കൊച്ചി: കേരളാ ഫുട്ബോള്‍ അസോസിയേഷനും മീരാന്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സൂപ്പര്‍ ലീഗ് കേരള യാഥാര്‍ഥ്യമാവുന്നു. കേരളത്തിലെ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് മികച്ച അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന ടീമുകളുടെ ഗ്രാസ്റൂട്ട്സ് പരിശീലന പരിപാടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചാക്കോളാസ് ട്രോഫി എന്ന പേരില്‍ കേരള യൂത്ത് ഡെവലപ്മെന്റ് പ്രൊജക്ട് ഈ വര്‍ഷം കെഎഫ്ഐ ആരംഭിച്ചിരുന്നു. ഏകദേശം 5000 കുട്ടികളാണ് അഞ്ച് ഗ്രൂപ്പുകളിലായി മത്സരിക്കുന്നത്. ഇതിന്റെ ജില്ലാതലത്തിലുള്ള മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് സൂപ്പര്‍ ലീഗ് കേരള ക്ലബ്ബുകളുടെ സഹായത്താല്‍ വര്‍ഷം മുഴുവനും സൗജന്യ പരിശീലനം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.
പൊതുമേഖല സ്ഥാപനങ്ങളായ എസ്ബിഐ, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, സെന്‍ട്രല്‍ എക്സൈസ്, ടൈറ്റാനിയം, കെല്‍ട്രോണ്‍ തുടങ്ങിയവ മുന്‍കാലങ്ങളില്‍ കേരളത്തിലെ ഫുട്ബോള്‍ താരങ്ങള്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ അത്തരമൊരു സാഹചര്യമില്ല. തൊഴില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ പുതുതലമുറ ഫുട്ബോള്‍ കളിക്കാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയുമുണ്ട്. ഇത് മനസിലാക്കിയാണ് പരിഹാരമെന്ന നിലയില്‍ കെഎഫ്എയും മീരാന്ഗ്രൂപ്പും ചേര്‍ന്ന് ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇരുനൂറോളം കളിക്കാര്‍ക്ക് ഒരുനിശ്ചിതകാലയളവ് വരെ പ്രൊഫഷണല്‍ കരാര്‍ അടിസ്ഥാനത്തില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന ടീമുകള്‍ അവസരം നല്‍കും.
നിലവില്‍ വിദേശ പരിശീലകരുടെ സേവനവും വിദേശ കളിക്കാരുമായി മത്സരിക്കാനുള്ള അവസരവും വളരെകുറച്ചു കളിക്കാര്‍ക്കു മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ സൂപ്പര്‍ ലീഗ് കേരളാ വരുന്നതോടെ കൂടുതല്‍ പേര്‍ക്ക് മികച്ച പരിശീലനവും മികച്ച എതിരാളികളെയും ലഭിക്കും. മികച്ച മൈതാനങ്ങളും, മത്സരവേദികളില്‍ അവസരവും ലഭ്യമാവുമെന്നും സംഘാടകര്‍ പറഞ്ഞു.
സൂപ്പര്‍ ലീഗ് കേരള ടീമുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. മന്ത്രി വി. അബ്ദുറഹ്മാന്, എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ, ടീം ഉടമകള്‍, കായികതാരങ്ങള്‍, കായിക രംഗത്തെ പ്രമുഖര്‍, രാജ്യത്തിനു വേണ്ടി ബൂട്ടണിഞ്ഞ മുന്‍കാലതാരങ്ങള്‍, പരിശീലകര്‍, വ്യവസായ മേഖലയിലെ പ്രമുഖര്‍, കായിക മേഖലയിലെ വിവിധ അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 6 ടീമുകളാണ് അദ്യ സീസണില്‍ മത്സരിക്കുക.
കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്‍, സ്കോര്‍ലൈന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ ഫിറോസ് മീരാന്‍, സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു ജോസഫ്, കേരള ഫുട്ബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍.പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: