ന്യൂദൽഹി: എയർഇന്ത്യ എക്സ്‌പ്രസിന്റെ ജീവനക്കാർ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ച സംഭവത്തിൽ നടപടിയുമായി വിമാന കമ്പനി. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 25 കാബിൻ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടു. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രശ്ന പരിഹാരത്തിനായി എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റ് കമ്പനി സിഇഒ ആലോക് സിംഗ് ക്യാബിൻ ക്രൂവുമായി ഇന്ന് ഗുഡ്ഗാവിൽ ചർച്ച നടത്തും. മെയ് 13 വരെ പ്രതിസന്ധി തുടർന്നേക്കും. ഓരോ ദിവസത്തെയും 40 ഓളം സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ 91 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്, 102 സർവീസുകളാണ് വൈകിയത്.
അസുഖം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കൂട്ടയവധി വിമാനസർവീസുകൾ റദ്ദാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രതിമായ നീക്കമായാണ് മനസ്സിലാക്കുന്നത്. ഇത് എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സർവീസ് റൂളുകൾ ലംഘിക്കുന്ന നടപടിയാണെന്നും ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ കമ്പനി പറയുന്നു. ഒരു ന്യായവുമില്ലാതെ മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ഉദ്യോഗസ്ഥർ ജോലിയിൽ നിന്നും വിട്ടുനിന്നു. ഇതിന്റെ ഫലമായി ധാരാളം വിമാനങ്ങൾ റദ്ദ് ചെയ്യേണ്ടി വന്നു.
നടപടി കമ്പനിയുടെ ഏറ്റവും വിലപ്പെട്ട യാത്രക്കാർക്ക് വലിയ അസൗകര്യം സൃഷ്ടിച്ചു. ഇവരുടെ പ്രവൃത്തി പൊതുതാത്പര്യത്തിനെതിരായിരുന്നു എന്നുമാത്രമല്ല കമ്പനിക്ക് നാണക്കേടുണ്ടാക്കുകയും ധനനഷ്ടം വരുത്തിവയ്‌ക്കുകയും ചെയ്തുവെന്നും കത്തിൽ പറയുന്നു.
ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര-അന്താരാഷ്‌ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: