കൊച്ചി: ജില്ലാ-സംസ്ഥാനതല ഹോക്കി ചാമ്പ്യന്‍ഷിപ്പുകള്‍ നേരിട്ട് നടത്താന്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് യുവ ഹോക്കി താരങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചു.
കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ബെഞ്ച് ജൂണ്‍ മൂന്നിന് പരിഗണിക്കാനായി മാറ്റി. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നിയമിച്ച ഔദ്യോഗിക നിരീക്ഷകന്റെ സാന്നിധ്യമില്ലാതെ ഹോക്കി ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള അധികാരത്തെ ചോദ്യം ചെയ്ത് ഹര്‍ജിക്കാരായ കാള്‍ ലിയോണല്‍ പിന്‍ഹീറോ, ആഷ്ലിന് ജോസഫ്, എസ്സാന്‍ മൈക്കല്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേരള ഹോക്കിയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2022 മേയില്‍ നടന്നെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. കൂടാതെ, ഔദ്യോഗിക നിരീക്ഷകന്റെ സാന്നിധ്യമില്ലാതെയാണ് കേരള ഹോക്കി ചില ഹോക്കി ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തിയത്, അത് സ്പോര്‍ട്സ് ആക്ട് 2000 പ്രകാരം നിര്‍ബന്ധമാക്കിയിരുന്നു. ഉദ്യോഗസ്ഥന്റെ ഒപ്പും സീലും ഇല്ലാതെയാണ് കേരള ഹോക്കി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്നും ഹര്‍ജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: