ന്യൂദല്‍ഹി: അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗാളിലെ കാല്‍ലക്ഷത്തോളം വരുന്ന അധ്യാപന നിയമനങ്ങള്‍ റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
യോഗ്യത ഇല്ലാത്തവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ശമ്പളം തിരിച്ചടയ്ക്കേണ്ടിവരുമെന്ന നിര്‍ദ്ദേശത്തോടെയാണ് കേസില്‍ താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം തുടരാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. കേസ് ജൂലൈ 16ന് വിശദമായി പരിഗണിക്കും.
അധ്യാപന നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിക്കെതിരെ ഹര്‍ജിക്കാരുടെ അഭിഭാഷകനായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ ആരോപണം ഉന്നയിച്ചത് സുപ്രീംകോടതി തടഞ്ഞു. ഇത്തരം ആരോപണങ്ങള്‍ നിങ്ങളെ സഹായിക്കില്ലെന്നും കോടതിയില്‍ മര്യാദയോടെ പെരുമാറണമെന്നും ചീഫ് ജസ്റ്റിസ് ദവെയ്ക്ക് മുന്നറിയിപ്പ് നല്കി. 2016ല്‍ ആരംഭിച്ച അധ്യാപന നിയമന നടപടികളില്‍ വ്യാപകമായ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദ പരിശോധന നടന്നത്. അധ്യാപകരുടെ ഒഎംആര്‍ ഷീറ്റിലടക്കം വലിയ തിരിമറി കണ്ടെത്തുകയായിരുന്നു. 23 ലക്ഷം പേര് അപേക്ഷിച്ച പോസ്റ്റില്‍ വന്‍ തുക വാങ്ങി ടിഎംസി നേതാക്കള്‍ നിയമനം നടത്തിയെന്നാണ് പരാതി.
ബംഗാളിലെ മമതാ സര്‍ക്കാരിന്റെ അഴിമതി വ്യക്തമാക്കിയ കേസില്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അടക്കം നിരവധി പേര് അറസ്റ്റിലായിരുന്നു. ടിഎംസി എംഎല്‍എമാരായ മണിക് ഭട്ടാചാര്യയും കൃഷ്ണാ സാഹയും കേസിലെ പ്രതികളാണ്. ടിഎംസി നേതാക്കളായ ശന്തനു കുന്തു, കുന്തല് ഘോഷ് എന്നിവരെ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂലിന് സസ്പെന്‍ഡ് ചെയ്യേണ്ടിയും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: