തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി വാക്കേറ്റം നടത്തിയ കേസില്‍ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നു.ബസിലെ മെമ്മറി കാര്‍ഡ് കാണാതായ വിഷയത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് പൊലീസ് നല്കുന്ന വിവരം.
സംഭവത്തില്‍ സ്റ്റേഷന് മാസ്റ്റര്‍ ലാല്‍ സജീവിനെയും കണ്ടക്ടറെയും പൊലീസ് ചോദ്യം ചെയ്തു. തര്‍ക്കത്തിന് ശേഷം കണ്ടക്ടര്‍ സുബിന് ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ രാവിലെ വിളിപ്പിച്ചത്. എന്നാല്‍ മെമ്മറി കാര്‍ഡ് കാണാതായതില്‍ പങ്കില്ലെന്ന നിലപാടാണ് സുബിന് സ്വീകരിച്ചത്. സിസിടിവി മോണിറ്റര്‍ നോക്കുക മാത്രമാണ് ചെയ്തതെന്നാണ് മൊഴി. സംഭവത്തില്‍ സ്റ്റേഷന് മാസ്റ്റര്‍ ലാല്‍ സജീവിനെയും വിട്ടയക്കുമെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്ത ശേഷമാണ് ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ചത്.
അതേസമയം ലാല്‍ സജീവിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന് ഭാര്യ ബിന്ദു ആരോപിച്ചു. രാവിലെ ഏഴുന്നേറ്റ ഉടന്‍ മുന്നറിയിപ്പില്ലാതെ വീട്ടില്‍ എത്തിയ പത്തോളം പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയെന്ന് പറഞ്ഞ ഭാര്യ വസ്ത്രം മാറാന്‍ പോലും ഭര്‍ത്താവിനെ അനുവദിച്ചില്ലെന്നും കുറ്റപ്പെടുത്തി.
മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും ബിന്ദു വെളിപ്പെടുത്തി. ഹൃദ്രോഗിയായ ലാല്‍ സജീവ് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായിട്ടുളള വ്യക്തിയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഭര്‍ത്താവിനെ കേസില്‍പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നതായി ഭാര്യ ആരോപിച്ചു.
എന്നാല്‍, സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന് മാസ്റ്റര്‍ ലാല്‍ സജീവാണെന്നും അതിനാലാണ് ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. കണ്ടക്ടര്‍ സുബിനെയും സ്റ്റേഷന് മാസ്റ്റര്‍ ലാല്‍ സജീവിനെയും വിശദമായി ചോദ്യം ചെയ്തു. ഇവരില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: