെയും യോഗ്യതയുടെയും സാക്ഷ്യപത്രങ്ങളാണവ. വൈജ്ഞാനിക സാഹിത്യത്തിനുള്ള കൊച്ചി സര്‍വകലാശാലയുടെ പ്രൊഫ. സി.പി. മേനോന്‍ പു
രസ്‌കാരം, കേരള സാഹിത്യ അക്കാദമിയില്‍ നിന്ന് വൈദിക സാഹിത്യത്തിനുള്ള കെ. എന്‍. നമ്പൂതിരി അവാര്‍ഡ്, സംഗീത ചികിത്സയെക്കുറിച്ചുള്ള ഗവേഷണത്തിന് കലാനിധി പുരസ്‌കാരം, ചെന്നൈയിലെ യുണൈറ്റഡ് റൈറ്റേഴ്‌സ് അസോസിയേഷന്റെ ലീഡര്‍ഷിപ്പ് അവാര്‍ഡ്, ബാലഗോകുലത്തിന്റെ ബാലസംസ്‌കാര കേന്ദ്രം നല്‍കുന്ന ജന്മാഷ്ടമി പുരസ്‌കാരം, തപസ്യയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം തുടങ്ങിയവ ഇതില്‍പ്പെടുന്നു. വൈജ്ഞാനിക സാഹിത്യ മേഖലയിലെ എത്ര വലിയ പുരസ്‌കാരത്തിനും ഈ മഹതി അര്‍ഹയാണ്. അത്രയ്‌ക്ക് സമ്പൂര്‍ണവും ആധികാരികവുമാണ് അവരുടെ അക്ഷരതപസ്യ.
നാലപ്പാട്ട് എന്ന വാക്കിനര്‍ത്ഥം നാല് പുരയും നടുമുറ്റവുമുള്ള വലിയ ഭവനം എന്നാണ്. നാലപ്പാട്ടിന്റെ നടുമുറ്റത്തെ-ഗര്‍ഭസ്ഥാനം-അലങ്കരിക്കുന്നത് ആര്‍ഷജ്ഞാനമാണ്. നാലുവശം നാല് ഗോപുരങ്ങള്‍- കണ്ണുനീര്‍ത്തുള്ളി, ചക്രവാളം, പാവങ്ങള്‍, രതിസാമ്രാജ്യം. ഈ പഞ്ച പ്രസാദങ്ങളാല്‍ സ്വയം സ്മാരകം പണിത മഹാപ്രതിഭയായ നാലപ്പാടനാണ് തന്റെ ഗുരുവെന്ന് സുവര്‍ണ്ണ എഴുതിയിട്ടുണ്ട്. അതുല്യമായ ഈ ഗുരുശിഷ്യ ബന്ധത്തിലൂടെ ആര്‍ഷജ്ഞാനത്തിന്റെ അനന്തരാവകാശിയായി സുവര്‍ണ്ണ മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക