തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബസ് കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പോലീസ് ചോദ്യം ചെയ്യൽ. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെയാണ് ചോദ്യം ചെയ്യുന്നത്.
തമ്പാനൂര്‍ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. സംഭവ സമയം യദു ഓടിച്ചിരുന്ന ബസിന്റെ കണ്ടക്ടറാണ് സുബിന്‍. തര്‍ക്കത്തിന്റൈയും ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടത്.
യദുവിന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്‌ഐആറിലുമുണ്ടായിരുന്നത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നായിരുന്നു യദുവിന്റെ ആരോപണം.
സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും അസഭ്യവാക്കുകളുപയോഗിച്ചതായും എഫ്‌ഐആറിലുണ്ട്. കോടതിയില്‍ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ബസ്സിലെ സിസി ടിവിയുടെ മെമ്മറി കാര്‍ഡ് കിട്ടിയാല്‍ ഇക്കാര്യത്തില്‍ പോലീസിന് കൂടുതല്‍ വ്യക്തത വരും.
കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പോലീസ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: