പ്രചാരണത്തില്‍ കോണ്‍ഗ്രസിന് തൊട്ടതെല്ലാം പിഴയ്ക്കുന്നു. തൊടുക്കുന്ന അമ്പെല്ലാം തിരിഞ്ഞുകൊള്ളുന്ന അവസ്ഥ. ഒടുവില്‍ അമേരിക്കന്‍ അങ്കിള്‍ സാം പിത്രോദയുടെ കമന്റുകളും പുലിവാലാകുന്നു.
അമേരിക്കയിലെ പാരമ്പര്യനികുതി ഭാരതം മോഡലാക്കണമെന്ന പരാമര്‍ശമാണ് നേരത്തെ തിരിച്ചടിച്ചതെങ്കില്‍ ഭാരതത്തിന്റെ തെക്കന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ആഫ്രിക്കയില്നിന്നുള്ളവരുടെ പിന്മുറക്കാരാണെന്ന പ്രസ്താവന വലിയ കോളിളക്കമാണ് ഉണ്ടാക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ഉപദേശകനും ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാനുമാണ് സാം പിത്രോദ. സ്റ്റേറ്റ്സ്മാന് നല്കിയ അഭിമുഖത്തിലാണ് ഭാരതത്തിന്റെ തെക്കുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും കിഴക്കുള്ളവര്‍ ചൈനക്കാരെ പോലെയുമാണെന്ന് പിത്രോദ പറഞ്ഞത്.
സാം പിത്രോദയുടെ വാക്കുകള്‍ തിരിഞ്ഞുകൊത്തിയതോടെ പരാമര്‍ശത്തോട് വിയോജിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തി. ദൗര്‍ഭാഗ്യകരവും അസ്വീകാര്യവുമാണ് പ്രസ്താവനയെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. കോണ്‍ഗ്രസ് പൂര്‍ണമായും ഇത് തള്ളുകയാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ വാറങ്കലിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പിത്രോദയുടെ വംശീയ അധിക്ഷേപത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ജനങ്ങളോട് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങളുടെ സ്വത്ത് സംബന്ധിച്ച് എക്സ്റേ സര്‍വെ എടുക്കുമെന്നും നികുതി ഏര്‍പ്പെടുത്തുമെന്നുമൊക്കെയുള്ള കോണ്‍ഗ്രസ് വാദഗതികള്‍ വിവാദമായപ്പോഴാണ് നേരത്തെ പിത്രോദ പാരമ്പര്യ നികുതി പ്രയോഗവുമായി രംഗത്തെത്തിയത്. ജീവിച്ചിരിക്കുമ്പോഴും നികുതി, മരിച്ചാലും നികുതി എന്ന് പ്രധാനമന്ത്രി ഇത് തിരിച്ചടിച്ചതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി.
ബിജെപി അധികാരത്തിലെത്തിയാല്‍ ഭരണഘടന അട്ടിമറിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് തുടക്കത്തിലിറക്കിയ തുറുപ്പ് ചീട്ട്. എന്നാല്‍ അതും മോദി അതേ കാര്‍ഡിറക്കി വെട്ടി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങള്‍ക്ക് പങ്കുവയ്ക്കാനുള്ള കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നീക്കം ചൂണ്ടിക്കാട്ടി ഭരണഘടനയെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് മോദി തുറന്നടിച്ചു.
രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ മുസ്ലീങ്ങളായിരിക്കുമെന്ന് പ്രധാനമന്ത്രിയായിരിക്കെ ഡോ. മന്മോഹന് സിങ് നടത്തിയ പഴയ പ്രസംഗവും പ്രചരണായുധമായി. മുസ്ലീങ്ങള്‍ക്ക് ഒബിസി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള കര്‍ണാടക സര്‍ക്കാര്‍ നീക്കം കൂടിയായപ്പോള്‍ കോണ്‍ഗ്രസ് പരുങ്ങലിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: