പുന്നയൂര്‍ക്കുളം (തൃശ്ശൂര്‍): ഗുരുവായൂര്‍ മണ്ഡലം യുവമോര്‍ച്ച സെക്രട്ടറിയായിരുന്ന പെരിയമ്പലം സ്വദേശി പൊന്നോത്ത് മണികണ്ഠനെ (32) വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് ഭീകരന് 20 വര്‍ഷത്തിന് ശേഷം പിടിയില്‍. ചാവക്കാട് കടപ്പുറം പുതിയങ്ങാടി ബുക്കാറയില്‍ കീഴ്പാട്ട് പൂക്കോയ തങ്ങള്‍ മകന് നസറുള്ള തങ്ങള്‍ (44) നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്.
പാടൂരിലെ ഭാര്യവീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലായത്. പ്രതി നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണ്. വടക്കേക്കാട് സ്റ്റേഷനിലെത്തിച്ച പ്രതിയെ എന്‍ഐഎയും ചോദ്യം ചെയ്തു. 2004 ജൂണ്‍ 12നാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായ നസറുള്ള വിചാരണ സമയത്ത് ഒളിവില്‍ പോയിരുന്നു. പേരാമംഗലത്ത് നടന്ന ആര്‍എസ്എസ് ശിബിരത്തിലേക്ക് അതിക്രമിച്ച് കയറിയതിന് രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്.
പെരിയമ്പലം യത്തീംഖാന റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവെ മോട്ടോര്‍ സൈക്കിളിലെത്തിയ ഒന്നാം പ്രതി ഖലീലും, രണ്ടാം പ്രതി നസറുള്ളയും മണികണ്ഠനെ വാളു കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രസാദ് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ വാള് വീശി ഭീഷണിപ്പെടുത്തി ഓടിച്ചു. ഗുരുതര പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി കടിക്കാട് പനന്തറ വലിയകത്ത് ഖലീല്‍ (39)നെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ ഷമീര്‍, അബ്ദുള്‍ മജീദ്, ജാഫര്‍, റജീബ് ലിറാര്‍, റഫീഖ് മജീദ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ 2014 ജനുവരിയില്‍ വിചാരണ ആരംഭിച്ചെങ്കിലും പുനരന്വേഷണം നടത്തണമെന്ന മണികണ്ഠന്റെ സഹോദരന്റെ ഹര്‍ജിയില്‍ അഡീ. സെഷന്‍സ് ജഡ്ജി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ദൃക്സാക്ഷിയെ കോടതിമുറിയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സാക്ഷികള്‍ക്ക് കനത്ത സുരക്ഷയാണ് വിചാരണക്കിടയില്‍ ഒരുക്കിയിരുന്നത്. ചാവക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള.
വിചാരണക്കിടെ നസറുള്ള കോടതിയില്‍ നിന്ന് ജാമ്യമെടുത്തതിന് ശേഷം അബ്ദുള്‍ ഷുക്കൂര്‍ എന്ന വ്യാജ പേരില്‍ വിദേശത്തും നാട്ടിലുമായി വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിടിയിലായതറിഞ്ഞ് വിവിധ കുറ്റാന്വേഷണ ഏജന്‍സികള്‍ വടക്കേക്കാട് സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു. പ്രതിയെ കനത്ത സുരക്ഷയൊരുക്കി തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: