പുര്‍ബ ബര്‍ധമാന്‍ (ബംഗാള്‍): അഴിമതിയുടെ ട്രാക്ക് റിക്കാര്‍ഡാണ് പ്രതിപക്ഷത്തിനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഝാര്‍ഖണ്ഡില്‍ ഇ ഡി നടത്തിയ വന്കള്ളപ്പണവേട്ട അതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റേത് ധനദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും കവര്‍ച്ചയുടെയും സര്‍ക്കാരാണെന്നും ബിജെപി ഇതിന് അന്ത്യം കുറിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അഴിമതിയാണ് പ്രതിപക്ഷത്തിന്റെ മുഖമുദ്ര. 12 ലക്ഷം കോടിയുടെ അഴിമതിയാണ് ഇന്‍ഡി മുന്നണിക്കാര്‍ നടത്തിയത്. ദീദിയുടെ മന്ത്രിമാരുടെ വീടുകളില്‍ നിന്ന് മാത്രം 50 കോടി രൂപ പിടിച്ചെടുത്തു. ഝാര്‍ഖണ്ഡിലെ ഒരു കോണ്‍ഗ്രസ് എംപിയുടെ വീട്ടില്‍ നിന്ന് 350 കോടി രൂപയാണ് ഇ ഡി കണ്ടെടുത്തത്. ഇക്കഴിഞ്ഞ രാത്രിയാണ് ഝാര്‍ഖണ്ഡില്‍ ഒരു മന്ത്രിയുടെ വീട്ടില്‍ നിന്ന് 30 കോടി രൂപ പിടിച്ചത്. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 23 വര്‍ഷമായി നരേന്ദ്ര മോദി തുടരുന്നു. നയാ പൈസയുടെ അഴിമതി ആരോപണം അദ്ദേഹത്തിന് നേരെ ഉണ്ടായിട്ടില്ല, ജനം ഇത് വിലയിരുത്തും, അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ ദുര്‍ഗാപൂര്‍ വ്യവസായനഗരമാകേണ്ടതാണ്. എന്നാല്‍ മമത അവിടെ കുറ്റകൃത്യങ്ങളുടെ കച്ചവടമാണ് നടത്തുന്നത്. ദുര്‍ഗാപൂരില്‍ ബിജെപിയെ തോല്പിക്കാന് പതിനഞ്ച് ദിവസമായി ദീദി ക്യാമ്പ് ചെയ്യുന്നുവെന്ന് കേള്‍ക്കുന്നു. അഞ്ച് വര്‍ഷം ഇവിടെത്തന്നെ താമസിച്ചാലും മമതയ്ക്ക് ദുര്‍ഗാപൂര്‍ കിട്ടില്ല.
സന്ദേശ് ഖാലിയില്‍ എന്താണ് അവര്‍ ചെയ്തത്. നൂറ് കണക്കിന് ആളുകളെയാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ പീഡിപ്പിച്ചത്. ഒരു കുറ്റവാളിയെപ്പോലും അറസ്റ്റ് ചെയ്യാന്‍ ദീദി തയാറായില്ല.
ഹൈക്കോടതി ഇടപെടും വരെ ഒരു അന്വേഷണം പോലുമുണ്ടായില്ല. നൂറ് കണക്കിന് സ്ത്രീകള്‍ നീതിക്കായി അലമുറയിടുമ്പോള്‍ മമത കുറ്റവാളികളുടെ തോളില്‍ കൈയിട്ട് നടക്കുകയായിരുന്നു, അമിത് ഷാ കുറ്റപ്പെടുത്തി.
മമതയെയും അനന്തരവനെയും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചു. എന്നാല്‍ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്ന് അവര്‍ പങ്കെടുത്തില്ല. നുഴഞ്ഞുകയറിയവരാണ് മമതയുടെ വോട്ട് ബാങ്ക്. ബംഗാള്‍ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ശ്രദ്ധയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: