ബെംഗളൂരു: കര്‍ണ്ണാടകയില്‍ ജനതാദള്‍ നേതാവ് പ്രജ്വല്‍ രേവണ്ണയെ ലൈംഗികചൂഷണക്കേസില്‍ പെടുത്തിയതും പിന്നീട് അദ്ദേഹത്തെ ഇന്ത്യയ്‌ക്ക് പുറത്തേക്ക് പറഞ്ഞയച്ചതും കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന ആക്ഷേപത്തില്‍ വെട്ടിലായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗിക വീഡിയോ പുറത്തുവിട്ട ഡ്രൈവറെ ഒളിപ്പിച്ചിരിക്കുന്നതും കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ് ജനതാദള്‍ നേതാവ് ദേവഗൗഡവും മകന്‍ കുമാരസ്വാമിയും.
ഈ ഡ്രൈവറെ ഇതുവരെയും കര്‍ണ്ണാടക സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട് ഇത്ര ദിവസമായിട്ടും പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത വീഡിയോ പുറത്തുവിട്ട ഡ്രൈവറെ പിടിച്ചില്ല എന്ന കുമാരസ്വാമിയുടെ ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വരയ്‌ക്ക് കഴിഞ്ഞിട്ടില്ല. പ്രജ്വല്‍ രേവണ്ണ ഇന്ത്യ വിട്ടത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന കോണ്‍ഗ്രസ് ആരോപണത്തെ ശക്തമായി കേന്ദ്രം നിഷേധിച്ചിരുന്നു. ഇതിന് പിന്നില്‍ കര്‍ണ്ണാടക സര്‍ക്കാരാണെന്നാണ് കുമാരസ്വാമി ആരോപിക്കുന്നത്.
ഇതെല്ലാം സിബിഐ അന്വേഷിക്കണമെന്ന ജനതാദള്‍ നേതാവ് കുമാരസ്വാമിയുടെ ആവശ്യത്തെ നിഷേധിക്കുകയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രി പരമേശ്വര. ഇതോടെ കര്‍ണ്ണാടക കോണ്‍ഗ്രസിന് എന്തോ ഒളിക്കാനുണ്ടെന്ന ആരോപണം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: