കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് സഹപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട ക്യാമറാമാന്‍, മാതൃഭൂമിയിലെ മുകേഷ് നമ്മെ വിട്ടുപോയി എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. യഥാര്‍ത്ഥത്തില്‍ ആന ആക്രമിച്ചുവോ? ആ ക്യാമറാമാന്‍ ഏറ്റുമുട്ടിയത് ആക്രമണകാരിയായ ഒരാനയുമായിട്ടായിരുന്നോ? വന്യജീവികളുടെ വിഹാരകേന്ദ്രങ്ങളില്‍ ഫോട്ടോ എടുക്കുവാന്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കു വേണ്ടതായ അത്യാവശ്യം പരിശീലനമോ മാര്‍ഗ്ഗനിര്‍ദ്ദേശമോ മുകേഷിന് ലഭിച്ചിട്ടുണ്ടോ?
രാഷ്‌ട്രീയ-സിനിമാ രംഗത്തെ പ്രമുഖര്‍ക്കും സാധാരണക്കാര്‍ക്കും പത്ര ഫോട്ടോഗ്രാഫര്‍മാരെ ഇഷ്ടമാണ്. ഒരു വ്യക്തിയുടെയോ ആള്‍ക്കൂട്ടത്തിന്റെയോ ഫോട്ടോ എടുക്കുന്നത് പോലെയല്ല മൃഗങ്ങളുടെ അടുത്തുപോയി ഷൂട്ട് ചെയ്യുന്നത്. വന്യമൃഗങ്ങളാണെങ്കില്‍ അവയ്‌ക്കു അത് തീരെ ഇഷ്ടവുമല്ല, പരിചയവുമില്ല. അവയുടെ സ്വകാര്യതയിലേക്ക് നാം നുഴഞ്ഞുകയറുമ്പോള്‍ ബന്ധപ്പെട്ട മൃഗങ്ങളെക്കുറിച്ച് സാമാന്യ ജ്ഞാനം വേണം. അവയ്‌ക്കുണ്ടാക്കുന്ന അസ്വസ്ഥത/ഭയം/പരിഭ്രാന്തി നാം അറിയണം. അവയുടെ സ്വഭാവസവിശേഷതകള്‍ പഠിച്ചിരിക്കണം. മൂന്നു പതിറ്റാണ്ടിലധികം വനത്തില്‍ ജോലി ചെയ്ത ഈ ലേഖകന് ഒരു മൃഗവും സ്വതവേ അക്രമണകാരിയായി തോന്നിയിട്ടില്ല. നമ്മുടെ സാന്നിധ്യം അവഗണിച്ച് വീട്ടിലേക്കു അതിക്രമിച്ചു കയറുന്ന ഒരാളോട് നാം എങ്ങനെ പെരുമാറുമെന്ന് ആലോചിച്ചാല്‍ മതി. അവയുടെ കേന്ദ്രത്തില്‍ കടന്നുചെല്ലുന്നതിനു മുന്‍പ് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം.
ഏറ്റവും പ്രധാനം നമ്മുടെ വേഷമാണ്. കാടിനോട് ചേര്‍ന്ന ഇളം പച്ചയോ, പെട്ടെന്ന് എടുത്തറിയാത്ത മങ്ങിയ നിറങ്ങളോ ആണ് നല്ലത്. കാട്ടിലൂടെ നടക്കുമ്പോള്‍ കണ്ണും കാതും തുറന്നിരിക്കണം. നാമായിരിക്കണം ആദ്യം മൃഗത്തെ കാണേണ്ടത്, മൃഗമല്ല. സംസാരിക്കാതെ, മൊബൈല്‍ സൈലന്റ് മോഡില്‍ ഇട്ട്, ഉണക്കച്ചില്ലകളിലും കരിയിലകളിലും ചവിട്ടി ശബ്ദമുണ്ടാക്കാതെ, അടിവച്ചടിവച്ച് മുന്നോട്ട് പോകണം. വാസനസോപ്പ്, ഹെയര്‍ ഓയില്‍, ഗന്ധമുള്ള സ്‌പ്രേ എന്നിവ ഉപയോഗിച്ചിരിക്കരുത്. അങ്ങനെയാണെങ്കില്‍ ആദ്യം മൃഗങ്ങള്‍ നമ്മളെ കാണും, അല്ലെങ്കില്‍ സാന്നിധ്യം തിരിച്ചറിയും. വന്യമൃഗങ്ങള്‍ക്ക് നമ്മേക്കാള്‍ ഘ്രാണശക്തിയും ശ്രവണ ശക്തിയും ഉണ്ട്. നിത്യേന കൃത്രിമവസ്തുക്കള്‍ ലേപനം ചെയ്തും കഴിച്ചും അത്തരം ഇന്ദ്രിയങ്ങളുടെ കാര്യക്ഷമത മനുഷ്യരില്‍, പ്രത്യേകിച്ച് നഗരവാസികളില്‍ കുറഞ്ഞിരിക്കുന്നു.
ടൂത്ത് പേസ്റ്റുപോലും ഉപയോഗിച്ചാല്‍ മൃഗങ്ങള്‍ക്കു വളരെ ദൂരെവച്ചുതന്നെ വെളിയില്‍ നിന്നുള്ള സാന്നിധ്യം അറിയുവാന്‍ പറ്റും. നമ്മെ കണ്ടാല്‍/ സാന്നിധ്യം അറിഞ്ഞാലുടനെ അവ ഓടി മറയും, അല്ലെങ്കില്‍ പമ്മി- ഒളിച്ചിരിക്കും. അപ്പോള്‍ നാം ഒളിച്ചിരിക്കുന്ന മൃഗത്തിനു മുന്‍പില്‍ ചെന്നുപെടും. എല്ലാ മൃഗങ്ങള്‍ക്കും ഒരു നിര്‍ണ്ണായക സുരക്ഷിത ദൂരപരിധിയുണ്ട് (രൃശശേരമഹ ാശിശാൗാ റശേെമിരല). അപ്രതീക്ഷിതമായി അതിനുള്ളില്‍ നാം എത്തിപ്പെട്ടാല്‍ അവ ഭയത്തോടെ പെട്ടെന്ന് കുതറുകയോ ചാടുകയോ കുത്തുകയോ, അടിക്കുകയോ ചെയ്യും. അത് റിഫഌക്‌സ് ആക്ഷന്‍- പ്രതിപ്രവര്‍ത്തനം- ആണ്. സ്വന്തം അമ്മയോ മക്കളോ പോലും അപ്രതീക്ഷിതമായി നമ്മുടെ കണ്ണിനു മുന്‍പില്‍ കൈ കൊണ്ടുവന്നാല്‍ നാം പെട്ടെന്ന് തട്ടിത്തെറിപ്പിച്ചെന്നിരിക്കും. പേടിക്കുന്നത് ആന പോലുള്ള വലിയ ജീവി ആണെങ്കില്‍ പ്രത്യാഘാതം ഗുരുതരം ആയിരിക്കും. അത് ആന ആക്രമണകാരിയായതു കൊണ്ടല്ല. നമ്മുടെ ജാഗ്രതക്കുറവാണ്.
വനത്തിലോ വന്യമൃഗങ്ങളുള്ള പ്രദേശത്തോ പോകുന്ന ക്യാമറാമാന്നു അല്‍പ്പം കൂടി പരിശീലനം നിര്‍ബന്ധമായും വേണം. ക്യാമറയില്‍ നോക്കി മൃഗത്തെ ഫോക്കസ് ചെയ്ത് മുന്നോട്ടു നടക്കരുത്. ക്യാമറയുടെ ലെന്‍സിലൂടെ അല്ലാതെ നേരിട്ട് ജീവിയെ നോക്കി വേണം മുന്നോട്ട് നടക്കുവാന്‍. അല്ലെങ്കില്‍ ദൂരം കുറയുന്നത് നാം അറിയില്ല. ഓരോ അടി മുന്നോട്ടു അടുക്കുന്തോറും ചുറ്റുപാടും നിരീക്ഷിക്കണം. ഫോക്കസിലുള്ള മൃഗത്തെ മാത്രമല്ല, അവയുടെ മുഴുവന്‍ കൂട്ടത്തെയും കാണണം. പിന്നില്‍ നിന്നോ വശങ്ങളില്‍ നിന്നോ മറ്റു മൃഗങ്ങള്‍ വരുവാന്‍ സാധ്യതയുണ്ട്. ക്യാമറയിലൂടെ അല്ലാതെ മുന്നോട്ട് നോക്കിയേ നടക്കാവൂ. വളരെ നിശബ്ദമായി കൂട്ടത്തിലെ മുഴുവന്‍ മൃഗങ്ങളെയും നിരീക്ഷിക്കണം. ഒരു മൃഗവും സാധാരണ (സ്വന്തം ഇരയെ ഒഴിച്ച്) മുന്നറിയിപ്പില്ലാതെ ആക്രമിക്കാറില്ല. ഏതെങ്കിലും ഒരു ജന്തു എന്തെങ്കിലും സൂചന നല്‍കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
സ്വന്തം അനുഭവംവച്ച് പറയുകയാണെങ്കില്‍ ആരെങ്കിലും സമീപത്തേക്ക് അടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ആനയാണെങ്കില്‍ ആദ്യം കാലു ശക്തിയായി നിലത്തു ചവിട്ടുകയോ പിന്നോട്ട് മാന്തുകയോ ചെയ്ത് പൊടി പറപ്പിക്കും. അതിനു ശേഷം ഉച്ചത്തില്‍ ചിന്നം വിളിക്കും. അതും അവഗണിച്ചു മുന്നോട്ട് പോയാല്‍ മാത്രം, അല്ലെങ്കില്‍ പിന്നോട്ട് മാറിയില്ലെങ്കില്‍ സ്വന്തം സുരക്ഷയ്‌ക്കായി അത് നമ്മെ ഓടിച്ചിടും. സാധാരണ പത്തോ മുപ്പതോ മീറ്റര്‍ മാത്രമേ അവ പിന്തുടരുകയുള്ളൂ. അല്ലെങ്കില്‍ അവയെ നേരത്തെയോ അപ്പോഴോ ഉപദ്രവിച്ചിരിക്കണം. ഓടുന്നവര്‍ ചിലപ്പോള്‍ കിലോമീറ്ററുകള്‍ കഴിഞ്ഞേ തിരിഞ്ഞു നോക്കാറുള്ളൂ. അപ്പോഴേ അതിനുള്ള ധൈര്യം ഉണ്ടാകൂ. എന്നിട്ട് ആന രണ്ടും മൂന്നും കിലോമീറ്റര്‍ ഓടിച്ചിട്ടു എന്നു വീമ്പുപറയും.
ഉഗ്രവിഷമുള്ള രാജവെമ്പാലയും ശക്തിയായി ചീറ്റും. തല ഉയര്‍ത്തി പേടിപ്പിക്കും. എന്നിട്ടും അടുത്ത് ചെന്നാല്‍ മാത്രമേ കൊത്തുകയുള്ളൂ. മുന്നറിയിപ്പ് നല്‍കിയിട്ടും പേടിപ്പിച്ചിട്ടും അവഗണിച്ചു മുന്നോട്ടുവെക്കുന്നവയെ മാത്രം ഉപദ്രവിക്കുന്ന രാജവെമ്പാല, ആന, കടുവ സിംഹം തുടങ്ങിയ ജീവികളെ അതുകൊണ്ട് രാജകീയ മൃഗങ്ങള്‍ (റോയല്‍ അനിമല്‍സ്) എന്ന് വിളിക്കുന്നു. അനാവശ്യമായി ആരെയും ഉപദ്രവിക്കുകയില്ല. സ്വന്തം ജീവന്‍ അപകടത്തിലാകുമ്പോള്‍, അവയ്‌ക്ക് അത്തരം ഭയം ഉണ്ടാകുമ്പോള്‍ മാത്രമേ ഉപദ്രവിക്കൂ. വന്യമൃഗങ്ങളെല്ലാം ആക്രമണകാരികള്‍ ആയിരുന്നുവെങ്കില്‍ ഇന്ന് മനുഷ്യര്‍ അവശേഷിക്കുമായിരുന്നില്ല. അവര്‍ ദുഷ്ടന്മാര്‍ അല്ല, ശിഷ്ടന്മാര്‍ ആയതുകൊണ്ടാണ് ഇന്ന് നാം പെറ്റുപെരുകി അവയ്‌ക്കു ഭീഷണിയായതും, മൃഗങ്ങള്‍ വംശനാശം നേരിടുന്നതും. നമ്മുടെ നിലനില്‍പ്പിനു നാം അവയോട് കടപ്പെട്ടിരിക്കുന്നു.
അതിദാരുണമായി മരിച്ച മുകേഷിന്റെ കാര്യത്തില്‍ സംഭവിക്കുവാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. അവസാന ഫോട്ടോയില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്- അഥവാ അനുമാനിക്കുന്നത്, ആനയുടെ ചിന്നം വിളികേട്ടപ്പോള്‍ കൂടുതല്‍ നല്ല ഫോട്ടോയ്‌ക്കുവേണ്ടി അവയുടെ അടുത്തേക്ക് പോയി എന്നാണ്. മുന്നോട്ടടുക്കുന്ന ആനയെ ഫ്രെയിമില്‍ ഫോക്കസ് ചെയ്ത് മൃഗവുമായുള്ള അടുപ്പം മുകേഷ് അറിഞ്ഞിട്ടുണ്ടാകില്ല. പിന്നീട് രക്ഷപ്പെടുവാനുള്ള ദൂരത്തില്‍ ഓടുവാനും സാധിച്ചിരിക്കില്ല. ഇനി ഒരു ഫോട്ടോഗ്രാഫര്‍ക്കും ഈ ഗതി വരരുത്. കാട്ടിലോ നാട്ടിലോ വന്യമൃഗങ്ങളുടെയോ ഫോട്ടോ എടുക്കുന്നതിനു മുന്‍പ് ക്യാമറമാന്മാര്‍ക്ക് വനം വകുപ്പിലെ വിദഗ്‌ദ്ധരുടെ നേതൃത്വത്തില്‍ കുറഞ്ഞത് മൂന്നു മാസത്തേയെങ്കിലും പരിശീലനം നല്‍കണം.
ഫീല്‍ഡില്‍ പരിശീലനം ആവശ്യമാണ്. അത് ലഭിക്കാത്തവരെ കാട്ടിലേക്ക് ക്യാമറയുമായി പോകാന്‍ അനുവദിക്കരുത്. ഒരു ടൂറിസ്റ്റായി ടൂറിസം സോണില്‍ ഫോട്ടോ എടുക്കുന്നത് പോലെയല്ല, ഉള്‍ക്കാട്ടില്‍, അതും ഇടഞ്ഞു നില്‍ക്കുന്ന, പരിഭ്രാന്തരായ മൃഗങ്ങളുടെ ഫോട്ടോ എടുക്കുന്നത്. ജേര്‍ണലിസത്തിന്റെ ഭാഗമായോ പ്രത്യേകമായോ ഇത്തരം പരിശീലനം ഇല്ലാത്തവര്‍ വനത്തില്‍ പ്രവേശിക്കുന്നത് തടയുവാന്‍ സര്‍ക്കാരിനാകണം. ഇനിയും ഒരു മനുഷ്യസ്‌നേഹിയോ മൃഗസ്‌നേഹിയോ നമുക്ക് നഷ്ടപ്പെട്ടുകൂടാ. പത്രപ്രവര്‍ത്തകരും അതിനു ശ്രദ്ധിക്കണം.
(റിട്ട. ഡിഎഫ്ഒയും പരിസ്ഥിതി ശാസ്ത്രജ്ഞനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: