കൊച്ചി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുന്നതില്‍ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ മൃദു സമീപനം സ്വീകരിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കുറ്റത്തിന്റെ ആഴവും സംഭവിച്ച പരിക്കിന്റെ അവസ്ഥയും ശിക്ഷയില്‍ പ്രതിഫലിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞൂ. പ്രതികളുടെ കുറ്റസമ്മതം പരിഗണിച്ച് ഒരു കേസില്‍ ശിക്ഷ വിധിക്കുന്നതില്‍ ഉദാര സമീപനം സ്വീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കിയാണ് ജസ്റ്റിസ് പി. സോമരാജന് ഈ നിരീക്ഷണം നടത്തിയത്. കുറ്റം സമ്മതിക്കാനുള്ള അവകാശം കുറഞ്ഞ ശിക്ഷ ലഭിക്കാനുള്ള ഉപാധിയായി ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി.
പ്രതിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ആക്രമിച്ച പ്രതിക്ക് നാമമാത്രമായ ശിക്ഷ വിധിച്ച ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് തിരൂര്‍ സ്വദേശി ചേക്കുട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
2021 മാര്‍ച്ചില്‍ ചേക്കുട്ടിയെ അഷ്റഫ് എന്നയാള്‍ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും തലയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന് കേസ്. എന്നാല്‍ കോടതി നടത്തിയ വിചാരണയ്ക്ക് ശേഷം അഷ്റഫിന് 20,500 രൂപ പിഴ ചുമത്തി. ഒരാഴ്ചത്തെ തടവുശിക്ഷയും വിധിച്ചു.
അപ്പീല്‍ പരിഗണിക്കവേ, പ്രതി വന്നതുകൊണ്ടോ അഭിഭാഷകന് മുഖേന ഹാജരായതുകൊണ്ടോ കുറ്റം സമ്മതിച്ചതുകൊണ്ടോ കുറഞ്ഞ ശിക്ഷ മാത്രം അര്‍ഹിക്കുന്നില്ലെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇരയ്ക്ക് സംഭവിച്ച പരിക്കുകള്‍ പരിഗണിക്കണം. മജിസ്ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനായി വിചാരണക്കോടതിയിലേക്ക് മാറ്റി. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജൂണ്‍ 10ന് വിചാരണക്കോടതിയില്‍ ഹാജരാകാന്‍ പ്രതിയോട് ഹൈക്കോടതി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: