സില്‍ഹട്ട്: ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് ഭാരത വനിതകള്‍. അഞ്ച് മത്സര പരമ്പരയില്‍ ഇന്നലെ നടന്ന അവസാന അങ്കത്തില്‍ 21 റണ്‍സിന് ആതിഥേയരെ തോല്‍പ്പിച്ചു. മൂന്ന് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ രാധാ യാദവിന്റെ സ്പിന്‍ മികവാണ് ഭാരത വിജയത്തില്‍ നിര്‍ണായകമായത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു താരത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. കളിയിലെ താരമായും പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടത് രാധയാണ്.
ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഭാരതം നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. ഇതിനെതിരെ ഇറങ്ങിയ ബംഗ്ലാദേശ് 20 ഓവറും ബാറ്റ് ചെയ്‌തെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സേ കണ്ടെത്താനായുള്ളൂ.
തുടക്കത്തിലേ മികച്ച പ്രകടനം കാഴ്‌ച്ചവച്ചു വന്ന ശോഭന മോസ്റ്റാരിയെ ടിറ്റാസ് സധു പുറത്താക്കി. തുടര്‍ന്ന് നാല് റണ്‍സെടുത്ത ഡിലാരാ അക്തെറിനെ പുറത്താക്കി രാധ വിക്കറ്റ് കൊയ്‌ത്ത് തുടങ്ങി. പിന്നീട് നിലയുറപ്പിച്ച് വന്ന നിഗര്‍ സുല്‍ത്താന(ഏഴ്)യെയും റൂബിയ ഹൈദരെയും(20) രാധ പുറത്താക്കിയതോടെ ആതിഥേയരുടെ നടുവൊടിഞ്ഞു. പൊരുതി നോക്കിയെങ്കിലും ഒന്നും ചെയ്യാനാകാതെ ഭാരതത്തിന് മുന്നില്‍ അവര്‍ കീഴടങ്ങി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഭാരതത്തിനുവേണ്ടി സ്മൃതി മന്ദാന(33), ദയാലന്‍ ഹേമലത(37), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(30), റിച്ച ഘോഷ്(പുറത്താകാതെ 28) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: