തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പത്താംക്ലാസ് വിജയിക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തില്‍ നിലവാരത്തകര്‍ച്ച ഉണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ മാറ്റംവരുത്തുന്നു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഹയര്‍സെക്കന്‍ഡറി മാതൃകയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന. ദേശീയ പരീക്ഷകളില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ പിന്നോട്ടുപോകുന്നതിന് കാരണം പഠനരീതിയിലെയും പരീക്ഷ മൂല്യനിര്‍ണയത്തിലെയും അപകാതയാണെന്ന് വിദ്യാഭ്യാസ വിദഗ്ധരടക്കം ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോള്‍നിരന്തര മൂല്യനിര്‍ണയ(സിഇ)ത്തിനുള്ള മാര്‍ക്കും പരീക്ഷാ മാര്‍ക്കും കൂടി 30 മാര്‍ക്കുണ്ടെങ്കില്‍ വിജയിക്കും. സിഇയുടെ 20 മാര്‍ക്കും വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നുണ്ട്. അതോടെ 10 മാര്‍ക്ക് മാത്രമാണ് പരീക്ഷയിലൂടെ വേണ്ടിവരിക. അതില്‍ മാറ്റം വരുത്തി ഒരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് പരീക്ഷയിലൂടെ നേടിയാല്‍ മാത്രമേ വിജയിക്കാനാകൂ. 40 മാര്‍ക്കിന്റെ പരീക്ഷയില്‍ മിനിമം 12 മാര്‍ക്കും 80 മാര്‍ക്കിന്റെ പരീക്ഷയില്‍ 24 മാര്‍ക്കുമാണ് നേടേണ്ടത്. എട്ടാം ക്ലാസില്‍ എല്ലാവരെയും വിജയിപ്പിക്കുന്ന രീതിക്കും മാറ്റം വരുത്താനുള്ള ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. അദ്ധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരുമായും കൂടിയാലോചിച്ച് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം.
നിലവിലെ മൂല്യനിര്‍ണയത്തില്‍ അപാകതകള്‍ ഏറെയാണ്. സിഇ മാര്‍ക്ക് നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ ഇല്ല. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സിഇ മാര്‍ക്ക് മുഴുവന്‍ നല്‍കുകയാണ്. വര്‍ഷങ്ങള്‍ക്ക്മുമ്പ് സിഇ മാര്‍ക്ക് നല്‍കുന്നതിന് മാനദണ്ഡവും നിരീക്ഷണവും ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് പിന്‍വലിച്ചു. ഇതോടെ എയിഡഡ്, അണ്‍എയിഡഡ് സ്കൂളുകളിലെല്ലാം സിഇ മാര്‍ക്ക് മുഴുവന്‍ നല്‍കിത്തുടങ്ങി. പിന്നാലെ സര്‍ക്കാര്‍ സ്കൂളുകളും ഈ രീതിയിലേക്ക് മാറി. ഒരുവിഷയത്തില്‍ 10 മാര്‍ക്കിന് വേണ്ടി മാത്രം പഠിച്ചാല്‍ മതിയെന്ന സ്ഥിതിയായി. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്തും വലിയ അപചയം ഉണ്ടാക്കി. ഹയര്‍സെക്കന്‍ഡറി പഠനത്തിനുള്‍പ്പെടെ എത്തുന്നവര്‍ക്ക് അടിസ്ഥാന വിവരംപോലും ഇല്ലാത്ത അവസ്ഥയെത്തി. ഫുള്‍ എപ്ലസ് നേടുന്നവര്‍ക്ക് സ്വന്തം പേരുപോലും എഴുതാനറയാത്ത അവസ്ഥയാണെന്ന് പലപഠനങ്ങളിലും വ്യക്തമായി. ഇതോടെയാണ് മിനിമം മാര്‍ക്കെന്ന പഴയ രീതിയിലേക്ക് സര്‍ക്കാര്‍ മടങ്ങുന്നത്. അതിനൊപ്പം സിഇ മാര്‍ക്കിന് മാനദണ്ഡം നിശ്ചയിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ വിദ്യാഭ്യാസ ഗുണനിലവാരം കുറച്ചൂകൂടി മെച്ചപ്പെടും. ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മാത്രമാണ് വ്യത്യസ്ത അഭിപ്രായങ്ങളുള്ളത്. എല്ലാവരുമായും കൂടിയാലോചിച്ചു മാത്രമേ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തൂ. ഇതുമായി ബന്ധപ്പെട്ട സമഗ്ര ചര്‍ച്ചകള്‍ നടത്തുന്നതിനായി വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇതില്‍ വരുന്ന നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ചാകും തീരുമാനം.
മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ഒരു ഗൗരവം ഉണ്ടാകും. അതിലൂടെ സമൂഹത്തിനാകെ ഗുണകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയശതമാനമുയര്‍ത്താന്‍ മൂല്യനിര്‍ണയം ഉദാരമാക്കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ എഴുത്തുപരീക്ഷയിലെ പ്രകടനത്തിന് അനുസരിച്ചുള്ള മാര്‍ക്കുകളാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: