അങ്കമാലി : ചെങ്ങമനാട് നൂറ് ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളെ പോലീസ് സാഹസികമായി പിടികൂടി. മട്ടാഞ്ചേരി കൊടികുത്തുപറമ്പ് സനൂപ് (26), ചക്കരയിടത്ത് അൻസിൽ (23), മട്ടാഞ്ചേരി ഷിനാസ് (25) ഇവരെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും മറ്റും സഹായിച്ച ഫോർട്ട് കൊച്ചി ചെമ്പിട്ട വീട്ടിൽ ഷഹീൽ ഖാൻ (27) കാഞ്ഞൂർ പാറപ്പുറം കണേലി മുഹമ്മദ് അസ്ലം (24) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്ന് ആഡംബരക്കാറിൽ രാസലഹരി കടത്തുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് കരിയാട് വച്ച് വാഹനം തടഞ്ഞു. അമിത വേഗത്തിൽ പോലീസിന്റെ ഇടയിലക്ക് വാഹനം ഓടിച്ചു കയറ്റി. സാഹസികമായാണ് പോലീസ് ഒഴിഞ്ഞു മാറിയത്. തുടർന്ന് വേഗത്തിൽ കടന്നു കളഞ്ഞ വാഹനത്തെ പോലീസ് പിന്തുടർന്നു. ചെങ്ങമനാട് വച്ച വാഹനത്തിലുണ്ടായിരുന്ന രാസലഹരി ബാഗുൾപ്പടെ പുറത്തേക്ക് വലിച്ചെറിഞ്ഞു.
തുടർന്ന് അപകടകരമായ രീതിയിൽ മയക്കുമരുന്ന് കടത്ത് സംഘം വാഹനം ഓടിച്ചു പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാത്രി തോപ്പുംപടി പഴയ പാലത്തിന് സമീപം പോലീസ് സംഘം മയക്കുമരുന്ന് ടീമിനെ വളഞ്ഞു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മയക്കുമരുന്ന് ടീമിനെ സാഹസികമായാണ് കീഴടക്കിയത്.
ആക്രമണത്തിൽ ഒരു പോലീസുദ്യോഗസ്ഥന് സാരമായി പരിക്ക് പറ്റി. വാഹനവും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ ആർ. കുമാർ, എസ്.ഐമാരായ സന്തോഷ് എബ്രഹാം, പി.കെ ബാലചന്ദ്രൻ , എ.എസ്.ഐമാരായ ഒ.ജി ജിയോ, സാജൻ, എസ്. ഷാനവാസ്, സി.പി.ഒ മാരായ എ.വി വിപിൻ , സി.എ ജെറീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: