വിയെന്ന: കൈക്കുഴയ്ക്കേറ്റ പരിക്കില്‍ വലയുന്ന ടെന്നിസ് താരം ഡോമിനിക് തീം കരിയറില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. ഈ സീസണ് കഴിയുന്നതോടെ താരം കളമൊഴിയും. ഓസ്ട്രിയക്കാരനായ താരം 2020 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയതാണ് കരിയറിലെ ഏറ്റവും വലിയ നേട്ടം. ഇതുള്‍പ്പെടെ നാല് തവണ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ ഫൈനലിലെത്തിയിട്ടുണ്ട്. പരിക്ക് വലിയ തിരിച്ചടിയായതിന്റെ പേരില്‍ 30-ാം വയസ്സിലാണ് താരം കളിജീവിതത്തോട് വിട പറയുന്നത്.
2020 യുഎസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനോട് ആദ്യ രണ്ട് സെറ്റുകളില്‍ പിന്നിലായതിന് ശേഷമാണ് താരം തുടര്‍ന്നുള്ള മൂന്ന് സെറ്റുകളും പിടിച്ചെടുത്ത് കിരീടം സ്വന്തമാക്കിയത്. പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ താരം അന്ന് മൂന്നാം സ്ഥാനത്തേക്കെത്തിയിരുന്നു. അതായിരുന്നു താരത്തിന്റെ ഉയര്‍ന്ന റാങ്കിങ് നേട്ടം. കരിയറില്‍ സജീവമായത് മുതല്‍ പലപ്പോഴും കൈക്കുഴയിലെ പരിക്ക് അലട്ടിയിരുന്നു. ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടത്തിന് പിന്നാലെ പത്ത് മാസത്തോളം തീമിന് വിട്ടുനില്‍ക്കേണ്ടി വന്നു. തിരികെയെത്തുമ്പോള്‍ താരത്തിന്റെ റാങ്കിങ് നില 350ല്‍ താഴെയെത്തി. പിന്നീട് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരിക്ക് വില്ലനായി തുടര്‍ന്നു. ഒരുവിധം പാടുപെട്ട് കഴിഞ്ഞ വര്‍ഷമാണ് ആദ്യ നൂറ് റാങ്കിനുള്ളില്‍ പ്രവേശിച്ചത്.
ടെന്നിസില്‍ റോജര്‍ ഫെഡറര്‍- റാഫേല്‍ നദാല്‍- നോവാക് ദ്യോക്കോവിച് ത്രയം അജയ്യരായി നിലകൊണ്ട കാലത്താണ് പരിക്കിനോട് പടപൊരുതി തീം ഗ്രാന്‍ഡ് സ്ലാം നേടിയത്. 2018, 2019 വര്‍ഷങ്ങളിലെ ഫ്രഞ്ച് ഓപ്പണില്‍ ഫൈനലിലെത്തിയെങ്കിലും നദാലിനോട് പരാജയപ്പെട്ട് റണ്ണറപ്പായി. 2020 ഓസ്ട്രേലിയന്‍ ഓപ്പണിലും താരം ഫൈനലില്‍ കളിച്ചിരുന്നു. ഇക്കൊല്ലം ഒക്ടോബറില്‍ താരത്തിന്റെ സ്വന്തം നാടായ വിയെന്നയില്‍ നടക്കുന്ന ടൂര്‍ണമെന്റോടെ കരിയറിനോട് വിട പറയുകയാണെന്ന് തീം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: