ജൂലായ് മാസത്തിലെ ഒരു പെരുമഴനേരത്താണ് മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍ജോര്‍ജ് ജീവിതത്തിലെ അവസാന ഫ്രെയിമും പകര്‍ത്തി മരണത്തിലേക്ക് പോയത്. ജോലിചെയ്തുകൊണ്ടിരിക്കെ, അല്ലെങ്കില്‍ ജോലിയോടുള്ള ആവേശത്തിനിടെ മരിച്ച മലയാളത്തിലെ ആദ്യ മാധ്യമ പ്രവര്‍ത്തകനായി വിക്ടര്‍. 2001 ജൂലായ് മാസം ഒന്‍പതിനായിരുന്നു ആ ദാരുണ സംഭവം.
ഇടുക്കിയിലെ വെള്ളിയാനി മലയിലെ ഉരുള്‍പൊട്ടലിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു വിക്ടര്‍ ജോര്‍ജ് എത്തിയത്. തോരാതെ പെയ്ത മഴയും ഉരുള്‍പൊട്ടലുമെല്ലാം അദ്ദേഹത്തിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു. മഴയുടെ രൗദ്രഭാവങ്ങള്‍ പകര്‍ത്തിയ വിക്ടര്‍ ജോര്‍ജ് ഉരുള്‍പൊട്ടുന്നതിന്റെ ഉറവിടം തേടി കുന്നുകയറി. ഉരുള്‍പൊട്ടിയ വഴിയിലൂടെയായിരുന്നു വിക്ടര്‍ നടന്നത്. നിമിഷങ്ങള്‍ക്കകം രണ്ടാമതും പൊട്ടിയൊലിച്ചു വന്ന കല്ലും വെളളവും നിറഞ്ഞ ഉരുള്‍ വിക്ടറിനെ മൂടി. മണ്ണിനടിയില്‍പെട്ട് കാണാതായ വിക്ടര്‍ ജോര്‍ജിന്റെ മൃതശരീരം രണ്ടാം ദിവസമാണ് കണ്ടെത്തിയത്. സമീപത്തുനിന്ന് വിക്ടറിന്റെ സന്തത സഹചാരിയായിരുന്ന നിക്കോണ്‍ എഫ്ഐ ക്യാമറയും കണ്ടെടുത്തു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രശേഖരമായ, വാഷിങ്ടണിലെ ‘ന്യൂസിയ’ത്തിലെ ജേണലിസ്റ്റ് മെമ്മോറിയല്‍ വോളില്‍ വിക്ടര്‍ ജോര്‍ജിനും ഒരിടമുണ്ട്. ജോലിക്കിടെ മരണം കവര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചുള്ളതാണ് ‘ന്യൂസിയ’ത്തിലെ ആ മെമ്മോറിയല്‍ വോള്‍. ‘ഇറ്റ്സ് റെയ്നിങ്’ എന്ന് പേരിട്ട വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചു. വിക്ടറിനു ശേഷം ഇപ്പോള്‍ മുകേഷും ജോലിക്കിടയില്‍ മരണപ്പെട്ടു. ജോലിയോടുള്ള ആത്മാര്‍ത്ഥതയും ആഗ്രഹവുമാണ് മുകേഷിനെയും മരണത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: