പാലക്കാട്: കാട്ടാനകൾ സ്ഥിരമായി ട്രെയിനിടിച്ച് ചരിയുന്ന കൊട്ടേക്കാട് മുതൽ കഞ്ചിക്കോട് വരെയുള്ള ഭാഗത്ത് രാത്രികാലത്ത് തീവണ്ടി വേഗത കുറയ്ക്കാൻ തീരുമാനം. വനം വകുപ്പിലേയും റെയിൽവേയിലേയും ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. നിലവിലുള്ള തീവണ്ടി വേഗതയായ മണിക്കൂറിൽ 45 കീ.മി എന്നത് 35 കീ.മി ആയി കുറക്കാനാണ് തീരുമാനം. കഞ്ചിക്കോട് മുതൽ മധുക്കര വരെയുള്ള ഭാഗത്ത് നിലവിലുള്ള വേഗതയായ മണിക്കൂറിൽ 45 കീ.മി എന്നത് തുടരും.
റെയിൽവേ ട്രാക്കിന് സമീപം സൗരോർജ്ജവേലി നിർമ്മിക്കാനും ധാരണയായി. ഈ പ്രദേശങ്ങളിൽ 4.60 കോടി രൂപ ചെലവിൽ 600 സൗരോർജ്ജ വിളക്കുകൾ സ്ഥാപിക്കാൻ റെയിൽവേ നടപടി സ്വീകരിക്കും. വനം വകുപ്പും ബി എസ് എൻ എല്ലും ചേർന്ന് എ ഐ ക്യാമറകളുപയോഗിച്ച് ആനകളുടെ സഞ്ചാര വിവരങ്ങൾ മുൻകൂട്ടി മനസിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: